
നിയമം പരിശോധിക്കുന്നത് വിജയ് ബാബുവിന്റെ സർട്ടിഫിക്കറ്റ് അല്ലെന്ന് സാന്ദ്ര തോമസ്. ആർക്കോ വേണ്ടി ഓക്കാനിക്കുന്നവർ സമൂഹത്തിൽ അപഹാസ്യരാവാതിരിക്കാൻ സൂക്ഷിക്കുകയെന്നും അസോസിയേഷന്റെ കീപോസ്റ്റിൽ നിയമപരമായി തനിക്ക് മത്സരിക്കാമെന്നും സാന്ദ്ര പറഞ്ഞു. വിജയ് ബാബു സാന്ദ്രക്കെതിരെ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെയാണ് സാന്ദ്രയുടെ ഈ മറുപടി.
'ചിലരുടെ നിലനിൽക്കാത്ത കുതന്ത്രങ്ങൾ മറനീക്കി പുറത്തു വരുന്നു, ഒരു തമാശയായി മാത്രം നമുക്കതിനെ കാണാം. ഞാൻ 2016 വരെ ഫ്രൈഡേ ഫിലിം ഹൗസിന്റെ മാനേജിങ് പാർട്ണർ ആയിരുന്നു എന്ന് വിജയ് ബാബു സമ്മതിച്ചു കഴിഞ്ഞിരിക്കുന്നു, മറ്റൊരു അർത്ഥത്തിൽ ഫ്രൈഡേ ഫിലിം ഹൗസിന്റെ പേരിൽ 2016 വരെ പുറത്തുവന്ന സെൻസർഷിപ്പ് ക്രെഡിറ്റും മാനേജിങ് പാർട്ണർ ആയിരുന്ന എന്റെ പേരിലാണെന്നും ഇതിൽനിന്നും വ്യക്തമാണ്. 2016ന് ശേഷം ഫ്രൈഡേ ഫിലിം ഹൗസിൽ ഞാനൊരു അവകാശവാദവും ഉന്നയിച്ചിട്ടില്ല. എന്റെ വാദം കേരളാ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ നിയമാവലി പ്രകാരം ഞാൻ മാനേജിങ് പാർട്ണർ ആയിരുന്നപോളുള്ള എല്ലാ സിനിമകളുടെയും സെൻസർഷിപ്പ് ക്രെഡിറ്റ് എന്റെ പേരിൽ ഉള്ളതാണെന്നാണ്. അതിനാൽ KFPAയുടെ റെഗുലർ മെമ്പർ ആയ എനിക്ക് അസോസിയേഷന്റെ കീപോസ്റ്റിൽ നിയമപരമായി മത്സരിക്കാം, അതിനെ നിയമപരമായി ഖണ്ഡിക്കാവുന്ന ഒന്നും വിജയ്ബാബുവിന്റെ പോസ്റ്റിലില്ല. ഞാൻ പാർട്ണർഷിപ്പ് ഒഴിഞ്ഞൊ ഒഴിഞ്ഞില്ലയോ എന്നുള്ളത് ഇവിടെ തർക്കവിഷയമേ അല്ല എന്നാൽ 2016 വരെ ഫ്രൈഡേ ഫിലിം ഹൗസിന്റെ മാനേജിങ് പാർട്ണർ ആയിരുന്നു എന്നുള്ളത് തർക്കമറ്റ വസ്തുതയാണ്'.
'നിയമം പരിശോധിക്കുന്നത് വിജയ്ബാബുവിന്റെ സർട്ടിഫിക്കറ്റ് അല്ല, മറിച്ച് അസോസിയേഷന്റെ ബെലോയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ആണ് നിയമത്തിന്റെ കണ്ണിൽ എങ്ങനെ എന്നുള്ളതാണ്, അത് കോടതി വിലയിരുത്തും. ആർക്കോ വേണ്ടി ഓക്കാനിക്കുന്നവർ സൂക്ഷ്മത പുലർത്തിയാൽ സമൂഹത്തിൽ അപഹാസ്യരാവാതിരിക്കാമെന്ന് ഓർത്താൽ നന്ന്', സാന്ദ്ര ഫേസ്ബുക്കിൽ കുറിച്ചു.
അതേസമയം, നിർമാതാക്കളുടെ ഭാരവാഹി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രസിഡന്റ് സ്ഥാനത്തേക്ക് സാന്ദ്ര തോമസ് നൽകിയ പത്രിക തള്ളിയിരുന്നു. ട്രഷറർ, പ്രസിഡന്റ് സ്ഥാനങ്ങളിലേക്കാണ് സാന്ദ്ര പത്രിക സമർപ്പിച്ചിരുന്നത്. ഇത് രണ്ടുമാണ് തള്ളിയത്. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ മൂന്ന് സിനിമകൾ നിർമിക്കണമെന്ന് മാനദണ്ഡം ഉണ്ടായിരുന്നു. എന്നാൽ ലിറ്റിൽ ഹാർട്സ്, നല്ല നിലാവുള്ള രാത്രി എന്നീ രണ്ട് ചിത്രങ്ങൾ മാത്രമായിരുന്നു പുതിയ പ്രൊഡക്ഷന്‍ ഹൗസായ സാന്ദ്ര തോമസ് പ്രൊഡക്ഷന്‍സിന്‍റെ കീഴില്‍ നിർമിച്ചത്. ഈ കാരണം കാണിച്ചാണ് പത്രിക തള്ളിയത്. തുടര്‍ന്ന് സാന്ദ്ര തോമസ് കോടതിയെ സമീപിക്കുകയായിരുന്നു.
Content Highlights: Sandra Thomas Slams back on Vijay Babu about friday film house