ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രം വിദ്യാർത്ഥി സമരങ്ങളുടേത് കൂടിയാണ്; ഓർമ്മിക്കപ്പെടേണ്ട സമരപോരാട്ടങ്ങൾ

ഇന്ത്യൻ ജെൻ സികൾ രാജ്യത്തിൻ്റെ ഭരണകൂടത്തെ ചോദ്യം ചെയ്യുകയും തിരുത്തുകയും പുതിയ കാലത്തിൻ്റെ ജനാധിപത്യ സാധ്യതകൾ ഇതെല്ലാമാണെന്ന് ഉറക്കെ പ്രഖ്യാപിക്കുകയും ചെയ്തിരിക്കുകയാണ്

ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രം വിദ്യാർത്ഥി സമരങ്ങളുടേത് കൂടിയാണ്; ഓർമ്മിക്കപ്പെടേണ്ട സമരപോരാട്ടങ്ങൾ
dot image

ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രം ഭരണം കൈയ്യാളിയവരുടെയും രാഷ്ട്രീയ പാർട്ടികളുടെയും മാത്രം ഇടപെടലുകളിലൂടെ രൂപപ്പെട്ടതല്ലെന്ന് വീണ്ടും തെളിഞ്ഞിരിക്കുകയാണ്. രാജ്യത്തെ പിടിച്ചുകുലുക്കിയ 50 ദിവസത്തോളം നീണ്ട സമരപോരാട്ടത്തിനൊടുവിൽ വിദ്യാർത്ഥി സമൂഹം മറ്റൊരു പോരാട്ടവിജയത്തിൻ്റെ ഏട് കൂടിയാണ് ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ എഴുതി ചേർത്തിരിക്കുന്നത്. അധികാര കേന്ദ്രങ്ങളുടെ തീരുമാനങ്ങളെ ചോദ്യം ചെയ്ത, ഭരണകൂടങ്ങളെ നയം മാറ്റാൻ നിർബന്ധിതരാക്കിയ ജനകീയ മുന്നേറ്റങ്ങളുടെ ചരിത്രം കൂടിയാണ് രാജ്യതലസ്ഥാനത്ത് രചിക്കപ്പെട്ടത്. പുതിയ തലമുറയുടെ രാഷ്ട്രീയ ബോധ്യങ്ങൾ ചോദ്യം ചെയ്യപ്പെട്ട ഘട്ടത്തിലാണ് വ്യവസ്ഥാപിത രാഷ്ട്രീയ ഇടപെടലുകളുടെ രീതിശാസ്ത്രങ്ങളെല്ലാം അപ്രസക്തമാാക്കി, പുതിയ കാലത്തിൻ്റെ സാധ്യതകളെയെല്ലാം ഉപയോ​ഗപ്പെടുത്തി ഇന്ത്യൻ യുവത്വം പുതിയ സമരചരിത്രം രചിച്ചിരിക്കുന്നത്. സമരരം​ഗത്ത് അവർ പ്രകടമാക്കിയതെല്ലാം പുതിയൊരു സമരരീതി ഇന്ത്യയിൽ പ്രാവ‍ർത്തികമാണ് എന്നതിൻ്റെ പ്രതീകമായി മാറിയിട്ടുണ്ട്. ഒടുവിൽ ഇന്ത്യൻ ജെൻ സികൾ രാജ്യത്തിൻ്റെ ഭരണകൂടത്തെ ചോദ്യം ചെയ്യുകയും തിരുത്തുകയും പുതിയ കാലത്തിൻ്റെ ജനാധിപത്യ സാധ്യതകൾ ഇതെല്ലാമാണെന്ന് ഉറക്കെ പ്രഖ്യാപിക്കുകയും ചെയ്തിരിക്കുകയാണ്.

ഭാഷാനയം മുതൽ വിദ്യാഭ്യാസം, അഴിമതി വിരുദ്ധ സമരങ്ങൾ, ഭരണപരിഷ്കാരങ്ങൾ, കുടിയേറ്റ നയം, ജനാധിപത്യ സംരക്ഷണം അടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള വിദ്യാർത്ഥി പ്രക്ഷോഭങ്ങൾ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഗതി തന്നെ മാറ്റി മറച്ചിട്ടുണ്ട്. ചരിത്രം പരിശോധിച്ചാൽ ഇന്ത്യയിൽ ഭരണകൂടങ്ങളെ മുൾമുനയിൽ നിർത്തിയ ജനകീയ ഇടപെടലുകളിൽ വിദ്യാർത്ഥി പ്രക്ഷോഭങ്ങളുടെ പങ്ക് പ്രധാനമാണെന്ന് വ്യക്തമാണ്

ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രം പരിശോധിച്ചാൽ വിദ്യാർത്ഥി സമൂഹം നടത്തിയ ഇത്തരം നിരവധിയായ ഇടപെടലുകൾ നമുക്ക് കണ്ടെടുക്കാൻ കഴിയും. അതെല്ലാം പുതിയ തലമുറയുടെ സമരതീക്ഷ്ണത കൊണ്ടും കാലത്തോടുള്ള കലഹം കൊണ്ടും അടയാളപ്പെടുത്തപ്പെട്ടതാണ് ഈ സമരങ്ങളെല്ലാം. സ്വാതന്ത്ര്യലബ്ദിക്ക് മുമ്പ് ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരായ ദേശീയ വിമോചന സമരത്തിന്റെ മുന്നണിപ്പോരാളികളായിരുന്നു വിദ്യാർത്ഥികൾ. സ്വാതന്ത്ര്യാനന്തരം ജനാധിപത്യ ഇന്ത്യയിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നയങ്ങളെ സ്വാധീനിച്ച നിർണ്ണായകമായ ഇടപെടലുകൾ നടത്താനും വിദ്യാർത്ഥി സമൂഹത്തിന് സാധിച്ചിട്ടുണ്ട്. ഭാഷാനയം മുതൽ വിദ്യാഭ്യാസം, അഴിമതി വിരുദ്ധ സമരങ്ങൾ, ഭരണപരിഷ്കാരങ്ങൾ, കുടിയേറ്റ നയം, ജനാധിപത്യ സംരക്ഷണം അടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള വിദ്യാർത്ഥി പ്രക്ഷോഭങ്ങൾ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഗതി തന്നെ മാറ്റി മറച്ചിട്ടുണ്ട്. ചരിത്രം പരിശോധിച്ചാൽ ഇന്ത്യയിൽ ഭരണകൂടങ്ങളെ മുൾമുനയിൽ നിർത്തിയ ജനകീയ ഇടപെടലുകളിൽ വിദ്യാർത്ഥി പ്രക്ഷോഭങ്ങളുടെ പങ്ക് പ്രധാനമാണെന്ന് വ്യക്തമാണ്. അത് സ്വാതന്ത്ര്യലബ്ദിക്ക് മുൻപായാലും അതിന് ശേഷമായാലും.

കൊളോണിയൽ ഇന്ത്യയിലെ വിദ്യാർത്ഥി പ്രക്ഷോഭങ്ങൾ

വൈസ്രോയി ആയിരുന്ന ലോർഡ് കർസൺ 1905-ൽ ബംഗാളിനെ വിഭജിച്ചതോടെയാണ് ഇന്ത്യയിലെ സംഘടിത വിദ്യാർത്ഥി പ്രക്ഷോഭങ്ങളുടെ പുതിയ അധ്യായം ആരംഭിക്കുന്നത്. ഭരണസൗകര്യമെന്ന പേരിൽ പ്രഖ്യാപിച്ച വിഭജനം യഥാർത്ഥത്തിൽ ദേശീയ പ്രസ്ഥാനത്തെ ദുർബലപ്പെടുത്താനുള്ള “വിഭജിച്ച് ഭരിക്കുക” എന്ന ബ്രിട്ടീഷ് തന്ത്രമായാണ് ഇന്ത്യൻ ദേശീയവാദികൾ കണ്ടത്. ഈ ഘട്ടത്തിൽ വിദ്യാർത്ഥികൾ ക്ലാസ് മുറികൾ വിട്ട് സമരമുഖത്തേയ്ക്ക് ഇറങ്ങി. വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തമുണ്ടായിരുന്ന സ്വദേശി–ബംഗാൾ വിഭജനവിരുദ്ധ പ്രസ്ഥാനം ബ്രിട്ടീഷ് ഭരണകൂടത്തിനുമേൽ വലിയ രാഷ്ട്രീയ സമ്മർദ്ദം സൃഷ്ടിച്ചു. ഈ പശ്ചാത്തലത്തിലായിരുന്നു 1911-ൽ ബംഗാൾ വിഭജനം റദ്ദാക്കിയത്. ഒരു ജനകീയ വിദ്യാർത്ഥി പ്രക്ഷോഭം നേരിട്ട് ബ്രിട്ടീഷ് ഭരണനയത്തെ മാറ്റിയ ആദ്യത്തെ വലിയ സംഭവമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

Role of Students in the Indian National Movement

പിന്നീട് സ്വാതന്ത്ര്യസമര പോരാട്ടങ്ങളുടെ ഭാ​ഗമായി വിദ്യാർത്ഥികൾ സംഘടിത ശക്തികളായി മാറിയ നിരവധി മുഹൂർത്തങ്ങൾ അടയാളപ്പെടുത്തപ്പെട്ടു. 1936-ൽ രൂപീകൃതമായ ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് ഫെഡറേഷൻ ഇന്ത്യയിലെ ആദ്യ ദേശീയ വിദ്യാർത്ഥി സംഘടനയായാണ് കണക്കാക്കപ്പെടുന്നത്. വിദ്യാഭ്യാസപരമായ ആവശ്യങ്ങൾക്കപ്പുറം പൂർണ സ്വാതന്ത്ര്യം, സാമ്രാജ്യത്വ വിരുദ്ധ രാഷ്ട്രീയം, ദേശീയ ബോധം എന്നിവയെ വിദ്യാർത്ഥി സമൂഹത്തിലേക്ക് വ്യാപിപ്പിക്കുന്നതിൽ സംഘടന നിർണായക പങ്കുവഹിച്ചു. 1942-ലെ ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിലെ വിദ്യാർത്ഥികളുടെ പങ്കാളിത്തം സമരത്തിന് പുതിയ ഊർജം നൽകി. കോളേജുകളുടെ അടച്ചുപൂട്ടൽ, ഹർത്താലുകൾ, രഹസ്യസംഘടനകൾ, ഒളിവ് പ്രവർത്തനങ്ങൾ, വാർത്താവിനിമയ ശൃംഖലകൾ സൃഷ്ടിക്കൽ തുടങ്ങിയ നിർണ്ണായ ഇടപെടലുകൾ സ്വാതന്ത്ര്യസമര പോരാട്ടങ്ങളുടെ ഭാ​ഗമായി വിദ്യാർത്ഥികൾ നടത്തി. തൻ്റെ പത്തൊമ്പതാം വയസ്സിൽ ഇങ്ക്വിലാബ് സിന്ദാബാദ് വിളിച്ച് ബ്രിട്ടീഷ് കഴുമരത്തിൽ ജീവൻ ഹോമിച്ച ഹേമു കലാനി ഇന്ത്യൻ സ്വാതന്ത്ര സമരത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രക്തസാക്ഷികളിൽ ഒരാളായിരുന്നു. ഇത്തരത്തിൽ സ്വാതന്ത്ര്യസമരത്തിന്റെ വിവിധ ഘട്ടങ്ങളിലായി ഇടപെട്ട വിദ്യാർത്ഥികളുടെ പങ്കാളിത്തം ബ്രിട്ടീഷ് ഭരണത്തിനെതിരായ ജനകീയ സമ്മർദ്ദം ശക്തിപ്പെടുത്തി. ഇന്ത്യയിൽ കൊളോണിയൽ ഭരണം തുടരാനാവില്ലെന്ന രാഷ്ട്രീയ സാഹചര്യം രൂപപ്പെടാൻ സഹായിച്ച നിരവധി ഘടകങ്ങളിൽ ഇത്തരത്തിലുള്ള നിരവധിയായ വിദ്യാർത്ഥി മുന്നേറ്റങ്ങളും ഉൾപ്പെടുന്നു.

