ഷുഹൈബ് അക്തർ ഉൾപ്പെടെയുള്ള പാക് സിനിമാ-ക്രിക്കറ്റ് താരങ്ങളുടെ അക്കൗണ്ടുകൾക്ക് ഇന്ത്യയിൽ വീണ്ടും വിലക്ക്

ഇന്നലെ അക്കൗണ്ടുകളുടെ വിലക്ക് നീക്കിയിരുന്നു. പിന്നാലെയാണ് സര്‍ക്കാര്‍ വീണ്ടും തീരുമാനത്തില്‍ പുനഃപരിശോധന നടത്തിയത്

dot image

ന്യൂഡല്‍ഹി: പാക് ക്രിക്കറ്റ് താരങ്ങളുടെയും സിനിമ താരങ്ങളുടെയും സമൂഹമാധ്യമ അക്കൗണ്ടുകള്‍ക്ക് ഇന്ത്യയില്‍ വീണ്ടും വിലക്ക്. അഭിനേതാക്കളായ മവ്‌റ ഹൊകെയ്ന്‍, സബ ഖമര്‍, അഹദ് റസമിര്‍, യുംന സയ്ദി, ദാനിഷ് തയ്മൂര്‍ കായിക താരങ്ങളായ ഷാഹിദ് അഫ്രിദി, ഷുഹൈബ് അക്തര്‍ അടക്കമുള്ളവരുടെ എക്‌സ്, യൂട്യൂബ് അക്കൗണ്ടുകളാണ് വിലക്കിയത്. സര്‍ക്കാര്‍ നടത്തിയ അടിയന്തര പുനഃപരിശോധനയിലാണ് തീരുമാനം.

ഇന്നലെ അക്കൗണ്ടുകളുടെ വിലക്ക് നീക്കിയിരുന്നു. പിന്നാലെയാണ് സര്‍ക്കാര്‍ വീണ്ടും തീരുമാനത്തില്‍ പുനഃപരിശോധന നടത്തിയത്. താരങ്ങളുടെ അക്കൗണ്ടുകളും ഹം ടിവി, എആര്‍വൈ ഡിജിറ്റല്‍, ഹര്‍ പല്‍ ജിയോ എന്നീ വിനോദ ചാനലുകളും ഇന്ത്യയില്‍ ലഭ്യമായിരുന്നു. എന്നാല്‍ ഇന്ന് രാവിലെ ഇവ വീണ്ടും വിലക്കുകയായിരുന്നു. 'ഈ ഉള്ളടക്കം നിയന്ത്രിക്കാനുള്ള നിയമപരമായ അഭ്യര്‍ത്ഥന പാലിക്കുന്നതിനാല്‍ ഇന്ത്യയില്‍ അക്കൗണ്ട് ലഭ്യമാകില്ല', എന്നാണ് അക്കൗണ്ടുകളില്‍ കാണിക്കുന്ന സന്ദേശം.

പാകിസ്താന്‍ പൗരന്മാരുടെ വിനോദ ഉള്ളടക്കള്‍ക്ക് ഇന്ത്യയില്‍ ശാശ്വതമായ വിലക്ക് വേണമെന്ന് കഴിഞ്ഞ ദിവസം ഓള്‍ ഇന്ത്യാ സിനി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ (എഐസിഡബ്ല്യുഎ) ആവശ്യപ്പെട്ടിരുന്നു. പാകിസ്താനില്‍ നിന്നുള്ള പൂര്‍ണ ഡിജിറ്റല്‍, സാംസ്‌കാരിക വിച്ഛേദനം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് അസോസിയേഷന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു. പാകിസ്താന്‍ അഭിനേതാക്കളും ചാനലുകളും കാണുന്നത് തീവ്രവാദത്തിന് ഇരയായവരുടെ കുടുംബങ്ങളെ വൈകാരികമായി ആക്രമിക്കുന്നതാണെന്ന് എഐസിഡബ്ല്യുഎ എക്‌സില്‍ കുറിച്ചു. പുല്‍വാമ ആക്രമണത്തിന് ശേഷം ഇന്ത്യന്‍ സിനിമകള്‍ പാകിസ്താനിലും വിലക്കുണ്ടെന്ന് അവര്‍ പറഞ്ഞു.

ഏപ്രില്‍ 22ലെ പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യയും പാകിസ്താനും തമ്മിലുണ്ടായ സംഘര്‍ഷത്തിനിടയിലായിരുന്നു പാക് താരങ്ങളുടെ സോഷ്യല്‍മീഡിയാ അക്കൗണ്ടുകള്‍ വിലക്കിയത്. പഹല്‍ഗാം ഭീകരാക്രമണത്തില്‍ 26 പേരാണ് കൊല്ലപ്പെട്ടത്. ഈ ആക്രമണത്തിന് തിരിച്ചടിയായി മെയ് ഏഴിന് പാകിസ്താനിലും പാക് അധിനിവേശ കശ്മീരിലും ഒമ്പത് തീവ്രവാദ കേന്ദ്രങ്ങള്‍ ഇന്ത്യ ആക്രമിച്ചിരുന്നു. ഓപ്പറേഷന്‍ സിന്ദൂര്‍ എന്നായിരുന്നു ഈ നടപടിക്ക് ഇന്ത്യ നല്‍കിയ പേര്.

ബഹവല്‍പൂര്‍, മുരിഡ്കെ അടക്കമുള്ള ഒന്‍പത് ഭീകരകേന്ദ്രങ്ങളിലാണ് മെയ് ഏഴ് അര്‍ധരാത്രി ഇന്ത്യ ആക്രമണം നടത്തിയത്. ബഹാവല്‍പൂരിലെ ജയ്‌ഷെ ആസ്ഥാനമായിരുന്നു ഇന്ത്യ തകര്‍ത്തത്. മുരിഡ്കയിലെ ലഷ്‌കര്‍ ആസ്ഥാനവും തകര്‍ത്തിരുന്നു. നൂറിലധികം ഭീകരരെയാണ് ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂരില്‍ വധിച്ചത്. ഒന്‍പത് ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തു. യൂസഫ് അസര്‍, അബ്ദുള്‍ മാലിക് റൗഫ്, മുദാസീര്‍ അഹമ്മദ് തുടങ്ങിയ ഭീകരരും ഇന്ത്യയുടെ തിരിച്ചടിയില്‍ കൊല്ലപ്പെട്ടിരുന്നു. ഒടുവില്‍ ഇരു രാജ്യങ്ങളും വെടിനിര്‍ത്തല്‍ കരാറിലൂടെ ആക്രമണ-പ്രത്യാക്രമണങ്ങള്‍ അവസാനിപ്പിക്കുകയായിരുന്നു.

Content Highlights: Pakistan Cricket and Cinema stars Social media accounts again ban in India

dot image
To advertise here,contact us
dot image