7 എമിറേറ്റ്‌സ്, 11 നഗരങ്ങൾ, 1200 കിലോമീറ്റർ;ഞെട്ടിക്കാൻ ഒരുങ്ങി ഇത്തിഹാദ് റെയിൽ, 2026 സർവീസ് തുടങ്ങും

വിമാനങ്ങളിലെ വിവിധ ക്ലാസുകൾക്ക് സമാനമായി 2+2 എന്ന ഫോർമാറ്റിലായിരിക്കും സീറ്റുകൾ വിന്യസിക്കുക

dot image

ദുബായിയുടെ അടിസ്ഥാന ഗതാഗത സൗകര്യങ്ങളിൽ അമ്പരപ്പിക്കുന്ന മാറ്റം വരുത്താന്‍ ഇത്തിഹാദ് റെയിൽ 2026ൽ സർവീസ് ആരംഭിക്കും. യുഎഇ ദേശീയ റെയിൽവേ പദ്ധതിയായ ഇത്തിഹാദ് റെയിൽ രാജ്യത്തിന്റെ ഗതാഗത മേഖലയിൽ വലിയ മാറ്റമുണ്ടാക്കുമെന്നാണ് കരുതുന്നത്. ട്രാൻസ്പോർട്ട് ഓപ്പറേറ്ററുടെ പ്രസ്താവനയിലാണ് തീരുമാനം അറിയിച്ചത്.

പദ്ധതി തുടങ്ങി അഞ്ച് ദശാബ്ദങ്ങൾക്ക് ശേഷം യുഎഇയുടെ ജിഡിപിയിലേക്ക് ഇത്തിഹാദ് റെയിൽ 145 ബില്ല്യൺ (3.3 ലക്ഷം കോടി ഇന്ത്യൻ രൂപ) ഡോളർ എത്തിക്കുമെന്നാണ് കരുതപ്പെടുന്നത്. ഇത്തിഹാദ് റെയിൽ സർവീസ് ആരംഭിക്കുന്നതോടെ അബുദാബിയിൽ നിന്ന് ദുബായിലേക്കുള്ള സഞ്ചാര സമയം പകുതിയായി കുറയും. ദേശീയ റെയിൽ ശൃംഖലയുടെ ഏറ്റവും പുതിയ പുരോഗതി ഭരണാധികാരിയുടെ അൽ ദഫ്ര മേഖലയിലെ പ്രതിനിധി ഷെയ്ഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാനോട് വിശദീകരിച്ചതായി ഇത്തിഹാദ് റെയിൽ വ്യക്തമാക്കി.


ഇത്തിഹാദ് റെയിൽ ഏതെല്ലാം നഗരങ്ങളെ ബന്ധിപ്പിക്കും

ഏഴ് എമിറേറ്റ്സിൽ നിന്നായി 11 നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന 1,200 കിലോമീറ്റർ ദൈർഘ്യമുള്ള ശൃംഖലയാണിത്. നഗരങ്ങൾ തമ്മിലുള്ള കണക്ടിവിറ്റി ഉയർത്തുന്നതിനും, വേഗത്തിലുള്ള യാത്രയ്ക്കുമായി രൂപകൽപ്പന ചെയ്തിട്ടുള്ള ഇത്തിഹാദ് റെയിൽ പദ്ധതി രാജ്യ വികസനത്തിന്റെ സുപ്രധാന ചുവടുവയ്പ്പാണ്.

