ഞാൻ അവളുടെ അച്ഛനുമല്ല, കാമുകനുമല്ല, ഇത് സിനിമയാണ്; ഫാത്തിമ സന ഷെയ്ഖിനെ നായികയാക്കിയതിനെക്കുറിച്ച് ആമിർ

'ഈ സിനിമയില്‍ അവള്‍ എങ്ങനെ നിങ്ങളുടെ കാമുകിയാകും? പ്രേക്ഷകര്‍ അത് തള്ളിക്കളയും.' ഇവരുടെ ഈ വാദം എനിക്ക് അംഗീകരിക്കാന്‍ പറ്റുമായിരുന്നില്ല'

dot image

ആമിർ ഖാൻ - ഫാത്തിമ സന ഷെയ്ഖ് എന്നിവർ പ്രധാനവേഷത്തിൽ എത്തിയ ചിത്രമായിരുന്നു തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍. 2018-ല്‍ തിയേറ്ററിലെത്തിയ ഈ ചിത്രം ബോക്‌സോഫീസില്‍ വൻ പരാജയമായിരുന്നു. ദീപിക പദുക്കോണ്‍, ആലിയ ഭട്ട് തുടങ്ങിയ മുന്‍നിര നായികമാരെല്ലാം ഈ പ്രൊജക്റ്റ് നിരസിച്ചതിനെ തുടർന്നാണ് നിര്‍മാതാവ് ആദിത്യ ചോപ്രയും സംവിധായകന്‍ വിജയ് കൃഷ്ണയും ഫാത്തിമ സന ഷെയ്ഖിനെ നായികയായി നിര്‍ദേശിക്കുന്നതെന്ന് പറയുകയാണ് ആമിർ ഖാൻ. 'ലല്ലന്‍ടോപ്പി'ന് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.

'അന്ന് ആദിക്കും വിക്ടറി (വിജയ് കൃഷ്ണ) നും ഇതൊരു വലിയ തലവേദനയായിരുന്നു. ആ സിനിമയ്ക്ക് ഒരു നായികയും സമ്മതം മൂളിയില്ല. ദീപിക, ആലിയ, ശ്രദ്ധ എല്ലാവരും വേണ്ടെന്ന് പറഞ്ഞു. 'അവസാനം, വിക്ടര്‍ ഫാത്തിമയുമായി മുന്നോട്ട് പോയി. വിക്ടറും ആദിയും പറഞ്ഞു, 'ഫാത്തിമയുടെ ടെസ്റ്റ് നല്ലതാണ്, നമുക്ക് അവളെ എടുക്കാം, പക്ഷേ നിങ്ങളോടൊപ്പം പ്രണയരംഗങ്ങള്‍ ഉണ്ടാകില്ല. കാരണം അവള്‍ ആ സിനിമയില്‍ (ദംഗല്‍) നിങ്ങളുടെ മകളാണ്. ഈ സിനിമയില്‍ അവള്‍ എങ്ങനെ നിങ്ങളുടെ കാമുകിയാകും? പ്രേക്ഷകര്‍ അത് തള്ളിക്കളയും.' ഇവരുടെ ഈ വാദം എനിക്ക് അംഗീകരിക്കാന്‍ പറ്റുമായിരുന്നില്ല. 'ഇതിലൊന്നും ഞാന്‍ വിശ്വസിക്കുന്നില്ല. ഞാന്‍ അവളുടെ അച്ഛനുമല്ല, അവളുടെ കാമുകനുമല്ല. നമ്മള്‍ സിനിമ ചെയ്യുകയാണ് സഹോദരാ…' എന്ന് ഞാന്‍ അവര്‍ രണ്ട് പേര്‍ക്കും മറുപടി നല്‍കി.

ബച്ചന്‍ രാഖിയുടെ കാമുകനായും മകനായും അഭിനയിച്ചിട്ടുണ്ട്. അദ്ദേഹം വഹീദ (റഹ്‌മാന്‍) ജിയ്‌ക്കൊപ്പവും ഇത്തരത്തില്‍ അഭിനയിച്ചിട്ടുണ്ട്. ആദിയും വിക്ടറുമൊക്കെ പറയുന്നതുപോലെ പറഞ്ഞാല്‍ നമ്മള്‍ പ്രേക്ഷകരെ കുറച്ചുകാണുന്നതിന് തുല്യമാണ്. എന്നാൽ സിനിമ കണ്ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. എനിക്കത് മനസ്സിലായില്ലെന്ന് ഞാന്‍ അവരോട് പറഞ്ഞു. ആദ്യം ഞാന്‍ തമാശ പറയുകയാണെന്ന് അവര്‍ കരുതി. ഇത് ഒരു ദിവസം പോലും ഓടില്ലെന്ന് ഞാന്‍ അവരോട് പറഞ്ഞു. എന്നാല്‍ ഞാന്‍ അതില്‍ ഇടപെടുന്നത് അവര്‍ ഇഷ്ടപ്പെട്ടില്ല. സിനിമയുടെ സംവിധായകനും നിര്‍മ്മാതാവും അവരാണ്. അന്തിമ തീരുമാനം അവരുടേതാണ്,' ആമിര്‍ ഖാന്‍ പറഞ്ഞു.

Content Highlights:  Aamir khan on casting Fatima Sana Shaikh as the heroine

dot image
To advertise here,contact us
dot image