
ടെൽ അവീവ്: ഗാസയിൽ വെടിനിർത്തലിന് ഇസ്രയേൽ സമ്മതിച്ചുവെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വെളിപ്പെടുത്തലിന് പിന്നാലെ ഹമാസിനെ പൂർണമായും ഇല്ലാതാക്കുമെന്ന പ്രഖ്യാപനവുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഹമാസിനെ പൂർണമായും ഇല്ലാതെയാക്കുമെന്നും, ഇനി ഹമാസ്ഥാൻ ഉണ്ടാകില്ലെന്നും അതിൽ നിന്ന് ഇസ്രയേൽ ഒരിക്കലും പിന്നോട്ട് പോകില്ലെന്നും നെതന്യാഹു പറഞ്ഞു. 'അവർ തീർന്നു. അവർ ബന്ദികളാക്കിവെച്ച നമ്മുടെ പൗരന്മാരെ നമ്മൾ മോചിപ്പിക്കും. അവരുടെ അടിവേരറുക്കും'; നെതന്യാഹു കൂട്ടിച്ചേർത്തു. ഹമാസിനെതിരെ ഇസ്രയേൽ വെടിനിർത്തലിന് സമ്മതിച്ചു നെതന്യാഹുവിന്റെ ഈ പ്രസ്താവന വീണ്ടും ആശയക്കുഴപ്പം സൃഷ്ടിച്ചിരിക്കുകയാണ്.
അറുപത് ദിവസത്തേയ്ക്കുള്ള വെടിനിർത്തൽ കരാറിന് ഇസ്രയേൽ സമ്മതിച്ചുവെന്നായിരുന്നു ട്രൂത്ത് സോഷ്യലിലൂടെ അമേരിക്കൻ പ്രസിഡൻ്റ് വ്യക്തമാക്കിയത്. അത്യാവശ്യമായ ധാരണകൾക്ക് ഇസ്രയേൽ സമ്മതിച്ചുവെന്നായിരുന്നു ട്രംപ് ചൂണ്ടിക്കാണിച്ചിരുന്നത്. താൽക്കാലിക വെടിനിർത്തലിന് ഹമാസ് സമ്മതിക്കുമെന്ന പ്രതീക്ഷയും ട്രംപ് പങ്കുവെച്ചിരുന്നു.
അറുപത് ദിവസത്തെ വെടിനിർത്തൽ കരാറിനിടെ യുദ്ധത്തിൽ പങ്കാളികളായവരുമായി ശ്വാശ്വതമായി യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾ നടത്തുമെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. ഈജിപ്തും ഖത്തറും സമാധാനം കൈവരിക്കുന്നതിനായി ഏറെ പ്രയത്നിച്ചെന്നും ഇരുരാജ്യങ്ങളും വെടിനിർത്തൽ കരാറിൻ്റെ അന്തിമധാരണ തയ്യാറാക്കുമെന്നും ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ വ്യക്തമാക്കിയിരുന്നു. മധ്യപൂർവ്വേഷ്യയുടെ നല്ലതിനായി ഈ കരാറിനോട് ഹമാസ് അനുകൂലമായി പ്രതികരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ട്രംപ് പറഞ്ഞിട്ടുണ്ട്.
അമേരിക്കയുടെ പിന്തുണയുള്ള 60 ദിവസത്തെ വെടിനിർത്തൽ കരാറിലെ നിർദ്ദേശങ്ങൾ ഖത്തറിൻ്റെ ഉദ്യോഗസ്ഥർ ഹമാസിനും ഇസ്രയേലിനും നൽകിയതായാണ് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നത്. ഇസ്രയേലിൻ്റെ തന്ത്രപരമായ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന മന്ത്രി റോൺ ഡെർമർ വാഷിംഗ്ടൺ സന്ദർശിച്ച അതേ ദിവസം തന്നെയായിരുന്നു ഖത്തർ ധാരണകൾ കൈമാറിയതെന്നാണ് റിപ്പോർട്ട്. അമേരിക്കൻ ഉദ്യോഗസ്ഥരുമായുള്ള ചർച്ചകൾക്കായാണ് റോൺ ഡെർമർ വാഷിംഗ്ടണിലെത്തിയത്. നേരത്തെ ഇറാൻ-ഇസ്രയേൽ സംഘർഷം അവസാനിപ്പിക്കുന്നതിനായും ഇടപെടൽ നടത്തിയത് ഖത്തറായിരുന്നു. നേരത്തെ വെടിനിർത്തലിനായി അമേരിക്ക മുന്നോട്ടുവെച്ച നിർദ്ദേശങ്ങൾ ഹമാസ് തള്ളിക്കളഞ്ഞിരുന്നു.
നേരത്തെ ഉയർന്ന വെടിനിർത്തൽ കരാറിൽ ഹമാസ് ചൂണ്ടിക്കാണിച്ചിരുന്ന വിഷയങ്ങൾ കൂടി പരിഗണിച്ചാണ് ഖത്തർ പുതിയ വെടിനിർത്തൽ നിർദ്ദേശങ്ങൾ തയ്യാറാക്കിയിരിക്കുന്നതെന്നാണ് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നത്. വെടിനിർത്തൽ കാലയളവിൽ ഇസ്രയേലിലെ പലസ്തീനി തടവുകാരെ വിട്ടയയ്ക്കുന്നതിന് പകരമായി ഗാസയിലെ ഇസ്രയേലി ബന്ദികളെ ഹമാസും വിട്ടയയ്ക്കുമെന്ന ധാരണ കരാറിലുണ്ടെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ കരാറിന്റെ ഉള്ളടക്കത്തെക്കുറിച്ച് വൈറ്റ്ഹൗസ് പ്രതികരിച്ചിട്ടില്ല.
Content Highlights: Netanyahu says he will destroy gaza to the last foundations