
കൃത്യവും, നിശിതവും, അതീവഗുരുതരവുമായ ചോദ്യങ്ങൾ ഭരണഘടനാ സ്ഥാപനമായ തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ ഉയർത്തുന്നതിൻറെ പേരിൽ ഇന്ത്യയുടെ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ 'വിഡ്ഢിയും, പപ്പുവും, തോൽവിയും, അമുൽബേബിയു'മാക്കി പരിഹസിക്കുന്ന സർവജ്ഞരോടാണ്…. ജനാധിപത്യത്തെ ഹൈജാക്ക് ചെയ്യുന്ന അപകടകരമായ വഴികളിലൂടെയാണ് സുതാര്യതയും നിഷ്പക്ഷതയും നഷ്ടപ്പെട്ട തിരഞ്ഞെടുപ്പ് കമ്മിഷൻ ഇന്ത്യയെ ഇന്ന് നയിക്കുന്നത്. ഇവിടെ ഇന്ന് നിശബ്ദത കാണിക്കുന്നവർ നാളെ സമഗ്രാധിപത്യത്തെ അരിയിട്ട് വാഴിക്കാനും മുന്നിലുണ്ടാകും. ഉറപ്പാണ്.
തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗങ്ങളും ബിജെപി നേതാക്കളും രാഹുൽ ഗാന്ധിയെ പരിഹസിക്കുന്നതിന് മുൻപ് ഓർക്കേണ്ട ഒരു കാര്യമുണ്ട്. ശൂന്യതയിൽ നിന്നും ഉണ്ടായ ഒന്നല്ല, ഇന്ത്യയിലെ തിരഞ്ഞെടുപ്പ് പ്രക്രിയയിലെ സുതാര്യതയും, നൈതികതയും. നേരും നെറിയുമുണ്ടായിരുന്ന കുറെ മനുഷ്യർ അവരുടെ വിയർപ്പിൽ നിന്നും ആത്മസമർപ്പണത്തിൽ നിന്നും പടുത്തുയർത്തിയ മഹത്തായ സ്ഥാപനമാണത്..
ലോകചരിത്രത്തിലെ സമാനതകളിൽ ഇല്ലാത്ത ഒരു ചൂതാട്ടമായിരുന്നു, 1951 ഒക്ടോബർ 25 മുതൽ 1952 ഫെബ്രുവരി 21 വരെയുള്ള നാലു മാസക്കാലം ഇന്ത്യയിൽ നടന്നത്. സാർവത്രിക വോട്ടവകാശത്തെ അടിസ്ഥാനമാക്കിയ ആദ്യത്തെ പൊതു തിരഞ്ഞടുപ്പ്. ആ തീരുമാനം എളുപ്പമായിരുന്നില്ല. ലക്ഷക്കണക്കിന് ജനങ്ങൾ പലായനം ചെയ്ത, ഏകദേശം പത്തു ലക്ഷം പേരുടെ മരണത്തിനു ഇടയാക്കിയ, വിഭജനത്തിന്റെ മുറിവുകൾ അപ്പോഴും ഇന്ത്യയിൽ നീറുന്നുണ്ടായിരുന്നു. ഭക്ഷ്യക്ഷാമം, നിരക്ഷരത, പട്ടിണി, നാട്ടുരാജ്യങ്ങളുടെ സംയോജനം, സങ്കീർണ്ണമായ സാമൂഹ്യ വിഭജനം തുടങ്ങിയ നിരവധി പ്രതിസന്ധികളിൽ പെട്ടുഴലുന്ന ഇന്ത്യയിൽ ഒരു ജനാധിപത്യദേശരാഷ്ട്രത്തിന്റെ സ്വാഭാവിക ഉദയത്തിനു വേണ്ടിയുള്ള പല ഘടകങ്ങളും കാണാനില്ലായിരുന്നു. എന്നിട്ടും, ഓരോ ഇന്ത്യക്കാരനിലുള്ള തന്റെ അചഞ്ചലമായ വിശ്വാസം നൽകിയ ആത്മധൈര്യത്തിൽ നെഹ്റു അസാധാരണമായ ആ രാഷ്ട്രീയ ചൂതാട്ടത്തിന് ഇറങ്ങി. 1928 ലെ മോത്തിലാൽ നെഹ്റു റിപ്പോർട്ടിൽ തന്നെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഉറപ്പ് നൽകിയിരുന്ന ഒന്നായിരുന്നു സുതാര്യമായ സാർവത്രിക വോട്ടവകാശം. ആ ഉത്തരവാദിത്വം ഒരു തപസ്യ പോലെ ഏറ്റെടുത്ത് വിജയിപ്പിച്ചത് സുകുമാർസെൻ ആയിരുന്നു. ആദ്യത്തെ തിരഞ്ഞെടുപ്പ് കമ്മിഷണർ!