സ്വതന്ത്ര ഇന്ത്യയിലെ വിദ്യാർത്ഥി പ്രക്ഷോഭങ്ങൾ

സ്വാതന്ത്ര്യാനന്തരം വിദ്യാർത്ഥി പ്രക്ഷോഭങ്ങളുടെ സ്വഭാവത്തിൽ വലിയ മാറ്റമുണ്ടായി. അവയുടെ പ്രധാനലക്ഷ്യം ജനങ്ങൾ തിരഞ്ഞെടുത്ത സർക്കാരുകളെ ഉത്തരവാദിത്വങ്ങൾ ഓർമ്മിപ്പിക്കുന്ന തിരുത്തൽ ശക്തിയാവുക എന്നതായിരുന്നു. സ്വതന്ത്ര ഇന്ത്യ അടയാളപ്പെടുത്തിയിട്ടുള്ള ഏറ്റവും സ്വാധീനമുള്ള വിദ്യാർത്ഥി പ്രക്ഷോഭങ്ങളിലൊന്നാണ് തമിഴ്നാട്ടിൽ 1965ൽ നടന്ന ഹിന്ദി വിരുദ്ധസമരം. ഹിന്ദി മാത്രം കേന്ദ്രത്തിന്റെ ഔദ്യോഗിക ഭാഷയാകുമെന്ന ആശങ്ക തമിഴ് സമൂഹത്തിൽ വലിയ പ്രതിഷേധത്തിന് കാരണമായി. ഈ ഘട്ടത്തിൽ വിദ്യാർത്ഥികൾ ഭാഷാ സമരത്തിൻ്റെ മുന്നണി പോരാളികളായി. 'മദ്രാസ് സ്റ്റേറ്റ് സ്റ്റുഡന്റ്സ് ആന്റി-ഹിന്ദി അജിറ്റേഷൻ കൗൺസിൽ' നയിച്ച പ്രക്ഷോഭം തമിഴ്നാട്ടിൽ ഉടനീളം വ്യാപിക്കുകയും പൊലീസ് വെടിവയ്പ്പ് ഉൾപ്പെടെയുള്ള അക്രമസംഭവങ്ങൾക്ക് വഴിവെയ്ക്കുകയും ചെയ്തു.

The history of anti-Hindi imposition movements in Tamil Nadu

ഒടുവിൽ വിദ്യാർത്ഥി പ്രക്ഷോഭത്തിന് മുന്നിൽ സർക്കാർ മുട്ടുകുത്തി. സംസ്ഥാനങ്ങൾ തമ്മിലുള്ള ആശയവിനിമയത്തിനും കേന്ദ്ര-സംസ്ഥാന ആശയവിനിമയങ്ങൾക്കും ഇംഗ്ലീഷ് ഭാഷ തുടർന്നും ഉപയോഗിക്കാം, ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങളുടെ മേൽ അവരുടെ അനുമതിയില്ലാതെ ഹിന്ദി അടിച്ചേൽപ്പിക്കില്ല, സിവിൽ സർവീസ് പരീക്ഷകൾ ഇംഗ്ലീഷിൽ തുടർന്നും എഴുതാം തുടങ്ങി കേന്ദ്ര സർക്കാർ നൽകിയ ഉറപ്പിന്മേൽ വിദ്യാർത്ഥികൾ സമരം അവസാനിപ്പിക്കുകയായിരുന്നു. പിന്നീട് 1967-ലെ ഔദ്യോഗിക ഭാഷാ നിയമ ഭേദഗതിയിലൂടെ അത് നിയമപരമായി ഉറപ്പിക്കപ്പെട്ടു. ഈ സമരം ഭാഷാനയം മാത്രമല്ല തമിഴ്നാട്ടിലെ രാഷ്ട്രീയവും മാറ്റിമറിച്ചു. കോൺഗ്രസിന്റെ ദീർഘകാല ആധിപത്യം അവസാനിക്കുകയും ദ്രാവിഡ പാർട്ടികളുടെ കാലഘട്ടം ആരംഭിക്കുകയും ചെയ്തു. 1968-ൽ ഡിഎംകെ സർക്കാർ കേന്ദ്രത്തിന്റെ ത്രിഭാഷാ നയം തള്ളിക്കളയുകയും, തമിഴും ഇംഗ്ലീഷും മാത്രം ഉൾപ്പെടുന്ന ദ്വിഭാഷാ നയം സംസ്ഥാനത്ത് ഔദ്യോഗികമായി നടപ്പിലാക്കുകയും ചെയ്തു.

