രോഹിത്തിന്‍റെ ലക്ഷ്വറി കളക്ഷനിലെ രണ്ടാമത്തെ ലംബോർഗിനി; നമ്പർ ഇച്ചിരി സ്പെഷ്യലാണ്, ഡീകോഡ് ചെയ്ത് സോഷ്യല്‍ മീഡിയ

കാറിന്റെ നമ്പർ‌ പ്ലേറ്റും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്

dot image

തന്റെ വാഹനശേഖരത്തിലേക്ക് രണ്ടാമത്തെ ലംബോർ​ഗിനിയും കൂട്ടിച്ചേർത്ത് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സൂപ്പർ ക്യാപ്റ്റൻ രോഹിത് ശർമ. രോഹിത് ശര്‍മയുടെ ഗ്യാരേജില്‍ ആദ്യമെത്തിയത് റെഗുലര്‍ ഉറുസ് ആയിരുന്നെങ്കില്‍ ഇപ്പോള്‍ പ്ലഗ് ഇന്‍ ഹൈബ്രിഡ് മോഡലായ ഉറുസ് എസ്ഇയാണ് അദ്ദേഹം സ്വന്തമാക്കിയത്. ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില 4.57 കോടി രൂപയും ഓണ്‍റോഡ് വില അഞ്ച് കോടിക്ക് മുകളിലുമാണ്. ലംബോര്‍ഗിനിയുടെ ഹൈബ്രിഡ് സാങ്കേതികവിദ്യയില്‍ തയ്യാറാക്കിയ രണ്ടാമത്തെ മോഡലാണിത്.‌

രോഹിത്തിന് കൈമാറുന്നതിനായി വാഹനം കൊണ്ടുപോകുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യൽ മീ‍ഡിയയിൽ വൈറലാവുന്നത്. ആദ്യത്തെ മോഡലില്‍ നിന്ന് വ്യത്യസ്തമായി ഓറഞ്ച് നിറത്തിലുള്ള ഉറുസാണ് അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത്.

കാറിന്റെ നമ്പർ‌ പ്ലേറ്റും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്. MH01CQ3015 ആണ് പുത്തൻ ലം​ബോർ​ഗിനിയുടെ നമ്പർ. 30 രോഹിത്തിന്റെ മകൾ സമൈറയുടെ ജന്മദിനവും 15 മകൻ അഹാന്റെ ജന്മദിനവുമാണ് സൂചിപ്പിക്കുന്നതെന്നാണ് സോഷ്യല്‍ മീഡിയയിലെ ആരാധകർ ഡീകോഡ് ചെയ്തത്. 30+15= 45 രോഹിത് ശർമയുടെ ജേഴ്സി നമ്പർ കൂടിയാണ്. രോഹിത്തിന്റെ ബുദ്ധിപരമായ സെലക്ഷനും ആരാധക പ്രശംസ ഏറ്റുവാങ്ങുകയാണ്.

മാട്രിക് എല്‍ഇഡി ഹെഡ്‌ലാമ്പും കൂടുതല്‍ അഗ്രസീവ് ഭാവമുള്ള ഗ്രില്ലുമാണ് മുഖ്യ ആകര്‍ഷണം. ഇന്റീരിയറില്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 12.3 ഇഞ്ച് വലിപ്പത്തിലുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, കണ്‍ട്രോള്‍ പാനല്‍ എന്നിവ ഉള്‍പ്പെടെ മൂന്ന് ഡിജിറ്റല്‍ സ്‌ക്രീനുകള്‍ നല്‍കിയിട്ടുണ്ട്. ഷിഫ്റ്റ് സെലക്ടറിന് സമീപം ഇലക്ട്രിക് കരുത്തിലേക്കും ഡ്രൈവിങ് മോഡുകള്‍ മാറ്റുന്നതിനുമുള്ള രണ്ട് പെഡലുകള്‍ നല്‍കിയിട്ടുണ്ട്.

4.0 ലിറ്റര്‍ വി8 പെട്രോള്‍ എന്‍ജിന്‍ 620 ബിഎച്ച്പി പവറും 800 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ഇതിന് പുറമെ ഇലക്ട്രിക് മോട്ടോറിന്റെ കരുത്ത് കൂടി ചേര്‍ന്നാല്‍ 800 ബിഎച്ച്പി പവറും 950 എന്‍എം ടോര്‍ക്കും ലഭിക്കും. എട്ട് സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് ഉറുസ് എസ്ഇയില്‍ നല്‍കിയിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും കരുത്തുറ്റ പ്ലഗ് ഇന്‍ ഹൈബ്രിഡ് എസ്‌യുവിയെന്ന നിലയിലാണ് ഈ മോഡല്‍ പരിചയപ്പെടുത്തപ്പെടുന്നത്.

പ്ലഗ് ഇന്‍ ഹൈബ്രിഡ് സാങ്കേതികവിദ്യയിലൂടെ ഇ.വി.ഡ്രൈവ്, ഹൈബ്രിഡ്, റീചാര്‍ജ്, പെര്‍ഫോമന്‍സ് എന്നീ നാല് മോഡുകള്‍ ലഭ്യമാണ്. മുന്‍ മോഡലിലെ കോര്‍സ, സ്ട്രാഡ, സ്പോര്‍ട്ട്, നീവ്, സാബിയ, ടെറ മോഡുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 25.9 കിലോവാട്ട് ബാറ്ററി പാക്ക് ഉള്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ ഇലക്ട്രിക് കരുത്തില്‍ 60 കിലോമീറ്റര്‍ വരെ യാത്ര ചെയ്യാന്‍ കഴിയുമെന്നാണ് നിര്‍മാതാക്കള്‍ നല്‍കുന്ന ഉറപ്പ്.

Content Highlights: Rohit Sharma adds second Lamborghini Urus to his luxury collection

dot image
To advertise here,contact us
dot image