അത്യന്തം ശ്രമകരമായ ഒരു ദൌത്യമാണ് സുകുമാർ സെൻ ഏറ്റെടുത്തത്. ലോകസഭയിൽ 489 സീറ്റുകൾ ആയിരുന്നു ഉണ്ടായിരുന്നത്. ഓരോ സ്ഥാനാർഥിക്കും പല നിറത്തിലുള്ള ബാലറ്റ് പെട്ടികൾ നൽകുകയും, ഓരോ പെട്ടിക്കും മുകളിൽ സ്ഥാനാർഥിയുടെ പേരും ചിഹ്നവും രേഖപ്പെടുത്തുകയും ചെയ്തിരുന്നു. 36.1 കോടി ജനസംഖ്യയുണ്ടായിരുന്ന ഇന്ത്യയിൽ റെജിസ്റ്റർ ചെയ്തത് 17.32 കോടി വോട്ടർമാർ. കാലാവസ്ഥയും, ഭൂമിശാസ്ത്രവും, ഉദ്യോഗസ്ഥന്മാരുടെ പരിമിതികളും ഒക്കെ കണക്കിലെടുത്തുകൊണ്ടു 68 ഘട്ടങ്ങൾ ആയിട്ടായിരുന്നു തിരഞ്ഞെടുപ്പ് നടത്തിയത്.1,96084 പോളിങ് ബൂത്തുകളാണു രാജ്യമൊട്ടാകെ ഉണ്ടായിരുന്നത്. ബാലറ്റ് പേപ്പറുകൾ അച്ചടിച്ചിരുന്നത് നാസിക്കിലെ ഇന്ത്യാ സെക്യൂരിറ്റി പ്രസ്സിൽ ആയിരുന്നു. തിരഞ്ഞെടുപ്പിൽ മൽസരിച്ച 1874 സ്ഥാനാർഥികളിൽ 533 സ്വതന്ത്രരും ഉണ്ടായിരുന്നു.
21 വയസ്സിനു മുകളിൽ പ്രായമുള്ള ഓരോ വോട്ടർമാരെയും കണ്ടെത്തുകയും, ചിഹ്നങ്ങളും ബൂത്തുകളും ബാലറ്റ് പേപ്പറുകളും ചുരുങ്ങിയ സമയത്തിനുള്ളിൽ തയ്യാറാക്കുകയും, ചെങ്കുത്തായ മലനിരകളും കൊടുംകാടും പുഴകളും കടന്ന് വിദൂരമായ ആദിവാസിഊരുകളിൽ വരെ പോളിങ് സ്റ്റേഷനുകൾ സ്ഥാപിക്കുകയും അനുപമമായ മികവോടെ ഫലപ്രഖ്യാപനം നടത്തുകയും ചെയ്തത് തിരഞ്ഞെടുപ്പ്കമ്മീഷന്റെ മികവാണ്. പുതിയ പാലങ്ങൾ പണിതും, കാളവണ്ടികളും, തോണികളും, തീവണ്ടികളും,നാവികസേനാ കപ്പലുകളും ഹെലികോപ്റ്ററുകളും ഉപയോഗിച്ചും, ദിവസങ്ങളോളം നടന്നും ഒക്കെയാണ് തിരഞ്ഞെടുപ്പ് പ്രക്രിയ നടത്തിയത്. ഏഴുലക്ഷം പോളിങ് ഓഫീസർമാരും, 16523 ക്ലറിക്കൽ സ്റ്റാഫും, മൂന്നരലക്ഷത്തോളം പോലീസുകാരും ഈ 'മഹാപ്രസ്ഥാന'ത്തിൽ പങ്കാളികളായി.