നവനിർമാൺ പ്രസ്ഥാനം

ഗുജറാത്തിലെ ഒരു എഞ്ചിനീയറിങ് കോളേജിലെ മെസ് ഫീസ് വർധനവിനെതിരായ പ്രതിഷേധമായായിട്ടായിരുന്നു നവനിർമാൺ പ്രസ്ഥാനത്തിന്റെ തുടക്കം.എന്നാൽ അത് വളരെ വേഗം അഴിമതി, വിലക്കയറ്റം, ഭരണപരാജയം എന്നിവയ്‌ക്കെതിരായ സംസ്ഥാനവ്യാപക ജനകീയ പ്രസ്ഥാനമായി വളർന്നു. വിദ്യാർത്ഥികൾക്ക് പിന്നാലെ മധ്യവർഗവും തൊഴിലാളികളും പ്രതിഷേധത്തിൻ്റെ ഭാഗമായി. ഒടുക്കം മുഖ്യമന്ത്രി ചിമൻഭായ് പട്ടേൽ രാജിവെക്കുകയും ഗുജറാത്ത് നിയമസഭ പിരിച്ചുവിടുകയും പ്രസിഡന്റ് ഭരണം ഏർപ്പെടുത്തുകയും ചെയ്തു. വിദ്യാർത്ഥി പ്രതിഷേധമായി ആരംഭിച്ച ഒരു പ്രസ്ഥാനം സംസ്ഥാന സർക്കാരിന്റെ രാജിയിലേക്കും നിയമസഭ പിരിച്ചുവിടുന്നതിലേക്കും നയിച്ച സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ പ്രധാന സംഭവങ്ങളിലൊന്നായിരുന്നു ഇത്.

അടിയന്തരാവസ്ഥക്കാലത്തും രാജ്യത്ത് വിദ്യാർത്ഥി പ്രസ്ഥാനങ്ങളുടെ വലിയ ചെറുത്ത് നിൽപ്പുകൾ ഉണ്ടായി. അടിയന്തരവാസ്ഥയ്ക്കെതിരെ പോരാട്ടം നയിച്ച നിരവധി വിദ്യാർത്ഥി നേതാക്കൾ പിന്നീട് രാജ്യത്തെ രാഷ്ട്രീയ-ഭരണ നേതൃത്വങ്ങളുടെ ഭാ​ഗമായി

ബിഹാറിലെ വിദ്യാർത്ഥി സമരത്തിൽ നിന്നാണ് ജയപ്രകാശ് നാരായണിന്റെ സമ്പൂർണ ക്രാന്തി പ്രസ്ഥാനം ഉയർന്നുവന്നത്. അഴിമതി, തൊഴിലില്ലായ്മ, ഭരണപരാജയം എന്നിവക്കെതിരെ ആരംഭിച്ച പ്രക്ഷോഭം പിന്നീട് രാജ്യവ്യാപക ജനാധിപത്യ പ്രസ്ഥാനമായി മാറി. ഈ പ്രക്ഷോഭവും അതിനോടനുബന്ധിച്ച രാഷ്ട്രീയ പ്രതിസന്ധികളും 1975-ലെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിലേക്ക് നയിച്ച പ്രധാന ഘടകങ്ങളിലൊന്നായി. എന്നാൽ അടിയന്തരാവസ്ഥക്കാലത്തും രാജ്യത്ത് വിദ്യാർത്ഥി പ്രസ്ഥാനങ്ങളുടെ വലിയ ചെറുത്ത് നിൽപ്പുകൾ ഉണ്ടായി. അടിയന്തരവാസ്ഥയ്ക്കെതിരെ പോരാട്ടം നയിച്ച നിരവധി വിദ്യാർത്ഥി നേതാക്കൾ പിന്നീട് രാജ്യത്തെ രാഷ്ട്രീയ-ഭരണ നേതൃത്വങ്ങളുടെ ഭാ​ഗമായി. 1977-ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയപ്പെടുകയും ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യ കോൺഗ്രസ് ഇതര കേന്ദ്ര സർക്കാർ അധികാരത്തിലെത്തുകയും ചെയ്തു. രാജ്യത്തിൻ്റെ അധികാര ഘടന തന്നെ മാറ്റിമറിച്ച ഒരു മുന്നേറ്റത്തിൽ വിദ്യാർത്ഥി പങ്കാളിത്തം അടയാളപ്പെടുത്തിയതിന് ഉദാഹരണമാണ് അടിയന്തരാവസ്ഥ കാലഘട്ടം.

അസാം പ്രസ്ഥാനം

ഓൾ അസാം സ്റ്റുഡന്റ്സ് യൂണിയന്റെ നേതൃത്വത്തിൽ നിലവിൽ വന്ന അസാം പ്രസ്ഥാനം ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ വിദ്യാർത്ഥി പ്രക്ഷോഭങ്ങളിലൊന്നാണ്. അസമിലെ തദ്ദേശീയരായ ജനങ്ങളുടെ സാംസ്കാരികവും രാഷ്ട്രീയവുമായ വ്യക്തിത്വം സംരക്ഷിക്കുന്നതിനായി നിരവധി പ്രക്ഷോഭങ്ങൾക്ക് ഈ സംഘടന നേതൃത്വം നൽകിയിട്ടുണ്ട്. ആറുവർഷത്തെ ശക്തമായ സമരത്തിന് ശേഷം 1985-ൽ ആസാം കരാർ നിലവിൽ വന്നു. 1971 മാർച്ച് 24 എന്ന നിർണായക തീയതി അടിസ്ഥാനമാക്കി പൗരത്വ നിർണയം നടത്താനുള്ള ചട്ടക്കൂട് രൂപപ്പെട്ടത് ഓൾ അസാം സ്റ്റുഡന്റ്സ് യൂണിയന്റെ പ്രക്ഷോഭത്തെ തുടർന്നായിരുന്നു. ഇന്ത്യയിലെ പൗരത്വ-കുടിയേറ്റ നയങ്ങളെ ദീർഘകാലത്തേക്ക് സ്വാധീനിച്ച കരാറായിരുന്നു അസം കരാർ. അടുത്തിടെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം നടന്നപ്പോൾ അസം കരാർ വീണ്ടും ചർച്ചയായിരുന്നു.

