പശുക്കടത്ത്; മമതയുടെ വിശ്വസ്തന് അറസ്റ്റില്‍
കേസില്‍ നാല് കുറ്റപത്രങ്ങള്‍ സമര്‍പ്പിച്ച സിബിഐ, 12 പ്രതികളെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്
11 Aug 2022 11:43 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മമതാ ബാനര്‍ജിയുടെ വിശ്വസ്തനുമായ അനുബ്രത മൊണ്ഡലിനെ പശുക്കടത്ത് കേസില്‍ സിബിഐ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിന് ഹാജരാകുന്നതിന് കുറഞ്ഞത് രണ്ടാഴ്ച്ചയെങ്കിലും വേണമെന്ന് മൊണ്ഡലിന്റെ അഭിഭാഷകര്‍ അറിയിച്ചതിനെ പിന്നാലെ സിബിഐ വീട്ടിലെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കേസില്‍ പത്താം തവണയും സമന്‍സിനോട് പ്രതികരിക്കാതിരുന്ന മൊണ്ഡലിന് കൂടുതല്‍ സമയം എങ്ങനെ നല്‍കാനാകുമെന്നായിരുന്നു സിബിഐ വാദം.
സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ക്കൊപ്പം എത്തിയാണ് സിബിഐ സംഘം മൊണ്ഡലിലെ അറസ്റ്റ് ചെയ്തത്. അന്വേഷണ ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ ഇയാളുടെ വീടിന്റെ എല്ലാ വാതിലുകളും അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. കേസില്‍ നാല് കുറ്റപത്രങ്ങള്‍ സമര്‍പ്പിച്ച സിബിഐ, 12 പ്രതികളെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
അതേസമയം മൊണ്ഡലിന്റെ അംഗരക്ഷകനായ സൈഗാള്‍ ഹുസൈനേയും സംഭവത്തില്‍ അറസ്റ്റ് ചെയ്തു. ഇയാള്‍ കേസില്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്നും കോടിക്കണക്കിന് രൂപ സമ്പാദിച്ചിട്ടുണ്ടെന്നും സിബിഐ പറഞ്ഞു.
2020ല്‍ സിബിഐ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് പശുക്കടത്ത് കേസില്‍ മൊണ്ഡലിന്റെ പേര് ഉയര്‍ന്ന് വന്നത്. സിബിഐ കണക്ക് പ്രകാരം 2015-17 വര്‍ഷത്തില്‍ 20,000ല്‍ അധികം കന്നുകാലികളെയാണ് അതിര്‍ത്തി കടത്തുന്നതിനിടെ സുരക്ഷാ സേന പിടിച്ചെടുത്തത്.
മുന്‍ തൃണമൂല്‍ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയെയും അദ്ദേഹത്തിന്റെ സഹായി അര്‍പ്പിത മുഖര്‍ജിയെയും അധ്യാപക ജോലി അഴിമതി കേസില്‍ അറസ്റ്റ് ചെയ്തതിന് ശേഷം കേന്ദ്ര ഏജന്‍സികള്‍ നടത്തിയ അഴിമതിക്കെതിരെയുള്ള രണ്ടാമത്തെ ഉയര്‍ന്ന നടപടിയാണ് മൊണ്ഡലിന്റെ അറസ്റ്റ്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡില്‍ അര്‍പ്പിതയുടെ വീടുകളില്‍ നിന്ന് 50 കോടിയിലധികം പണം കണ്ടെത്തിയിരുന്നു.
Story highlights: Cattle smuggling; Mamata's confidant arrested