അക്കാലത്ത് ഉത്തരേന്ത്യയിൽ പലയിടത്തും സ്ത്രീകൾ സ്വന്തം പേര് പറയാൻ വിസമ്മതിക്കുകയും, 'ഇന്നയാളിന്റെ ഭാര്യ' എന്ന് മാത്രം പറയുകയും ചെയുന്ന ആചാരം നിലവിലുണ്ടായിരുന്നു. സ്വന്തമായി പേര് പറയാത്ത, സ്വന്തം ഇച്ഛാശക്തി ഉപയോഗിക്കാത്ത ഒരൊറ്റ വോട്ടറും ഉണ്ടാകരുത് എന്ന കമ്മീഷന്റെ നിശ്ചയദാർഡ്യം മൂലം പേര് പറയാൻ വിസമ്മതിച്ച 2.8 ദശലക്ഷം സ്ത്രീവോട്ടർമാരുടെ പേരുകൾ നിഷ്‌ക്കരുണം തള്ളിക്കളയാൻ സുകുമാർസെൻ തീരുമാനിച്ചതും ചരിത്രത്തിലെ അപൂർവതയാണ്. ഇന്ത്യൻ സിവിൽ സർവീസ് സുകുമാർ സെന്നിന് പിന്നിൽ എണ്ണയിട്ട യന്ത്രം പോലെ ചലിച്ചപ്പോൾ, ഒരിക്കൽ പോലും തിരഞ്ഞെടുപ്പ് പ്രക്രിയയിൽ അനാവശ്യമായി ഇടപെടാതെ ജവഹർലാൽ നെഹ്രുവും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സും ജനാധിപത്യപ്രക്രിയയുടെയും തിരഞ്ഞെടുപ്പ് കമ്മീഷൻ എന്ന ഭരണഘടനാ സ്ഥാപനത്തിന്റെയും അന്തസ്സ് നിലനിർത്തി. അങ്ങനെയാണ് പിന്നീട് ലോകം മുഴുവൻ അത്ഭുതത്തോടെ വീക്ഷിച്ച ഇന്ത്യ എന്ന ജനാധിപത്യ രാഷ്ട്രത്തിന് ശക്തവും നൈതികവുമായ അടിത്തറ കെട്ടി ഉയർത്തപെട്ടത്. കൂരിരുട്ട് നിറഞ്ഞ വഴിയിലൂടെ ജനാധിപത്യത്തിന്റെ നറുനിലാവിലേക്കു നിർഭയം നടന്നടുത്ത ഒരെയൊരു രാജ്യമായി പാശ്ചാത്യ മാധ്യമങ്ങൾ അന്ന് ഇന്ത്യയെ വാഴ്ത്തി.
