സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട...ഇരുചക്രവാഹനം ഓടിക്കുന്നവരോട് എംവിഡിക്ക് ചിലത് പറയാനുണ്ട്

അപകടമരണങ്ങളില്‍ 40 ശതമാനത്തോളം ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെട്ട കേസുകളിലാണ് സംഭവിക്കുന്നത്

dot image

നിരവധി ആളുകളുടെ ജീവനാണ് ഒരു ദിവസം ഇരുചക്രവാഹന അപകടത്തെ തുടര്‍ന്ന് റോഡുകളില്‍ പൊലിയുന്നത്. പ്രധാനമായും അമിതവേഗതയാണ് പല വാഹന അപകടത്തിനും പിന്നില്‍. ഇത്തരത്തില്‍ അമിത വേഗതയില്‍ വാഹനം ഓടിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് മോട്ടോര്‍ വെഹിക്കിള്‍ വകുപ്പ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

നിങ്ങള്‍ക്കറിയാമോ?റോഡിലെ അപകടമരണങ്ങളില്‍ 40 ശതമാനത്തോളം ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെട്ട കേസുകളിലാണ് സംഭവിക്കുന്നത്. ഇത്തരം വാഹനമോടിക്കുന്നവരോട് ( ഓടിക്കാനനുവദിക്കുന്നവരോടും ) താഴെ പറയുന്ന കാര്യങ്ങള്‍ ഒന്നുകൂടി ഓര്‍മിപ്പിക്കുന്നു.

Also Read:

  1. സ്വന്തമായി ബാലന്‍സ് ഇല്ലാത്ത ഒരു മെഷിന്‍ ആണ് ഞാന്‍ കൈകാര്യം ചെയ്യുന്നത് എന്ന ധാരണ ഉണ്ടാവണം.
  2. രണ്ടു പേര്‍ക്ക് മാത്രം സഞ്ചരിക്കാവുന്ന വണ്ടിയാണ് ടു വീലര്‍.
  3. ഡ്രൈവറും പില്യന്‍ റൈഡറും (പുറകിലിരിക്കുന്നവര്‍) ബി ഐ എസ് നിലവാരമുള്ള ഹെല്‍മെറ്റ് കൃത്യമായി ധരിച്ചിരിക്കണം. (വെറുതെ ഇട്ടാല്‍ പോര - ചിന്‍ സ്ട്രാപ് കൃത്യായി ലോക്ക് ചെയ്ത് ധരിക്കുക.)
  4. ഇരുവശത്തും റിയര്‍വ്യൂ മിറര്‍ ഉണ്ടെന്നും കൃത്യമായ സമയത്ത് അതിലൂടെ മറ്റു വാഹനങ്ങളുടെ സാന്നിധ്യം മനസിലാക്കുകയും ചെയ്യുക.
  5. നാലു വയസില്‍ താഴെയുള്ള കുട്ടികളെ കയറ്റേണ്ടി വരുമ്പോള്‍ ബേബി ഹെല്‍മെറ്റ് കൂടാതെ സേഫ്റ്റി ഹാര്‍ന്നസ് ( സുരക്ഷാ ബെല്‍ട്ട്) കൊണ്ട് ഡ്രൈവറോട് ചേര്‍ത്ത് ബന്ധിക്കുകയും വേഗത 40 കിലോമീറ്ററില്‍ കവിയാതെ ഓടിക്കുകയും ചെയ്യുക.
  6. റോഡു സാഹചര്യങ്ങള്‍ അനുസരിച്ച് നിയന്ത്രിത വേഗതയില്‍ മാത്രം സഞ്ചരിക്കുക. ഒരിക്കലും 60 കിലോമീറ്റര്‍ എന്ന വേഗപരിധി ലംഘിക്കരുത്.
  7. വലതു വശത്തുകൂടി മാത്രം മറികടക്കുക.
  8. സിഗ്‌നലുകള്‍ നല്‍കാനല്ലാതെ ഹാന്റില്‍ ബാറില്‍ നിന്ന് കൈ എടുക്കരുത്.
  9. മുന്‍പേ പോകുന്ന വാഹനത്തില്‍ നിന്ന് സുരക്ഷിത അകലം പാലിക്കുക.
  10. വശങ്ങളിലേക്ക് തിരിയുമ്പോള്‍ നേരത്തേ തന്നെ സിഗ്‌നലുകള്‍ നല്‍കുക.
  11. വളവുകള്‍ എത്തുന്നതിനു മുന്‍പ് തന്നെ വേഗത കുറക്കുക.
  12. അയഞ്ഞ് ആടുന്ന വസ്ത്രങ്ങള്‍ ധരിച്ച് യാത്ര ചെയ്യരുത്.
  13. മദ്യപിച്ചോ, മൊബൈല്‍ സംസാരിച്ചുകൊണ്ടോ വാഹനമോടിക്കരുത്.
  14. ഓടിക്കൊണ്ടിരിക്കുന്ന മറ്റൊരു വാഹനത്തിന്റെ ഭാഗങ്ങളില്‍ പിടിക്കുകയോ, കാല്‍ കൊണ്ട് തള്ളുകയോ ചെയ്യരുത്.
  15. കുട ചൂടിയുള്ള യാത്ര ഒഴിവാക്കുക
  16. പിറകിലിരിക്കുന്നവരോട് രണ്ടു വശങ്ങളിലും കാല്‍ വച്ച് ഇരിക്കാന്‍ പറയുക.
  17. കൊച്ചു കുട്ടികള്‍ ഉള്ള വാഹനം നിര്‍ത്തിയിടേണ്ടി വരുമ്പോള്‍ ചാവി ഊരി കയ്യില്‍ പിടിക്കുക.
  18. രാത്രി കാലങ്ങളില്‍ എതിരെ വാഹനം വരുമ്പോഴും, ഒരു വാഹനത്തിന് തൊട്ടുപുറകില്‍ പോകുമ്പോഴും, തെരുവ് വിളക്ക് പ്രകാശിക്കുമ്പോഴും ഹെഡ് ലൈറ്റ് ഡിം ചെയ്യുക.
  19. ഒരു വാഹനത്തിന്റെ ബ്ലൈന്റ് സ്‌പോട്ടില്‍ തുടര്‍ച്ചയായി പെടാതിരിക്കാന്‍ ശ്രമിക്കുക.
  20. ഒരു റോഡിലേക്ക് പ്രവേശിക്കുമ്പോള്‍ നിര്‍ത്തി വാഹനമൊന്നുമില്ല എന്നുറപ്പാക്കി മാത്രം മുന്നോട്ടു നീങ്ങുക.
  21. നിര്‍ത്തിയിരിക്കുന്ന ഒരു യാത്രാ വാഹനം കണ്ടാല്‍ ആളുകള്‍ റോഡു മുറിച്ച് കടക്കാന്‍ സാധ്യത ഉണ്ട് എന്ന ധാരണയില്‍ ശ്രദ്ധാപൂര്‍വം ഓടിക്കുക.

Content Highlights: Warning From MVD For two Wheeler drivers

dot image
To advertise here,contact us
dot image