വോട്ടര്‍പ്പട്ടികയിലെ ക്രമക്കേട് ആരോപണം; രാഹുല്‍ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നോട്ടീസ്

ആരോപണത്തെ സാധൂകരിക്കുന്ന രേഖകള്‍ ആവശ്യപ്പെട്ടാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചത്

dot image

ന്യൂഡല്‍ഹി: വോട്ടര്‍പ്പട്ടികയിലെ ക്രമക്കേട് ആരോപണത്തില്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി എംപിക്ക് നോട്ടീസ് അയച്ച് കര്‍ണ്ണാടക മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടര്‍പട്ടികയില്‍ ക്രമക്കേട് ഉണ്ടായെന്ന ആരോപണത്തെ സാധൂകരിക്കുന്ന രേഖകള്‍ ആവശ്യപ്പെട്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചത്. ശകുന്‍ റാണിയെന്ന വോട്ടര്‍ രണ്ട് തവണ വോട്ട് ചെയ്തതിന് തെളിവില്ലെന്നും ആരോപണത്തിന് അടിസ്ഥാനമായ രേഖകള്‍ ഹാജരാക്കണമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ആവശ്യപ്പെട്ടു.

'തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിവരങ്ങളാണ് താങ്കള്‍ വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടിയതെന്ന് പറഞ്ഞു. ശകുന്‍ റാണി രണ്ട് തവണ വോട്ട് ചെയ്തതായി പോളിംഗ് ഓഫീസഫറുടെ ഡാറ്റയുണ്ടെന്നും താങ്കള്‍ അവകാശപ്പെട്ടു. എന്നാല്‍ ആരോപിക്കുന്നതുപോലെ രണ്ട് തവണ വോട്ട് ചെയ്തിട്ടില്ലെന്നാണ് ശകുന്‍ റാണി പറയുന്നത്. താങ്കള്‍ ഉയര്‍ത്തിയ ടിക് മാര്‍ക്ക് ചെയ്ത വിവരങ്ങള്‍ പോളിംഗ് ഓഫീസറുടേതല്ലെന്നും പ്രാഥമിക അന്വേഷണത്തില്‍ വെളിപ്പെട്ടു. അതിനാൽ ശകുന്‍ റാണിയോ മറ്റാരെങ്കിലുമോ രണ്ട് തവണ വോട്ട് ചെയ്തതിന് തെളിവ് വേണം', എന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ രാഹുലിന് അയച്ച നോട്ടീസില്‍ പറയുന്നു.

ബെംഗളൂരു സെന്‍ട്രല്‍ ലോക്‌സഭാ സീറ്റിലെ മഹാദേവപുര മണ്ഡലത്തില്‍ വന്‍തോതിലുള്ള വോട്ട് മോഷണം നടന്നുവെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ആരോപണം. മഹാരാഷ്ട്രയില്‍ 40 ലക്ഷം ദുരൂഹ വോട്ടര്‍മാരുണ്ടായിരുന്നു. അഞ്ച് മണിക്ക് ശേഷം പോളിംഗ് പലയിടത്തും കുതിച്ചുയര്‍ന്നു. കമ്മീഷന്‍ ബിജെപിയുമായി ചേര്‍ന്ന് വോട്ട് മോഷ്ടിച്ചുവെന്നടക്കമുള്ള ആരോപണങ്ങളായിരുന്നു രാഹുല്‍ ഉയര്‍ത്തിയത്. ഹരിയാനയിലും അട്ടിമറിയുണ്ടായെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.

അതിനിടെ വോട്ടര്‍ പട്ടിക ക്രമക്കേടില്‍ ഡിജിറ്റല്‍ പ്രചരണത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് രാഹുല്‍ ഗാന്ധി.
'വോട്ട് ചോരി ഡോട്ട് ഇന്‍' എന്ന പേരില്‍ കോണ്‍ഗ്രസ് പുതിയ വെബ്‌സൈറ്റ് ആരംഭിച്ചു. വെബ്സൈറ്റിൽ കയറിയാൽ വോട്ടർപട്ടിക ക്രമക്കേടിന്റെ രേഖകൾ കാണാം. കോൺഗ്രസ്‌ ക്യാമ്പയിനിൽ പങ്കാളിയാവുകയും ചെയ്യാം. ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പ്രതിഷേധങ്ങളിൽ പങ്കാളിയാകണമെന്നാണ് സാധാരണക്കാരോട് രാഹുൽ ഗാന്ധിയുടെ ആഹ്വാനം. നാളെ ഡല്‍ഹിയിലെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലേക്കുള്ള പ്രതിഷേധ മാര്‍ച്ചില്‍ 300 ഇന്‍ഡ്യാ സഖ്യ എംപിമാര്‍ പങ്കെടുക്കും. തുടര്‍ നീക്കങ്ങള്‍ ആലോചിക്കാന്‍ ഇന്‍ഡ്യാ സഖ്യ നേതാക്കള്‍ നാളെ പാര്‍ലമെന്റില്‍ യോഗം ചേരും.

Content Highlights: Karnataka Chief Poll officer Notice to Congress Leader Rahul Gandhi

dot image
To advertise here,contact us
dot image