ബസ് കൃത്യമായി സ്റ്റോപ്പിൽ നിർത്തിയില്ലെങ്കിൽ ഇനി പണി പാളും; ഡല്‍ഹിയില്‍ കര്‍ശന നിയന്ത്രണം

ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനാണ് ഇന്ത്യയിലെ ഏറ്റവും വലിയ പൊതുഗതാഗത ബസ് ശൃംഖല കൈകാര്യം ചെയ്യുന്നത്

dot image

അമിതവേഗതയില്‍ ചീറിപ്പായുന്നു, ബസ്റ്റോപ്പുകളില്‍ നിന്നും കൃത്യമായി ആളെ എടുക്കുന്നുമില്ല പലയിടത്തും സ്റ്റോപ്പുകള്‍ മറികടന്ന് പോകുന്നു തുടങ്ങിയ പരാതികളുടെ എണ്ണം വര്‍ധിച്ചതോടെ പുതിയ പദ്ധതി ആരംഭിക്കാന്‍ ഒരുങ്ങുകയാണ് ഡല്‍ഹി സര്‍ക്കാര്‍. ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും നിര്‍ബന്ധമായും പദ്ധതിയുടെ ഭാഗമായുള്ള പരിശീലന പരിപാടിയില്‍ പങ്കെടുക്കണമെന്ന് കഴിഞ്ഞ ദിവസം അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

തലസ്ഥാനത്തെ ബസ് സര്‍വീസുകളില്‍ ജനങ്ങള്‍ക്ക് നഷ്ടപ്പെട്ട വിശ്വാസം വീണ്ടെടുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ഗതാഗത മന്ത്രി ഡോ പങ്കജ് കുമാര്‍ സിങ് പറഞ്ഞു. ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ പൊതുജനാഭിപ്രായം കൂടുതല്‍ മികച്ചതാകാന്‍ ഡല്‍ഹി സര്‍ക്കാര്‍ ഒരു മാസ്റ്റര്‍ പ്ലാന്‍ തന്നെയാണ് തയ്യാറാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇതിന്റെ ഭാഗമായി കണ്ടക്ടര്‍മാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും നിരന്തരം പരിശീലനം നല്‍കും. ഇതില്‍ പ്രധാന ശ്രദ്ധ നല്‍കുന്നത് ധാര്‍മിക മൂല്യങ്ങള്‍, കസ്റ്റമര്‍ സര്‍വീസ്, സുരക്ഷിതമായുള്ള ഡ്രൈവിംഗ് രീതികള്‍ എന്നിവയിലാണ്.

നിലവില്‍ ഡല്‍ഹിയിലെ ബസുകളിലെല്ലാം സിസിടിവി നിരീക്ഷണ സംവിധാനങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ട്. ഇതിലൂടെ തന്നെ ഡ്രൈവര്‍മാരുടെയും കണ്ടക്ടര്‍മാരുടെയും പെരുമാറ്റം സഹിതം നിരീക്ഷിക്കാന്‍ പ്രത്യേക സംവിധാനം ഒരുക്കും. ഇതിനൊപ്പം റെഗുലര്‍ കൗണ്‍സിലിങും ഇവര്‍ക്ക് ഉറപ്പാക്കും. സിസിടിവി ഫൂട്ടേജുകളിലൂടെ അമിതവേഗത, സിഗ്നലുകള്‍ ലംഘിക്കല്‍, അനാവശ്യമായി ബസ് നിര്‍ത്തുന്ന രീതി, വാതിലുകള്‍ തുറന്നിട്ടുള്ള സര്‍വീസ് എന്നിവ കണ്ടെത്താന്‍ സാധിക്കും.

പരിശീലനം നിര്‍ബന്ധമാക്കിയതിനൊപ്പം ഇവയില്‍ പങ്കെടുക്കാത്തവര്‍ക്കെതിരെ നടപടികളും കൃത്യമായി സ്വീകരിക്കും. നിരന്തരമായി പരാതികള്‍ ലഭിക്കുന്ന കാര്യങ്ങളില്‍ പരിഹാരം ഉറപ്പാക്കുകയാണ് ലക്ഷ്യമിടുന്നത്. ഇതിനൊപ്പം യാത്രക്കാര്‍ക്ക് എപ്പോള്‍ വേണമെങ്കിലും നിയമലംഘനങ്ങള്‍ ചൂണ്ടിക്കാട്ടാന്‍ ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റ് ഹെല്‍പ്പ്‌ലൈനില്‍ ബന്ധപ്പെടുകയും ചെയ്യാം. ബസ് യാത്ര സുരക്ഷിതമാക്കുക മാത്രമല്ല, കൂടുതല്‍ മികച്ചതും വിശ്വസനീയവുമാക്കാനാണ് ഈ മാറ്റങ്ങളെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനാണ് ഇന്ത്യയിലെ ഏറ്റവും വലിയ പൊതുഗതാഗത ബസ് ശൃംഖല കൈകാര്യം ചെയ്യുന്നത്. പക്ഷേ യാത്രക്കാരുടെ ഭാഗത്ത് നിന്നും നിരന്തരമായ പരാതിയാണ് പല വിഭാഗങ്ങള്‍ക്കെതിരെ ഉയര്‍ന്നത്. പുത്തന്‍ പരിശീലന പരിപാടി വലിയ തോതില്‍ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. നന്നായി നടപ്പാക്കാന്‍ സാധിച്ചാല്‍ നിരത്തുകള്‍ സുരക്ഷിതമാകും, യാത്ര സുഖകരമാകും ഒപ്പം യാത്രക്കാരും ബസ് ജീവനക്കാരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് അടക്കം പരിഹാരമാവുകയും ചെയ്യും.


Content Highlights: Delhi governments new reforms in Delhi Transport Corporation

dot image
To advertise here,contact us
dot image