ഡല്‍ഹിയിലേക്ക് അയച്ച നടനെവിടെ ? കേന്ദ്രമന്ത്രിയെ കാണ്മാനില്ല!

മതിപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിക്കപ്പെട്ട് ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകള്‍ ആക്രമിക്കപ്പെട്ട സംഭവത്തിലും ഒഡിഷയിലും ബിഹാറിലും കന്യാസ്ത്രീകള്‍ക്കും വൈദികര്‍ക്കും നേരെ അതിക്രമം ഉണ്ടായ സംഭവങ്ങളിലും മിണ്ടാട്ടമില്ല

രമ്യ ഹരികുമാർ
4 min read|09 Aug 2025, 06:13 pm
dot image

പാര്‍ട്ടിക്ക് പറ്റിയ ആണുങ്ങള്‍ ഇല്ലാത്തതുകൊണ്ടാണോ, ആണാകാന്‍ തൃശ്ശൂരിലേക്ക് വന്നത്? സുരേഷ് ഗോപിയുടെ ആണഹന്തയെ ചെവിക്കുപിടിച്ചുകുടഞ്ഞുകൊണ്ട് തൃശൂര്‍ അതിരൂപത മുഖപത്രം ഒരിക്കല്‍ ചോദിച്ചത് ആരും മറന്നുകാണാന്‍ ഇടയില്ല. 'അങ്ങ് മണിപ്പൂരിലും യുപിയിലുമൊന്നും നോക്കി നില്‍ക്കരുത്, അത് നോക്കാന്‍ അവിടെ ആണുങ്ങളുണ്ടെന്ന് പറഞ്ഞുകൊണ്ട് കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിനിടെ നടത്തിയ പദയാത്രയുടെ സമാപനസമ്മേളനത്തില്‍ സുരേഷ് ഗോപി നടത്തിയ പ്രസംഗത്തിനുള്ള മറുപടിയായിരുന്നു അത്. മണിപ്പൂര്‍ കത്തിയെരിയുമ്പോള്‍ ഈ ആണുങ്ങള്‍ എവിടെ നോക്കിയിരിക്കുകയായിരുന്നുവെന്നും ആ ലേഖനം സുരേഷ് ഗോപിയോട് ചോദിക്കുന്നുണ്ടായിരുന്നു. സഭാ നേതൃത്വവുമായി അടുക്കാന്‍ ശ്രമിക്കുന്നതിനിടെ സുരേഷ് ഗോപിക്ക് ലഭിച്ച അപ്രതീക്ഷിത പ്രഹരമായിരുന്നു കത്തോലിക്കാസഭാ പത്രത്തില്‍ വന്ന 'മറക്കില്ല മണിപ്പൂര്‍'എന്ന ആ ലേഖനം. പിന്നീട് ഇത് സഭയുടെ രാഷ്ട്രീയ നിലപാടല്ലെന്ന് വിശദീകരിച്ച് സഭാനേതൃത്വം തന്നെ രംഗത്തെത്തി.

ഇതേ സുരേഷ് ഗോപി പിന്നീട് മകളുടെ വിവാഹത്തിന് രണ്ടുദിവസം മുന്‍പ് കുടുംബാംഗങ്ങള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ഒപ്പം തൃശ്ശൂരിലെ ഔര്‍ ലേഡി ഓഫ് ലൂര്‍ദ് മെട്രോപൊളിറ്റന്‍ കത്തീഡ്രലലെത്തി മാതാവിന്റെ തലയില്‍ സ്വര്‍ണ കിരീടം ചാര്‍ത്തി. മാതാവിനോടുള്ള ഭക്തിയേക്കാളുപരി സഭാ വിശ്വാസികളുടെ സ്നേഹം നേടാനുള്ള ശ്രമമായാണ് വിമര്‍ശകര്‍ അതിനെ നോക്കിക്കണ്ടത്. വിവാദങ്ങള്‍ പുകഞ്ഞു, പ്രചാരണം കൊഴുത്തു, പൂരം കലങ്ങി, തിരഞ്ഞെടുപ്പില്‍ സുരേഷ് ഗോപി വിജയിച്ചു! ശേഷം ജബല്‍പൂര്‍.. ബിജെപി ഭരിക്കുന്ന മധ്യപ്രദേശിലെ ജബല്‍പുരില്‍ മലയാളി വൈദികരെയും ക്രൈസ്തവ വിശ്വാസികളെയും പൊലീസ് സ്റ്റേഷന്‍ മുറ്റത്ത് വച്ച് ബജ്റംഗ് ദള്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചു. രാജ്യം മുഴുവന്‍ പ്രതിഷേധമിരമ്പി. സ്വാഭാവികമായും കേന്ദ്രമന്ത്രിയായ സുരേഷ് ഗോപിയോട് മാധ്യമങ്ങള്‍ പ്രതികരണം ആരാഞ്ഞു.'ബി കെയര്‍ഫുള്‍, സൗകര്യമില്ല പറയാന്‍' എന്നായിരുന്നു സിനിമാസ്‌റ്റൈലില്‍ രോഷാകുലനായി വിരലുംചൂണ്ടിക്കൊണ്ടുള്ള കേന്ദ്രമന്ത്രി കം നടന്റെ പ്രതികരണം.

