ആറാം കപ്പ് ലോഡിങ്...!; മുംബൈയുടെ വിജയത്തിന് പിന്നാലെ നിത അംബാനിയുടെ സെലിബ്രേഷന്‍ വൈറലാകുന്നു

നിത അംബാനിയുടെ സെലിബ്രേഷന് പിന്നാലെ ആവേശക്കൊടുമുടിയിലാണ് മുംബൈ ആരാധകര്‍

dot image

ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ മിന്നും വിജയം നേടി പ്ലേ ഓഫ് ബര്‍ത്ത് ഉറപ്പിച്ചിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ്. വാങ്കഡെ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന നിര്‍ണായക പോരാട്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ 59 റണ്‍സിന് വീഴ്ത്തിയാണ് മുംബൈ പ്ലേ ഓഫിലെത്തിയത്. 11-ാം തവണയാണ് മുംബൈ പ്ലേ ഓഫിലെത്തുന്നത്.

മത്സരത്തിന് ശേഷം മുംബൈയുടെ വിജയം ആഘോഷിക്കുന്ന ടീം ഉടമ നിത അംബാനിയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഡല്‍ഹിയെ പരാജയപ്പെടുത്തിയതിന് പിന്നാലെ ക്യാമറകണ്ണുകള്‍ നേരെ ചെന്നത് ഡഗൗട്ടിലിരിക്കുകയായിരുന്ന നിത അംബാനിയുടെയും ആകാശ് അംബാനിയുടെയും അടുത്തേക്കാണ്. അപ്പോള്‍ നിത അംബാനി ആറ് വിരലുകള്‍ ഉയര്‍ത്തിപ്പിടിച്ച് ഇരിക്കുകയായിരുന്നു.

മുംബൈ ഇന്ത്യന്‍സ് തങ്ങളുടെ ആറാമത്തെ ഐപിഎല്‍ കിരീടം നേടാന്‍ പോവുകയാണ് എന്നാണ് നിത സൂചിപ്പിക്കുന്നതെന്നാണ് ആരാധകരുടെ അഭിപ്രായം. നിലവില്‍ അഞ്ച് തവണ ചാംപ്യന്മാരായ മുബൈ ഇന്ത്യന്‍സിന് തന്നെയാണ് ഇത്തവണ ഐപിഎല്‍ കിരീടമെന്ന ആത്മവിശ്വാസത്തിലാണ് നിത. എന്തായാലും നിത അംബാനിയുടെ സെലിബ്രേഷന് പിന്നാലെ ആവേശക്കൊടുമുടിയിലാണ് മുംബൈ ആരാധകര്‍.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ കിരീടം ഉയര്‍ത്തിയ ടീമുകളാണ് മുബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിംഗ്‌സും. അഞ്ച് തവണയാണ് ഇരുവരും ഐപിഎല്‍ ചാംപ്യന്മാരായിട്ടുള്ളത്. 2013, 2015, 2017, 2019, 2020 എന്നീ വര്‍ഷങ്ങളിലാണ് മുംബൈ ഐപിഎല്‍ കിരീടത്തില്‍ മുത്തമിട്ടത്. അതേസമയം 2010, 2011, 2018, 2021, 2023 എന്നീ സീസണുകളിലാണ് ചെന്നൈ ചാംപ്യന്മാരായത്.

Content Highlights: Nita Ambani's No. 6 celebration goes viral after MI reach IPL 2025 playoffs

dot image
To advertise here,contact us
dot image