

ഇറാനെതിരെ ആക്രമണം നടത്തിയെന്ന വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് തള്ളി കുവൈറ്റ്. വാര്‍ത്ത പൂര്‍ണമായും തെറ്റാണെന്ന് കുവൈറ്റ് അറിയിച്ചു. വാര്‍ത്ത ശരിയായി നല്‍കണമെന്ന് ആവശ്യപ്പെട്ട് അമേരിക്കയിലെ കുവൈറ്റ് അംബാസഡര്‍ ഷെയ്ഖ് അല്‍ സെയ്ന്‍ അല്‍ സബാ ഡബ്ല്യുഎസ്‌ജെ എഡിറ്റോറിയല്‍ ബോര്‍ഡിന് അയച്ച ഔദ്യോഗിക കത്തില്‍ പറയുന്നു.
പ്രാദേശിക അനിശ്ചിതത്വം നിലനില്‍ക്കുന്ന സമയത്ത് കൃത്യത എന്നത് മാധ്യമപ്രവര്‍ത്തനത്തിന് വേണ്ടുന്ന ഉത്തരവാദിത്വം മാത്രമല്ലെന്നും അത്യാവശ്യമായ ഘടകമാണെന്നും അവര്‍ പറഞ്ഞു. ഇറാനെതിരെ ഒരു സൈനിക ആക്രമണത്തിലും കുവൈറ്റ് ഭാഗമായില്ലെന്നും ആക്രമണം നടത്താന്‍ കുവൈറ്റിന്റെ അതിര്‍ത്തി, വ്യോമപാത, ജലപാത എന്നിവയെ വിട്ടുകൊടുത്തിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.
'അന്താരാഷ്ട്ര നിയമത്തെ ബഹുമാനിക്കുക, രാജ്യത്തിന്റെ പരമാധികാരത്തെ ബഹുമാനിക്കുക, അയല്‍രാജ്യവുമായി നല്ല ബന്ധം പുലര്‍ത്തുക, നയതന്ത്രത്തിലൂടെയും ചര്‍ച്ചയിലൂടെയും സമാധാനപരമായ പരിഹാരങ്ങള്‍ ഉണ്ടാക്കുക എന്നിവയാണ് രാജ്യത്തിന്റെ നയങ്ങള്‍. കുവൈറ്റിന്റെ വിദേശനയം അതിന്റെ ചരിത്രത്തില്‍ നിന്ന് ഉള്‍ക്കൊണ്ടതാണ്. സംഘര്‍ഷം രൂക്ഷമാക്കിയല്ല, മറിച്ച് നയപരമായ ചര്‍ച്ചകളിലൂടെയാണ് പ്രാദേശിക സുരക്ഷ ഉറപ്പാക്കേണ്ടത്', അല്‍ സബാ പറഞ്ഞു.
ഈ മാസം ആദ്യം ബഹ്റൈനും കുവൈറ്റും ചേര്‍ന്ന് ഇറാനിലെ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ രഹസ്യമായി വ്യോമാക്രമണം നടത്തിയതായാണ് അമേരിക്കന്‍ മാധ്യമമായ വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇറാനിലെ ഡ്രോണ്‍, മിസൈല്‍ സംഭരണ കേന്ദ്രങ്ങളും മറ്റ് സൈനിക താവളങ്ങളും ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നായിരുന്നു റിപ്പോര്‍ട്ട്.
ഓപ്പറേഷന്റെ ഭാഗമായി യുഎഇ ഇറാനെക്കുറിച്ചുള്ള രഹസ്യാന്വേഷണ വിവരങ്ങളും വ്യോമ പ്രതിരോധവും നല്‍കി. മേഖലയിലെ സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് ഇറാനില്‍ നിന്ന് തുടര്‍ച്ചയായ ആക്രമണങ്ങള്‍ നേരിടേണ്ടി വന്നതോടെയാണ് തിരിച്ചടിക്കാന്‍ ബഹ്റൈനും കുവൈറ്റും തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിച്ചത്. അമേരിക്കന്‍, യൂറോപ്യന്‍ നിര്‍മ്മിത യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ചായിരുന്നു ആക്രമണമെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
Content Highlights: Kuwait has strongly denied a Wall Street Journal report claiming it carried out an attack against Iran.