
ഇന്ത്യയിൽ താമസമാക്കിയ യുഎസ് വനിതയ്ക്ക് എത്ര ആലോചിച്ചിട്ടും ഇന്ത്യക്കാരുടെ ഈ ഒരു സ്വഭാവം എന്താണെന്ന് മനസിലാവുന്നില്ലത്രേ.. ഏത് സ്വഭാവമാണെന്ന് പറഞ്ഞ് തരാം. എന്ത് പരിപാടിക്ക് ക്ഷണിച്ചാലും താമസിച്ചേ ഇന്ത്യക്കാർ അതിനെത്തൂ എന്നാണ് ക്രിസ്റ്റൺ ഫിഷർ എന്ന യുവതി പറയുന്നു. കണ്ട് കണ്ട് അതിപ്പോൾ തനിക്ക് ശീലമായി, പക്ഷേ എന്തുകൊണ്ടാണ് ഈ ഇന്ത്യക്കാർ ഇങ്ങനെയെന്ന് മനസിലാവുന്നില്ലെന്നാണ് ഇൻസ്റ്റഗ്രാം പോസ്റ്റിൽ ഫിഷർ പറയുന്നത്.
ജോലി, സ്‌കൂൾ, ഫ്‌ളേറ്റ് എന്നിങ്ങനെ കൃത്യസമയത്തിന് എത്തിച്ചേരേണ്ട ഇടങ്ങളിൽ കൃത്യമായി തന്നെ എത്തുന്ന ഇവർ, പക്ഷേ ഒരു പാർട്ടി, ഇവന്റ്, ഡിന്നർ, ഒത്തുചേരൽ എന്നിവ സംഘടിപ്പിച്ചാൽ വൈകി മാത്രമേ എത്താറുള്ളു. ഒരു ബർത്ത്‌ഡേ പാർട്ടിക്ക് വൈകിട്ട് ആറു മണിക്കേ താൻ എത്തിയപ്പോൾ, സ്വന്തം ബർത്ത്‌ഡേ ആഘോഷിക്കാൻ, ബർത്ത്‌ഡേക്കാരൻ എത്തിയത് രാത്രി ഒമ്പത് മണിക്കാണെന്ന് ഫിഷർ പരാതിപ്പെടുന്നുണ്ട്. തനിക്ക് ഇതുവരെ മനസിലാക്കാൻ പറ്റാത്ത ഇന്ത്യക്കാരുടെ സംസ്‌കാരങ്ങളിൽ ഒന്നാണ് ഈ രീതിയെന്നും അവർ പറയുന്നു.
അഞ്ച് ലക്ഷത്തിലധികം പേരാണ് ഫിഷറിന്റെ ഇൻസ്റ്റ വീഡിയോ ഇതുവരെ കണ്ടിരിക്കുന്നത്. നൂറോളം പേരാണ് പോസ്റ്റിന് കമന്റിട്ടിരിക്കുന്നത്. ഫിഷറിന്റെ സംശയം വളരെ ശരിയാണെന്ന് പലരും സമ്മതിച്ചിട്ടുണ്ട്. മറ്റുള്ളവർ താമസിക്കുമെന്ന് ഇന്ത്യക്കാർക്ക് അറിയാം. ഇതിനെയാണ് പ്രശസ്തമായ ഇന്ത്യൻ സ്റ്റാൻഡേർഡ് ടൈമിംഗ് എന്ന് പറയുന്നത് എന്നൊക്കെ കമന്റുകൾ തുരുതുരെ വരുന്നുണ്ട്. കാര്യം ശരിയല്ലെങ്കിലും എന്താണ് ഞങ്ങൾ ഇങ്ങനെയെന്നറിയില്ലെന്നാണ് മറ്റൊരാൾ കുറിച്ചത്. പലപ്പോഴും നേരത്തെ പോയി നാണംകെട്ടതിനാൽ ഇപ്പോൾ അരമണിക്കൂറെങ്കിലും വൈകിയേ ഇത്തരം പരിപാടികൾക്ക് പോകാറുള്ളുവെന്നാണ് വേറൊരാളുടെ കമന്റ്.
തീർന്നില്ല, ഇതൊരു യൂണിവേഴ്‌സൽ ട്രൂത്താണ് അതിനെ വിവരിക്കാൻ കഴിയില്ല, അതിങ്ങനെയാണ് എന്നാണ് ഏറ്റവും മികച്ച കമന്റായി എല്ലാവരും തിരഞ്ഞെടുത്തിരിക്കുന്നത്. നാലു വർഷം മുമ്പാണ് കുടുംബത്തോടൊപ്പം ഫിഷർ ഇന്ത്യയിൽ വന്നിട്ട്. ഇന്ത്യയിൽ കുടിയേറിയത് തനിക്ക് ഏറ്റവും നല്ല അനുഭവമാണെന്നും ഒരുപാട് നല്ല മനുഷ്യരെ പരിചയപ്പെടാൻ സാധിച്ചെന്നുമാണ് ഫിഷർ പറയുന്നത്.
Content Highlights: I don't know why Indians behave like this says US Woman