മണ്ഡൽ കമ്മീഷൻ വിരുദ്ധ സമരം

1990ൽ വി പി സിങ് സർക്കാർ ഒബിസി സംവരണം നടപ്പാക്കിയതിനെതിരെ രാജ്യവ്യാപക വിദ്യാർത്ഥി പ്രതിഷേധം ഉയർന്നു. വിപുലമായ പ്രക്ഷോഭങ്ങളും ആത്മാഹുതിശ്രമങ്ങളും ഉണ്ടായെങ്കിലും നയം പിൻവലിക്കാൻ സർക്കാർ തയാറായില്ല. എന്നാൽ ഈ പ്രതിഷേധം സുപ്രീംകോടതിയുടെ ചരിത്രപരമായ ഇന്ദ്ര സാഹ്നി വിധിക്ക് പശ്ചാത്തലമായി. ഇന്ത്യയിലെ സംവരണ സംവിധാനത്തിന്റെ പരിധിയും നിയമസാധുതയും നിശ്ചയിക്കുന്നതിൽ ഇന്നും മാ​ഗ്നാകാ‍ർട്ട ഇന്ദിരാ സാഹ്നി വിധിയാണ്. രാജ്യത്തെ ആകെ സംവരണം സാധാരണ സാഹചര്യങ്ങളിൽ 50% എന്ന പരിധിയിൽ കൂടരുതെന്ന് സുപ്രീംകോടതി നിർദേശിച്ചു. സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് ഏർപ്പെടുത്തിയ 27% സംവരണം ഈ വിധിപ്രകാരം കോടതി നിയമപരമായി ശരിവെച്ചു. പിന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായും സാമൂഹികമായും മുന്നാക്കം നിൽക്കുന്നവരെ (ക്രീമി ലെയർ) സംവരണ ആനുകൂല്യങ്ങളിൽ നിന്ന് ഒഴിവാക്കണമെന്നും കോടതി നിർദ്ദേശിച്ചു. സംവരണം എന്നത് നേരിട്ടുള്ള നിയമനങ്ങൾക്ക് മാത്രമേ ബാധകമാകൂ എന്നും, ഉദ്യോഗക്കയറ്റങ്ങളിൽ സംവരണം പാടില്ലെന്നും കോടതി വ്യക്തമാക്കി. ഭരണഘടനയനുസരിച്ച് സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥയാണ് സംവരണത്തിന് അടിസ്ഥാനമെന്നും കേവലം സാമ്പത്തിക പിന്നാക്കാവസ്ഥ മാത്രം മുൻനിർത്തി സംവരണം നൽകാനാകില്ലെന്നും അന്ന് കോടതി നിരീക്ഷിച്ചിരുന്നു. പിന്നാക്ക വിഭാഗങ്ങളുടെ പട്ടിക പുതുക്കുന്നതിനും പരാതികൾ പരിഹരിക്കുന്നതിനുമായി കേന്ദ്ര-സംസ്ഥാന തലങ്ങളിൽ സ്ഥിരം കമ്മീഷനുകൾ രൂപീകരിക്കാൻ കോടതി ഉത്തരവിട്ടതും ഇതുമായി ബന്ധപ്പെട്ടാണ്. 50 ശതമാനം സംവരണപരിധിയും “ക്രീമി ലെയർ” ആശയവും പിന്നീട് ഇന്ത്യൻ സംവരണ സംവിധാനത്തിന്റെ സ്ഥിരം ഘടകങ്ങളായി.

2011ൽ അണ്ണാ ഹസാരെയുടെ നേതൃത്വത്തിൽ നടന്ന അഴിമതിവിരുദ്ധ പ്രസ്ഥാനത്തിൽ രാജ്യത്തുടനീളമുള്ള വിദ്യാർത്ഥികൾ വൻതോതിൽ പങ്കെടുത്തു. സോഷ്യൽ മീഡിയയുടെ കാലത്ത് നടന്ന ഈ സമരത്തിലെ വിദ്യാർത്ഥി പങ്കാളിത്തം ദേശീയ രാഷ്ട്രീയത്തെ ശക്തമായി സ്വാധീനിച്ചു. ഒടുവിൽ 2013-ൽ ലോക്പാൽ ആൻഡ് ലോകായുക്താസ് നിയമം പാസാക്കാൻ കേന്ദ്ര സർക്കാർ നിർബന്ധിതമായി.

ജസ്റ്റിസ് ഫോ‍ർ രോഹിത് വെമുല

ഹൈദരാബാദ് സർവകലാശാലയിലെ ഗവേഷക വിദ്യാർത്ഥിയായ രോഹിത് ചക്രവർത്തി വെമുലയുടെ മരണം ഇന്ത്യൻ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ നിർണ്ണായക ഇടപെടലുകൾക്ക് വഴിതെളിച്ച സംഭവമായിരുന്നു. 2016 ജനുവരി 17നായിരുന്നു ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജാതിവിവേചനത്തെ കുറിച്ച് ​ഗൗരവമായ ചോദ്യങ്ങൾ അവശേഷിപ്പിച്ച് രോഹിത് വെമുല ജീവനൊടുക്കിയത്. ഇന്ത്യൻ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജാതി എങ്ങനെ പ്രവർത്തിക്കുന്നു, സാമൂഹികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളിൽനിന്ന് സർവകലാശാലകളിലെത്തുന്ന വിദ്യാർത്ഥികൾക്ക് തുല്യമായ അക്കാദമിക്-സാമൂഹിക ഇടം ലഭിക്കുന്നുണ്ടോ, വിദ്യാർത്ഥികളുടെ രാഷ്ട്രീയ വിയോജിപ്പുകളോട് സർവകലാശാലാ ഭരണകൂടങ്ങൾ എങ്ങനെ പ്രതികരിക്കുന്നു തുടങ്ങിയ ചോദ്യങ്ങൾ ദേശീയതലത്തിൽ ഉയർത്തിയ സംഭവമായി രോഹിത് വെമുലയുടെ മരണം മാറി.