അന്ന്, നെഹ്രുവിന്റെ മറ്റു നയങ്ങളെപ്പോലെ തീവ്രവലതുപക്ഷം സാർവത്രിക വോട്ടവകാശത്തെയും എതിർത്തിരുന്നു. പക്ഷെ, ഇന്ത്യയിൽ ആദ്യ തിരഞ്ഞെടുപ്പ് നടക്കുന്നതിനു ഏതാനും ദിവസങ്ങൾക്കു മുൻപ്, ഒക്ടോബർ 21 ന്, ശിവജിയുടെയും റാണാ പ്രതാപിന്റെയും, ഗീതോപദേശത്തിന്റെയും ചിത്രങ്ങൾ കൊണ്ട് അലങ്കരിച്ച ഹാളിൽ, വേദമന്ത്രങ്ങൾ മുഴങ്ങവേ ശ്യാമപ്രസാദ് മുഖർജി ജനസംഘം രുപീകരിച്ചു. തിരഞ്ഞെടുപ്പിൽ പങ്കാളികൾ ആയി. വിഭജനത്തിന്റെ പശ്ചാത്തലത്തിൽ കടുത്ത വർഗീയ വിഷം നിറഞ്ഞ പ്രസംഗം നടത്തി അവർ നെഹ്റുവിന് എതിരെ ഹൈന്ദവ വികാരം ഉണർത്താൻ ശ്രമിച്ചു. അക്ഷോഭ്യനായ നെഹ്റു ഒരിടത്തും വർഗീയപരാമർശം നടത്തിയില്ല. പകരം 'ഇന്ത്യ എന്ന ആശയത്തിന് ' വേണ്ടി വോട്ട് ചെയ്യാൻ ജനങ്ങളോട് അഭ്യർത്ഥിച്ചു. ഒടുവിൽ 364 സീറ്റും 44.9% വോട്ടും നേടി 'നെഹ്രുവിയൻ ഇന്ത്യ' ജയിച്ചപ്പോൾ വെറും മൂന്ന് സീറ്റ് ആണ് കാളകൂടം വിഷം രാജ്യം നിറയെ തുപ്പിയ ജനസംഘത്തിനു ലഭിച്ചത്!
ഓർക്കുക, ആ ജനസംഘത്തിൻറെ പിന്മുറക്കാരാണ്, ഇന്ന് രാഹുൽ ഗാന്ധിയെ രാജ്യവിരുദ്ധനും, പൊട്ടനും, വിഡ്ഢിയുമാക്കാൻ ശ്രമിക്കുന്നത്. ശൂന്യതയിൽ നിന്നും മഹത്തായ ഒരു തിരഞ്ഞെടുപ്പ് നടത്തിയ സുകുമാർ സെന്നിൻറെ കസേരയിൽ ഇന്ന് ഇരിക്കുന്നവർ, ഈ ഡിജിറ്റൽ യുഗത്തിൽ പ്രതിപക്ഷ നേതാവിന് പരിശോധിക്കാൻ നൽകിയത് ഒരു വലിയ കടലാസ് കെട്ടാണ് എന്നുകൂടി ഓർക്കുക! എവിടെ എത്തി നിൽക്കുന്നു, നമ്മുടെ സംവിധാനങ്ങൾ?
രാഷ്ട്രീയ ഇടപെടൽ നടത്താതെ, സുതാര്യമായി, കുറ്റമറ്റ ഒരു തിരഞ്ഞെടുപ്പ് സംവിധാനം കെട്ടിയുയർത്തിയ പാരമ്പര്യമുള്ള ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതാവാണ് രാഹുൽ ഗാന്ധി. ഒട്ടനവധി മനുഷ്യരുടെ ത്യാഗത്തിന്റെ, ചോരയുടെ, വിയർപ്പിന്റെ ഫലമായ തിരഞ്ഞെടുപ്പ് കമ്മിഷൻ എന്ന സ്ഥാപനം, ഭരണഘടനാപരവും നൈതികവുമായ ഉത്തരവാദിത്വങ്ങളിൽ നിന്നും വ്യതിചലിക്കുമ്പോൾ സ്വാഭാവികമായും അദ്ദേഹം അത് ചോദ്യം ചെയ്യും. എല്ലായ്‌പ്പോഴും എളുപ്പവഴിയിൽ ക്രിയ ചെയ്ത് ശീലിച്ചവർക്ക് അത് മനസിലാകില്ല. ഇക്കാര്യത്തിൽ നിശബ്ദത പാലിക്കുന്ന മാധ്യമങ്ങളോടും, പൌരന്മാരോടും ഒന്നേ പറയാനുള്ളൂ.
What a fall my countrymen!
Content Highlights: Sudha Menons on Rahul Gandhi's allegation against BJP and Election Commission