ഐബി ഉദ്യോഗസ്ഥയുടെ മരണം; പ്രതി സുകാന്തിനെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്ന് ഹൈക്കോടതി

മാര്‍ച്ച് 24നാണ് പേട്ട റെയില്‍വേ സ്റ്റേഷന് സമീപം ഐബി ഉദ്യോഗസ്ഥയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്

dot image

കൊച്ചി: ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ പ്രതിയായ സുകാന്ത് സുരേഷിനെ എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ലെന്ന് ഹൈക്കോടതി. രണ്ട് മാസമായി അറസ്റ്റ് ചെയ്യാതിരുന്നതിന് വിശദീകരണം നല്‍കണമെന്നും പൊലീസിന് ഹൈക്കോടതി നിർദേശം നൽകി.

പ്രതി സുകാന്ത് സുരേഷ് ഒളിവിലാണെന്നുള്ള പൊലീസിന്റെ വിശദീകരണം കോടതി തള്ളി. ആധുനിക കാലത്ത് ഒരു വ്യക്തിക്ക് എങ്ങനെ ഒളിവില്‍ കഴിയാനാകുമെന്നാണ് ഹൈക്കോടതിയുടെ ചോദ്യം. സുകാന്ത് സുരേഷ് മറ്റ് സ്ത്രീകളെയും ലൈംഗിക ചൂഷണം നടത്തിയിട്ടുണ്ടെന്ന് ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രൊസിക്യൂഷന്‍ നിലപാടെടുത്തു. അതേസമയം സുകാന്ത് സുരേഷിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി തിങ്കളാഴ്ച ഉത്തരവ് പറയും.

മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഉത്തരവ് പറയുന്നതുവരെ സുകാന്ത് സുരേഷിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. തിരുവനന്തപുരം പേട്ട പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ബലാത്സംഗ കുറ്റമാണ് സുകാന്ത് സുരേഷിനെതിരെ ചുമത്തിയത്. ഐബി ഉദ്യോഗസ്ഥയുടെ മരണത്തിന് പിന്നാലെ മുതല്‍ സുകാന്ത് സുരേഷ് ഒളിവിലാണ്. കേസില്‍ താന്‍ നിരപരാധിയാണെന്നും ഐബി ഒഫീസറുടെ മരണത്തില്‍ പങ്കില്ലെന്നുമാണ് സുകാന്ത് സുരേഷിന്റെ വാദം. കേസില്‍ ബലാത്സംഗം ഉള്‍പ്പടെയുള്ള കുറ്റങ്ങള്‍ ചുമത്തിയതിന് പിന്നാലെ സുകാന്ത് സുരേഷിനെ ഐബി ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു.

മാര്‍ച്ച് 24നാണ് പേട്ട റെയില്‍വേ സ്റ്റേഷന് സമീപം ഐബി ഉദ്യോഗസ്ഥയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിന് പിന്നാലെ ഐബി ഉദ്യോഗസ്ഥ ട്രാക്കിന് കുറുകേ കിടന്നതാണെന്ന് വ്യക്തമാക്കി ലോക്കോ പൈലറ്റ് രംഗത്തെത്തിയിരുന്നു. മരിക്കുന്നതിന് തൊട്ടുമുന്‍പ് ഐബി ഉദ്യോഗസ്ഥ സുകാന്തുമായി ഫോണില്‍ സംസാരിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. പെട്ടെന്നുള്ള പ്രകോപനമാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നും മാനസികവും ശാരീരികവുമായി പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചതില്‍ തെളിവുകള്‍ ലഭിച്ചതായും പൊലീസ് പറഞ്ഞിരുന്നു.

Content Highlights: IB officer's death, High Court asks why accused Sukant is not being arrested

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us