രോഹിത് വെമുലയുടെ മരണത്തിനു പിന്നാലെ ഉയർന്ന ജസ്റ്റിസ് ഫോർ രോഹിമ് വെമുല പ്രക്ഷോഭം ഹൈദരാബാദ് സർവകലാശാലയുടെ അതിരുകൾക്ക് പുറത്തേയ്ക്ക് കടന്ന് രാജ്യം മുഴുവൻ വ്യാപിച്ചു. ഡൽഹിയിലേക്കും ജെഎൻയുവിലേക്കും രാജ്യത്തെ മറ്റു സർവകലാശാലകളിലേക്കും തെരുവുകളിലേക്കും പാർലമെന്റിലേക്കും കോടതികളിലേക്കും ആ പ്രതിഷേധത്തിന്റെ രാഷ്ട്രീയ പ്രതിധ്വനി വ്യാപിച്ചു. പത്ത് വർഷങ്ങൾക്കിപ്പുറം 2026-ലും ഇന്ത്യൻ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിവേചനം തടയുന്നതിനുള്ള നിയമസംവിധാനങ്ങളെക്കുറിച്ചുള്ള ചർച്ചകളിളും രോഹിത് വെമുലയുടെ പേര് കേന്ദ്രസ്ഥാനത്ത് തുടരുന്നു.രാഹുൽ ​ഗാന്ധിയുടെ ആവശ്യപ്രകാരം കലാലയങ്ങളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങളിൽ പെട്ട വിദ്യാർത്ഥികൾക്കും ജീവനക്കാർക്കുമെതിരെയുള്ള ജാതിവിവേചനവും ചൂഷണവും തടയാൻ ലക്ഷ്യമിട്ട് 'രോഹിത് വെമുല ആക്ട്' എന്ന പേരിലുള്ള നിയമപരമായ ആശയത്തെ നടപ്പിലാക്കാൻ തീരുമാനിച്ചതും ഈ ഘട്ടത്തിൽ എടുത്ത് പറയേണ്ടതാണ്.

ദേശീയ സംവാദങ്ങൾ സൃഷ്ടിച്ച FTII, JNU, CAA പ്രക്ഷോഭങ്ങൾ

പൂനെയിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ 2015ൽ നടന്ന വിദ്യാർത്ഥി സമരം രാജ്യത്ത് ഏറെ ചർച്ചയായിരുന്നു.തുടർച്ചയായി 139 ദിവസമാണ് ക്ലാസുകൾ ബഹിഷ്കരിച്ച് വിദ്യാർത്ഥികൾ സമരം ചെയ്തത്.ബിജെപി നേതാവും ടെലിവിഷൻ നടനുമായ ഗജേന്ദ്ര ചൗഹാനെ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചെയർമാനായി കേന്ദ്ര സർക്കാർ നിയമിച്ചതായിരുന്നു സമരത്തിന് കാരണം. പ്രമുഖ ചലച്ചിത്ര പ്രവർത്തകർ ഇരുന്ന പദവിയിലേക്ക് ആവശ്യത്തിന് യോഗ്യതയോ സിനിമയെക്കുറിച്ച് കൃത്യമായ കാഴ്ചപ്പാടോ ഇല്ലാത്ത ഒരാളെ രാഷ്ട്രീയ താല്പര്യങ്ങളുടെ പേരിൽ നിയമിച്ചു എന്നതായിരുന്നു വിദ്യാർത്ഥികളുടെ ആക്ഷേപം. കേന്ദ്ര സർക്കാരുമായി നടത്തിയ ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന് വിദ്യാർത്ഥികൾ സമരം അവസാനിപ്പിച്ച് ക്ലാസുകളിൽ കയറിയെങ്കിലും പ്രതിഷേധം തുടർന്നു. പിന്നീട് കാലാവധി പൂർത്തിയായപ്പോൾ സർക്കാർ അദ്ദേഹത്തിന് വീണ്ടും നിയമനം നൽകിയില്ല.

2016 മുതൽ തുടരുന്ന ജെഎൻയുവിലെ സമരങ്ങൾ രാജ്യത്തെ സമകാലിക വിദ്യാർത്ഥി സമരങ്ങളുടെ പ്രഭവകേന്ദ്രമാകുന്നുണ്ട്. പാർലമെന്റ് ആക്രമണക്കേസിലെ പ്രതി അഫ്സൽ ഗുരുവിനെ തൂക്കിലേറ്റിയതിനെതിരെ 2016 ഫെബ്രുവരി 9-ന് ക്യാമ്പസിൽ നടന്ന ഒരു പരിപാടിയെച്ചൊല്ലിയുള്ള വിവാദമാണ് 2016ലെ ജെഎൻയു സമരത്തിൻ്റെ കാരണമായത്. രാജ്യവിരുദ്ധ മുദ്രാവാക്യങ്ങൾ ഉയർന്നുവെന്ന ആരോപണത്തെ തുടർന്നാണ് അന്നത്തെ ജെൻയു സ്റ്റുഡൻ്റ്സ് യൂണിയൻ പ്രസിഡന്റ് കനയ്യ കുമാർ, ഉമർ ഖാലിദ് തുടങ്ങിയ വിദ്യാർത്ഥി നേതാക്കളെ ഡൽഹി പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. വിദ്യാർത്ഥികളെ ജനാധിപത്യവിരുദ്ധമായി വേട്ടയാടുന്നതിനെതിരെ രാജ്യവ്യാപകമായി വലിയ വിദ്യാർത്ഥി പ്രക്ഷോഭങ്ങൾ ഈ സംഭവത്തെ തുടർന്ന് അരങ്ങേറി.

