സിപിഐ മാവോയിസ്റ്റ് ജനറൽ സെക്രട്ടറി ഉൾപ്പെടെ കൊല്ലപ്പെട്ട ഏറ്റുമുട്ടലിനെതിരെ സിപിഐഎം; മനുഷ്യത്വരഹിതമെന്ന് പിബി

കേന്ദ്ര സര്‍ക്കാര്‍ നടപടി മനുഷ്യത്വരഹിതവും ജനാധിപത്യവിരുദ്ധവുമാണെന്ന് പിബി വ്യക്തമാക്കി

dot image

ന്യൂഡല്‍ഹി: ഛത്തീസ്ഗഡില്‍ സിപിഐ മാവോയിസ്റ്റ് ജനറല്‍ സെക്രട്ടറി ബസവരാജു ഉള്‍പ്പെടെ 27 മാവോയിസ്റ്റുകളെ ഏറ്റുമുട്ടലില്‍ വധിച്ച സംഭവത്തെ ശക്തമായി അപലപിച്ച് സിപിഐഎം പോളിറ്റ് ബ്യൂറോ. കേന്ദ്ര സര്‍ക്കാര്‍ നടപടി മനുഷ്യത്വരഹിതവും ജനാധിപത്യവിരുദ്ധവുമാണെന്ന് പിബി അറിയിച്ചു.

ചര്‍ച്ചകള്‍ക്കുള്ള മാവോയിസ്റ്റ് ആവശ്യം അവഗണിച്ചാണ് കേന്ദ്ര നടപടിയെന്നും ചര്‍ച്ചയിലൂടെ പരിഹാരം തേടേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാരും ബിജെപി നയിക്കുന്ന ഛത്തീസ്ഗഡ് സര്‍ക്കാരും തീരുമാനിക്കുകയായിരുന്നുവെന്നും പിബി പറഞ്ഞു. കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത്ഷാ, ഛത്തീസ്ഗഡ് മുഖ്യമന്ത്രി എന്നിവരുടെ പ്രസ്താവനകള്‍ മനുഷ്യ ജീവന്‍ എടുക്കുന്നത് ആഘോഷിക്കുന്ന ഫാസിസ്റ്റ് ചിന്താഗതിയാണെന്നും അത് ജനാധിപത്യത്തിന് എതിരാണെന്നും പിബി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

'അവര്‍ കൊലപാതകങ്ങളുടെയും ഉന്മൂലനത്തിന്റെയും മനുഷ്യത്വരഹിതമായ നയമാണ് പിന്തുടരുന്നത്. നിരവധി രാഷ്ട്രീയ പാര്‍ട്ടികളും പൗരന്മാരും സര്‍ക്കാരിനോട് ചര്‍ച്ചയ്ക്ക് അഭ്യര്‍ത്ഥന അറിയിച്ചിരുന്നു. മാവോയിസ്റ്റ് രാഷ്ട്രീയത്തോട് എതിര്‍പ്പുണ്ടെങ്കിലും ചര്‍ച്ചയ്ക്കുള്ള അവരുടെ അഭ്യര്‍ത്ഥന അംഗീകരിക്കാനും എല്ലാ അര്‍ദ്ധ സൈനിക പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കാനും സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു', പ്രസ്താവനയില്‍ പറയുന്നു.

കഴിഞ്ഞ ദിവസം ഛത്തീസ്ഗഡിലെ നാരായണ്‍പൂര്‍ ജില്ലയിലെ അബുജംദ് വനമേഖലയിലാണ് മാവോയിസ്റ്റുകളും സുരക്ഷാ സേനയും തമ്മിലുള്ള ഏറ്റുമുട്ടല്‍ നടന്നത്. ഏകദേശം 50 മണിക്കൂര്‍ നീണ്ടുനിന്ന ഏറ്റുമുട്ടലാണ് നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlights: CPIM PB condemned Maoists killed in Encounter

dot image
To advertise here,contact us
dot image