കൊട്ടിഘോഷിച്ച് ഉദ്ഘാടനം; 12 ദിവസത്തിനുള്ളില്‍ ഉത്തര്‍പ്രദേശില്‍ എക്‌സ്പ്രസ്‌വേ തകര്‍ന്നു

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ ചേര്‍ന്നാണ് ഹൈവേ ഉദ്ഘാടനം ചെയ്തത്

കൊട്ടിഘോഷിച്ച് ഉദ്ഘാടനം; 12 ദിവസത്തിനുള്ളില്‍ ഉത്തര്‍പ്രദേശില്‍ എക്‌സ്പ്രസ്‌വേ തകര്‍ന്നു
dot image

ലഖ്‌നൗ: ഉദ്ഘാടനം കഴിഞ്ഞ് 12 ദിവസത്തിനുള്ളില്‍ ഹൈവേ തകര്‍ന്ന് താറുമാറായി. ഉത്തര്‍പ്രദേശ് ഉന്നാവോയിലെ ലഖ്നൗ-കാണ്‍പൂര്‍ ഗ്രീന്‍ഫീല്‍ഡ് നാഷണല്‍ എലിവേറ്റഡ് എക്‌സ്പ്രസ്‌വേയുടെ ഒരു ഭാഗമാണ് തകര്‍ന്നത്. കനത്ത മഴയെ തുടര്‍ന്നാണ് റോഡ് തകര്‍ന്നതെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതില്‍ ഗഡ്കരി, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ ചേര്‍ന്നാണ് ഹൈവേ ഉദ്ഘാടനം ചെയ്തത്. ഹൈവേയുടെ 49 കിലോമീറ്ററില്‍ ഇവര്‍ നിരീക്ഷണം നടത്തുകയും ചെയ്തിരുന്നു. ഏകദേശം അഞ്ച് മുതല്‍ ഏഴ് മീറ്റര്‍ വരെ നീളമുള്ള വിള്ളലുകളാണ് ഹൈവേയില്‍ ഉണ്ടായിരിക്കുന്നത്. തുടര്‍ച്ചയായ മഴയെത്തുടര്‍ന്ന് റോഡിനടിയിലെ മണ്ണ് നീങ്ങിയതാണ് എക്‌സ്പ്രസ്‌വേയുടെ ഒരു ഭാഗം തകരാന്‍ കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

കോടിക്കണക്കിന് രൂപ ചെലവഴിച്ചുള്ള പദ്ധതിയുടെ ഭാഗമായ റോഡ് തകര്‍ന്നതിന്റെ ദൃശ്യങ്ങള്‍ സമാജ്വാദി പാര്‍ട്ടി നേതാവ് മധുസൂദന്‍ യാദവ് പങ്കുവെക്കുകയും നിര്‍മ്മാണ നിലവാരത്തെ ചോദ്യം ചെയ്യുകയും ചെയ്തതോടെ, ഇതുസംബന്ധിച്ച വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. പദ്ധതിയുമായി ബന്ധപ്പെട്ട ഏജന്‍സികളുടെ പ്രവര്‍ത്തനത്തെ വിമര്‍ശിച്ച അദ്ദേഹം, ഗുണനിലവാര നിയന്ത്രണത്തിലുള്ള ആശങ്കകളും ഉന്നയിച്ചിട്ടുണ്ട്. മോദി-യോഗി ഗ്യാരന്റികള്‍ ഇതാണോ എന്നും അദ്ദേഹം ചോദ്യം ഉന്നയിക്കുന്നു.

സംഭവം വിവാദമായതോടെ വിള്ളലില്‍ അറ്റകുറ്റപ്പണി നടത്തിയിട്ടുണ്ട്. ഉദ്ഘാടനത്തിന് മുന്‍പുതന്നെ ഇതേ എക്‌സ്പ്രസ്‌വേയ്ക്ക് കേടുപാടുകള്‍ സംഭവിച്ച് മാസങ്ങള്‍ പിന്നിടുമ്പോഴാണ് പുതിയ സംഭവം ഉണ്ടായിരിക്കുന്നത്. അന്ന് വിമര്‍ശനങ്ങളോട് പ്രതികരിക്കവെ ഉത്തര്‍പ്രദേശ് മന്ത്രി ദിനേശ് പ്രതാപ് സിംഗ്, 'നിങ്ങളുടെ സ്വന്തം റോഡ് നിര്‍മ്മിക്കൂ' എന്നും, നിര്‍മ്മാണത്തിനിടെ റോഡുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നത് സ്വാഭാവികമാണെന്നും അതില്‍ 'പുതുതായി ഒന്നുമില്ലെന്നും' പറഞ്ഞത് വിവാദമായിരുന്നു.

63 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ആറ് വരിപ്പാതയായ ലഖ്നൗ-കാണ്‍പൂര്‍ എക്‌സ്പ്രസ്‌വേയിലാണ് ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും നീളമേറിയ എലിവേറ്റഡ് കോറിഡോര്‍ ഉള്‍പ്പെടുന്നത്. ഓട്ടോമേറ്റഡ്, ഇന്റലിജന്റ് മെഷീന്‍-ഗൈഡഡ് നിര്‍മ്മാണ സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ച രാജ്യത്തെ ആദ്യത്തെ എക്‌സ്പ്രസ്‌വേ കൂടിയാണിത്. എഐ അധിഷ്ഠിത വേഗത നിയന്ത്രണ സംവിധാനങ്ങള്‍, ഓരോ രണ്ട് കിലോമീറ്ററിലും എമര്‍ജന്‍സി കോള്‍ ബോക്‌സുകള്‍, രണ്ട് സംയോജിത 24/7 കണ്‍ട്രോള്‍ റൂമുകള്‍ എന്നിവ ഈ എക്‌സ്പ്രസ്‌വേയുടെ പ്രത്യേകതകളാണ്. മണിക്കൂറില്‍ 120 കിലോമീറ്റര്‍ വരെ വേഗതയില്‍ സഞ്ചരിക്കാന്‍ പാകത്തിലാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇതോടെ ലഖ്നൗവും കാണ്‍പൂരും തമ്മിലുള്ള യാത്രാസമയം 35-45 മിനിറ്റായി കുറയും. കാറുകള്‍ക്കുള്ള ടോള്‍ നിരക്ക് 275 രൂപയായി നിശ്ചയിച്ചിട്ടുണ്ട്. അതേസമയം ഇരുചക്രവാഹനങ്ങള്‍ക്ക് ഈ എക്‌സ്പ്രസ്‌വേയില്‍ പ്രവേശനാനുമതിയില്ല.

Content Highlights: A portion of the Lucknow-Kanpur Greenfield National Elevated Expressway was damaged within 12 days of its inauguration after heavy rainfall. The incident has triggered questions over construction quality, with videos of the cracked highway drawing widespread attention on social media.

dot image
To advertise here,contact us
dot image