പക്ഷെ ഇത്തവണ തികഞ്ഞ മൗനമാണ്. മതിപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിക്കപ്പെട്ട് ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകള്‍ ആക്രമിക്കപ്പെട്ട സംഭവത്തിലും ഒഡിഷയിലും ബിഹാറിലും കന്യാസ്ത്രീകള്‍ക്കും വൈദികര്‍ക്കും നേരെ അതിക്രമം ഉണ്ടായ സംഭവങ്ങളിലും മിണ്ടാട്ടമില്ല. ഗതികെട്ട് ഓര്‍ത്തഡോക്സ് സഭ തൃശ്ശൂര്‍ ഭദ്രാസന അധിപന്‍ മാര്‍ യൂഹാനോന്‍ മിലിത്തിയോസ് വരെ ട്രോളുന്ന അവസ്ഥയായി. 'ഞങ്ങള്‍ തൃശ്ശൂരുകാര് തെരഞ്ഞെടുത്ത് ദില്ലിയിലേക്കയച്ച ഒരു നടനെ കാണാനില്ല. പൊലീസില്‍ അറിയിക്കണമോ എന്ന ആശങ്ക' എന്ന്.. മാര്‍ യൂഹാനോന്‍ മിലിത്തിയോസ് പറഞ്ഞുപോയതില്‍ തെറ്റുപറയാന്‍ പറ്റില്ല. കാരണം തൃശ്ശൂരില്‍ താമര വിരിഞ്ഞതില്‍ ക്രൈസ്തവ വോട്ടുകള്‍ക്കും നല്ല പങ്കുണ്ട്.

'എനിക്ക് തൃശൂര്‍ വേണം,നിങ്ങള്‍ എനിക്ക് തൃശൂര്‍ തരണം,ഞാന്‍ തൃശ്ശൂര്‍ അങ്ങെടുക്കുവാ..' എന്നൊക്കെ നെഞ്ചില്‍ തട്ടി പറഞ്ഞിട്ടും സിനിമാസ്‌റ്റൈലില്‍ തൃശ്ശൂരങ്ങാടിയെ ഇളക്കി മറിച്ച് പ്രചരണം നടത്തിയിട്ടും വോട്ടുകൊടുക്കാതിരുന്ന തൃശ്ശൂരിലെ ഗഡികളുടെ വിശ്വാസം നേടാന്‍, 2019ല്‍ ലോക്സഭയിലും 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിലും പരാജയപ്പെട്ടിട്ടും, സുരേഷ് ഗോപി എടുത്ത എഫര്‍ട്ട് ചില്ലറയായിരുന്നില്ല. തോറ്റിട്ടും പുള്ളി ബന്ധുവീട്ടിലേക്കെന്ന പോലെ ഇടയ്ക്കിടെ തൃശ്ശൂരിലേക്കെത്തി. മണ്ഡലങ്ങളൊന്നൊന്നായി കയറിയിറങ്ങി, ശക്തന്‍ മാര്‍ക്കറ്റ് ഉള്‍പ്പെടെ നവീകരിച്ചു, അവിണിശ്ശേരി ഗ്രാമപഞ്ചായത്ത് ദത്തെടുത്തു. ദുരിതത്തിലായിരുന്ന പുലിക്കളിക്കാര്‍ക്ക് സാമ്പത്തികസഹായം നല്‍കി. വലതുകൈ ചെയ്യുന്നത് ഇടതുകൈ അറിഞ്ഞില്ലെങ്കിലും വോട്ടര്‍മാര്‍ അറിയുന്ന രീതിയില്‍ കയ്യയഞ്ഞങ്ങ് സഹായിച്ചു. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് ഇരകള്‍ക്ക് വേണ്ടി 18 കിലോമീറ്റര്‍ പദയാത്ര നടത്തി. പ്രധാനമന്ത്രിയെത്തന്നെ കളത്തിലിറക്കി, എന്നിലൂടെ തൃശ്ശൂരിനൊരു കേന്ദ്രമന്ത്രിയെന്ന് ഉറപ്പും നല്‍കി പൂരം കലങ്ങിയ തേക്കിന്‍കാട്ടിലേക്ക് ആംബുലന്‍സില്‍ കുതിച്ചെത്തിയ ക്ലൈമാക്സോടെ തൃശ്ശൂരങ്ങെടുത്തു. അതും മണിപ്പൂരില്‍ അരങ്ങേറിയ അക്രമ സംഭവങ്ങളും അവിടുത്തെ സര്‍ക്കാരിന്റെ വംശഹത്യ ലക്ഷ്യവും ബിജെപിയുടെ നീക്കങ്ങളെ ജാഗ്രതയോടെ സമീപിക്കാന്‍ കേരളത്തിലെ സഭാ നേതാക്കളെ നിര്‍ബന്ധിതരാക്കിയിട്ട് പോലും. തൃശൂരില്‍ ബിജെപിക്ക് വിജയം എളുപ്പമാകില്ലെന്ന് കരുതിയിടത്ത്.