2019 നവംബറിൽ സർവകലാശാല അധികൃതർ ഹോസ്റ്റൽ ഫീസ് 150 ശതമാനത്തോളം കുത്തനെ വർദ്ധിപ്പിച്ചത് ജെഎൻയുവിൽ മറ്റൊരു വിദ്യാർത്ഥി പ്രക്ഷോഭത്തിനും. ഇതിനൊപ്പം വസ്ത്രധാരണത്തിനും സമയക്രമത്തിനും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതും വിദ്യാർത്ഥി സമരത്തെ തീവ്രമാക്കി. സാധാരണക്കാരായ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നതാണ് ഫീസ് വർദ്ധനവ് എന്ന് ചൂണ്ടിക്കാണിച്ച് വിദ്യാർത്ഥി യൂണിയൻ പരീക്ഷകൾ ബഹിഷ്കരിച്ചുകൊണ്ട് ശക്തമായ പ്രക്ഷോഭം ആരംഭിച്ചു. പാർലമെന്റിലേക്ക് വിദ്യാർത്ഥികൾ നടത്തിയ മാർച്ച് പൊലീസ് തടയുകയും ലാത്തിച്ചാർജ് നടത്തുകയും ചെയ്തു. സമരത്തിന്റെ തുടർച്ചയായി 2020 ജനുവരി 5-ന് മുഖംമൂടി ധരിച്ച അക്രമികൾ ഇരുമ്പ് വടികളും മാരകായുധങ്ങളുമായി ജെഎൻയു ക്യാമ്പസിൽ അതിക്രമിച്ചു കയറി വിദ്യാർത്ഥികളെയും അധ്യാപകരെയും ക്രൂരമായി മർദിക്കുകയും ഹോസ്റ്റലുകൾ തകർക്കുകയും ചെയ്തു.

ഏറ്റവും ഒടുവിൽ വിസിയുടെ പരാമർശത്തിനെതിരെ 2026ൽ ജെഎൻയു ശക്തമായ വിദ്യാർത്ഥി സമരത്തിന് വേദിയായി. വൈസ് ചാൻസലർ ശാന്തിശ്രീ ധൂലിപുടി പണ്ഡിറ്റ് ഒരു പോഡ്‌കാസ്റ്റിൽ ദളിത് വിഭാഗങ്ങളെക്കുറിച്ച് നടത്തിയതായി ആരോപിക്കപ്പെടുന്ന ജാതീയ പരാമർശങ്ങളാണ് പ്രതിഷേധങ്ങൾക്ക് കാരണമായത്. വിസിയുടെ രാജി ആവശ്യപ്പെട്ട് ഇടത് വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിൽ 'സമതാ ജുലൂസ്' (Equality March) സംഘടിപ്പിച്ചു. ഫെബ്രുവരിയിൽ ഈ മാർച്ച് വിദ്യാഭ്യാസ മന്ത്രാലയത്തിലേക്ക് നീങ്ങാൻ ശ്രമിച്ചപ്പോൾ പൊലീസുമായി സംഘർഷമുണ്ടാവുകയും വിദ്യാർത്ഥികൾ അറസ്റ്റിലാവുകയും ചെയ്തു. പ്രക്ഷോഭത്തിനിടെ ജെഎൻയു ക്യാമ്പസിനുള്ളിൽ ഇടത് സംഘടനകളും എബിവിപിയും തമ്മിൽ വലിയ രീതിയിലുള്ള കല്ലേറും സംഘർഷവുമുണ്ടായിരുന്നു.

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്വയംഭരണം, അഭിപ്രായസ്വാതന്ത്ര്യം, പൗരാവകാശങ്ങൾ, പോലീസ് ഇടപെടൽ, ഭരണഘടനാ മൂല്യങ്ങൾ എന്നിവയെക്കുറിച്ചുള്ള ദേശീയതലത്തിലുള്ള ചർച്ചകൾക്ക് ജെഎൻയുവിലെ സമരപരമ്പരകൾ വഴിവെച്ചിരുന്നു.

