
ഗതാഗത നിയമലംഘനങ്ങളും സുരക്ഷാ ഭീഷണികളും കണ്ടെത്താൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ (AI) ഉപയോഗിക്കാൻ അബുദാബി പൊലീസ്. ഗതാഗത നിയമലംഘനങ്ങൾ തത്സമയം കണ്ടെത്തുന്നത് മുതൽ ചാറ്റ്ജിപിടി പോലുള്ള ഡിജിറ്റൽ അസിസ്റ്റൻ്റുമാർ വരെ, യുഎഇ തലസ്ഥാനത്തെ പോലീസ് സേനയിൽ നിർമിതബുദ്ധിയുടെ പിൻബലമുള്ള നവീകരണങ്ങൾ ഉടൻ വരുന്നു. അബുദാബി പൊലീസും ബിഗ് ഡാറ്റാ അനലിറ്റിക്സ് കമ്പനിയായ പ്രിസൈറ്റും തമ്മിൽ ഒപ്പുവച്ച കരാർപ്രകാരം നിയമ നിർവ്വഹണത്തിനായി അത്യാധുനിക എഐ സാങ്കേതികവിദ്യകൾ വികസിപ്പിക്കും.
അബുദാബിയിലെ സുരക്ഷ വർദ്ധിപ്പിക്കുക, ഗതാഗത വിഷയങ്ങളിൽ പൊലീസ് നൽകുന്ന മറുപടികൾ വേഗത്തിലാക്കുക, കൂടുതൽ വേഗത്തിലും മികച്ചതുമായ തീരുമാനങ്ങൾ എടുക്കാൻ സഹായിക്കുക, അന്വേഷണ രീതികൾ ആധുനികവൽക്കരിക്കുക എന്നിവയാണ് ഈ പദ്ധതിയിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നതെന്ന് പ്രിസൈറ്റ് കമ്പനിയുടെ പബ്ലിക് സേഫ്റ്റി ആൻഡ് സെക്യൂരിറ്റി ചീഫ് ബിസിനസ് ഓഫീസർ മുഹമ്മദ് അൽ മെഹ്രി ഖലീജ് ടൈംസിന് നൽകിയ അഭിമുഖത്തിൽ പ്രതികരിച്ചു.
'നിർമിത ബുദ്ധികളാൽ ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ഇപ്പോഴും പരിശോധിച്ചുവരികയാണ്. പ്രധാനപ്പെട്ട വിഷയങ്ങളിൽ വേഗത്തിലുള്ള പ്രതികരണങ്ങൾ, കുറ്റകൃത്യങ്ങളുടെ നിരക്കിലുള്ള കുറവ്, തത്സമയമായി സുരക്ഷാ ഭീഷണികൾ കണ്ടെത്തുന്നതിലുള്ള കൃത്യത എന്നിവയും പദ്ധതിയുടെ ഭാഗമായി ഉൾപ്പെടാൻ സാധ്യതയുണ്ട്,' മുഹമ്മദ് അൽ മെഹ്രി വ്യക്തമാക്കി.
Content Highlights: AI to help Abu Dhabi Police detect traffic violations, security threats