അതുകൊണ്ടുതന്നെ വിശ്വാസികളുടെ വോട്ട് ഭേദപ്പെട്ട നിലയില്‍ നേടിയിട്ടും ഛത്തീസ്ഗഡ് വിഷയത്തിലുള്‍പ്പെടെ സുരേഷ് ഗോപി മൗനം പാലിച്ചത് സഭാവിശ്വാസികളെ ചില്ലറയൊന്നുമല്ല ചൊടിപ്പിച്ചത്. അതവരുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിക്കുകയും ചെയ്തു. പരസ്യമായ പ്രതികരണമല്ല, ആവശ്യമായ ഇടപെടലിലാണ് കേന്ദ്രമന്ത്രി വിശ്വസിക്കുന്നതെന്ന അടുത്ത കേന്ദ്രങ്ങളുടെ പ്രസ്താവനയൊന്നും വിശ്വാസികള്‍ക്കത്ര വിശ്വാസമായില്ല. ബിജെപിയുടെ കേരള നേതൃത്വം കന്യാസ്ത്രീകള്‍ക്ക് അനുകൂലമായി സംസാരിച്ചിട്ടും കേരള പ്രതിനിധി അനൂപ് ആന്റണി ഛത്തീസ്ഗഡിലേക്ക് പോയിട്ടും കന്യാസ്ത്രീകള്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയിട്ടും സുരേഷ് ഗോപി മിണ്ടാവ്രതം അവസാനിപ്പിച്ചില്ല. ഇതിനിടയിലാണ് മെത്രാന്റെ ഭവനത്തില്‍ കയറി കേക്കുമുറിച്ചതും ആശംസയര്‍പ്പിച്ചതും കാപട്യമായിരുന്നോ എന്ന് ചോദിച്ച് ഫാദര്‍ പോള്‍ തേലക്കാട്ട് രംഗത്തെത്തിയത്. ഏറ്റവും ഒടുവിലിതാ ഓര്‍ത്തഡോക്സ് സഭ തൃശൂര്‍ ഭദ്രാസനാധിപന്‍ തന്നെ പരസ്യ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നു. ഭദ്രാസനാധിപന്റെ പോസ്റ്റ് വിശ്വാസികളും അവിശ്വാസികളുമടങ്ങുന്ന കേരളം ഏതായാലും ഏറ്റെടുത്തുകഴിഞ്ഞു. തൃശ്ശൂരില്‍ ആര്‍ക്കോ വേണ്ടി കാണ്മാനില്ല എന്ന് പരസ്യം വന്നെന്ന് കേട്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും ട്രോളിയിട്ടുണ്ട്. പക്ഷെ സുരേഷ് ഗോപി ഇപ്പോഴും മൗനം കുടിച്ചിരിപ്പുതന്നെയാണ്. എല്ലാം കെട്ടടങ്ങിയതിന് ശേഷം 'ഓര്‍മയുണ്ടോ ഈ മുഖം'എന്നുചോദിച്ച് വന്നാല്‍ ഇല്ലെന്ന് തന്നെയായിരിക്കും തൃശൂരുകാരുടെ മറുപടി. ഇനി, വാ തുറന്നാല്‍ വിടുവായത്തം അതുകൊണ്ട് മൗനം വിദ്വാനുഭൂഷണം എന്നുകരുതിയാകുമോ കേന്ദ്രമന്ത്രി ഒരക്ഷരം മിണ്ടാത്തത്? ആര്‍ക്കറിയാം!

Content Highlights: Discussion arise as MoS Suresh Gopi keep Silence on Chhattisgarh issue

dot image
To advertise here,contact us
dot image