ഇത്തിഹാദ് റെയിൽ കണക്ട് ചെയ്യുന്ന പ്രധാന നഗരങ്ങൾ

  1. അബുദാബി
  2. ദുബായ
  3. ഷാർജ
  4. റാസൽഖൈമ
  5. ഫുജൈറ
  6. അൽ എയ്ൻ
  7. റുവൈസ്
  8. അൽ മിർഫ
  9. അൽ ദൈദ്
  10. ഘുവൈഫത്ത്
  11. സോഹാർ

ഇത്തിഹാദ് റെയിലിന്റെ ശ്രദ്ധേയമായ സവിശേഷതകളിലൊന്ന് അതിന്റെ വേഗതയാണ്. ഇത്തിഹാദ് മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിൽ വരെ സർവീസ് നടത്തും. ഉദാഹരണത്തിന് അബുദാബിയിൽ നിന്ന് ദുബായ വരെ യാത്രക്കാരന് വെറും 57 മിനിട്ട് കൊണ്ട് എത്താൻ സാധിക്കും.

യാത്ര സമയം

  1. അബുദാബി മുതൽ ദുബായ് വരെ ഏകദേശം 57 മിനിട്ട്
  2. അബുദാബി മുതൽ റുവൈസ് വരെ 70 മിനിട്ട്
  3. അബുദാബി മുതൽ ഫുജൈറ വരെ 1 മണിക്കൂർ 45 മിനിട്ട്
  4. ദുബായ മുതൽ ഫുജൈറ വരെ 50 മിനിട്ട്

ടിക്കറ്റ് നിരക്ക്

ദുബായിൽ ജീവിക്കുന്നവർക്കും, വിനോദ സഞ്ചാരികൾക്കും, തൊഴിലാളികൾക്കുമെല്ലാം ഒരുപോലെ സ്വീകാര്യമാകുന്ന രീതിയിലായിരിക്കും ടിക്കറ്റ് നിരക്കുകൾ. നിലവിലെ പൊതുഗതാഗതങ്ങളിലും ഉപയോഗിക്കാൻ കഴിയുന്ന തരത്തിലുള്ള ഏകീകൃത ടിക്കറ്റായിരിക്കും ഇത്തിഹാദിന് ഉണ്ടാവുക. 2009ൽ ആരംഭിച്ച ഇത്തിഹാദ് ഇതിനോടകം തന്നെ നഗരങ്ങൾക്കിടയിൽ ചരക്കുഗതാഗതം ആരംഭിച്ചിട്ടുണ്ട്.

പ്രത്യേകതകള്‍

ഇത്തിഹാദ് റെയിലിന് സ്റ്റൈലിഷ് ഇന്റീരിയറും, സുഖപ്രദമായ ഇരിപ്പിടങ്ങളുമെല്ലാം അടങ്ങിയ ആഡംബര കോച്ചുകളും ഉണ്ടായിരിക്കും. ഫസ്റ്റ്, എക്കണോമിക്, ബിസിനസ് ക്ലാസുകളിലായി 400ലധികം യാത്രക്കാരെ ഉൾക്കൊള്ളാൻ ഓരോ ട്രെയിനിനും കഴിയും. സൗജന്യ വൈഫൈ, ഇൻഫോടെയിൻമെന്റ് സംവിധാനങ്ങൾ, ചാർജിങ് പോയിന്റുകൾ, ഏസി എന്നീ സംവിധാനങ്ങളും ട്രെയിനിൽ ഉണ്ടായിരിക്കും.

വിമാനങ്ങളിലെ വിവിധ ക്ലാസുകൾക്ക് സമാനമായി 2+2 എന്ന ഫോർമാറ്റിലായിരിക്കും സീറ്റുകൾ വിന്യസിക്കുക. കമ്പാർട്ട്മെന്റുകൾ വേർതിരിക്കാൻ ഇലക്ട്രിക് ഡോറുകൾ ഉണ്ടായിരിക്കും. കൂടാതെ എല്ലാവർക്കും കാണാവുന്ന തരത്തിൽ സ്ഥലം, എത്തുന്ന സമയം തുടങ്ങിയ വിവരങ്ങൾ പ്രദേർശിപ്പിക്കുന്ന സ്‌ക്രീനുകൾ ഉണ്ടായിരിക്കും.

Content Highlights: Etihad Rail To Launch Passenger Service in 2026

dot image
To advertise here,contact us
dot image