2019-20 കാലഘട്ടത്തിൽ ഇന്ത്യയിൽ നടന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങളുടെ പ്രധാന ചാലകശക്തി വിദ്യാർത്ഥികളായിരുന്നു. ഈ പ്രക്ഷോഭങ്ങൾ ഇന്ത്യൻ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിദ്യാർത്ഥി മുന്നേറ്റങ്ങളിൽ ഒന്നായി മാറി.2019 ഡിസംബർ ആദ്യവാരം അസമിലെ ഓൾ അസം സ്റ്റുഡന്റ്സ് യൂണിയന്റെ നേതൃത്വത്തിലാണ് വിദ്യാർത്ഥി പ്രതിഷേധങ്ങൾ ആദ്യമായി പൊട്ടിപ്പുറപ്പെട്ടത്. 2019 ഡിസംബർ 13-15 തീയതികളിൽ ജാമിയയിലെ വിദ്യാർത്ഥികൾ തെരുവിലിറങ്ങി. ഡിസംബർ 15-ന് ഡൽഹി പോലീസ് കാമ്പസിനുള്ളിലും ലൈബ്രറിയിലും അതിക്രമിച്ചു കയറി വിദ്യാർത്ഥികളെ ക്രൂരമായി മർദ്ദിച്ച സംഭവം രാജ്യവ്യാപക പ്രതിഷേധത്തിന് കാരണമായി. ജാമിയയിലെ പോലീസ് നടപടിക്ക് പിന്നാലെ അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയിലും വിദ്യാർത്ഥികൾക്ക് നേരെ കടുത്ത പോലീസ് അതിക്രമം ഉണ്ടായി. ജെഎൻയു, ഡൽഹി യൂണിവേഴ്സിറ്റി, ജാദവ്പൂർ യൂണിവേഴ്സിറ്റി, ഐഐടി മദ്രാസ്, ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി എന്നിവടങ്ങളിലെ വിദ്യാർത്ഥികളും പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങളുടെ ഭാഗമായി. കേരളത്തിൽ കുസാറ്റ്, കാലിക്കറ്റ്, എം ജി സർവകലാശാലകളിലെയും മഹാരാജാസ് കോളേജിലെയും വിദ്യാർത്ഥികൾ ഐക്യദാർഢ്യ റാലികളും പ്രതിഷേധങ്ങളും നടത്തി പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരമുഖം തീർത്തു.

എല്ലാ വിദ്യാർത്ഥി സമരങ്ങളും വിജയിച്ചിട്ടില്ലെങ്കിലും അവ കൃത്യമായ അടയാളങ്ങൾ അവശേഷിപ്പിച്ചിട്ടുണ്ട്. ഇന്ത്യൻ വിദ്യാർത്ഥികൾ രാജ്യത്തിന്റെ ജനാധിപത്യ ദിശയെ പല നിർണായക ഘട്ടങ്ങളിലും സ്വാധീനിച്ച സാമൂഹിക-രാഷ്ട്രീയ ശക്തി കൂടിയായിരുന്നു എന്നാണ് വിദ്യാർത്ഥി പ്രക്ഷോഭങ്ങളുടെ ചരിത്രം തെളിയിക്കുന്നത്. വിദ്യാർത്ഥികൾ നയിച്ച എല്ലാ സമരങ്ങളും തൽക്ഷണ വിജയം നേടിയിട്ടില്ലെങ്കിലും അവ ഇന്ത്യൻ ജനാധിപത്യത്തെ നിരന്തരം ചോദ്യം ചെയ്യുകയും തിരുത്തുകയും മുന്നോട്ട് നയിക്കുകയും ചെയ്ത നിർണായക ഇടപെടലുകളായി ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

പൗരത്വ നിയമത്തിൽ നിന്ന് മുസ്‌ലിംകളെ ഒഴിവാക്കിയത് ഭരണഘടന ഉറപ്പുനൽകുന്ന സമത്വത്തിനുള്ള അവകാശത്തിന്റെ ലംഘനമാണെന്നതായിരുന്നു വിദ്യാർത്ഥി പ്രക്ഷോഭത്തിൽ ഉയർന്ന പ്രധാനവിഷയം. പ്രതിഷേധങ്ങളിൽ ഇന്ത്യൻ ഭരണഘടനയുടെ ആമുഖം പരസ്യമായി വായിച്ചുകൊണ്ടായിരുന്നു വിദ്യാർത്ഥികൾ പ്രതിരോധം തീർത്തത്. പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്ററും ഒന്നിച്ച് നടപ്പിലാക്കുന്നത് രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങളെ പൗരത്വമില്ലാത്തവരാക്കുമെന്ന് സമര രംഗത്ത് ഉണ്ടായിരുന്ന വിദ്യാർത്ഥികൾ വാദിച്ചു. 2020 മാർച്ചിൽ കോവിഡ്-19 മഹാമാരിയെത്തുടർന്ന് രാജ്യം ലോക്ക്ഡൗണിലേക്ക് നീങ്ങിയതോടെയാണ് സംഘർഷഭരിതമായിരുന്ന ഈ വിദ്യാർത്ഥി പ്രക്ഷോഭം താൽക്കാലികമായി അവസാനിച്ചത്.

എല്ലാ വിദ്യാർത്ഥി സമരങ്ങളും വിജയിച്ചിട്ടില്ലെങ്കിലും അവ കൃത്യമായ അടയാളങ്ങൾ അവശേഷിപ്പിച്ചിട്ടുണ്ട്. ഇന്ത്യൻ വിദ്യാർത്ഥികൾ രാജ്യത്തിന്റെ ജനാധിപത്യ ദിശയെ പല നിർണായക ഘട്ടങ്ങളിലും സ്വാധീനിച്ച സാമൂഹിക-രാഷ്ട്രീയ ശക്തി കൂടിയായിരുന്നു എന്നാണ് വിദ്യാർത്ഥി പ്രക്ഷോഭങ്ങളുടെ ചരിത്രം തെളിയിക്കുന്നത്. വിദ്യാർത്ഥികൾ നയിച്ച എല്ലാ സമരങ്ങളും തൽക്ഷണ വിജയം നേടിയിട്ടില്ലെങ്കിലും അവ ഇന്ത്യൻ ജനാധിപത്യത്തെ നിരന്തരം ചോദ്യം ചെയ്യുകയും തിരുത്തുകയും മുന്നോട്ട് നയിക്കുകയും ചെയ്ത നിർണായക ഇടപെടലുകളായി ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

Content Highlights: India's political history has been deeply influenced by student movements. Explore the landmark student protests, their leaders, and how they shaped democracy, governance, and social change across the country.

dot image
To advertise here,contact us
dot image