

ന്യൂഡല്‍ഹി: പെട്രോളില്‍ എഥനോള്‍ ചേര്‍ക്കുന്നതിനെതിരെ പാര്‍ലമെന്റ് മാര്‍ച്ചിനൊരുങ്ങി ട്രാന്‍സ്‌പോര്‍ട്ട് യൂണിയനുകള്‍. ഡല്‍ഹി ടാക്‌സി, ടൂറിസ്റ്റ് ട്രാന്‍സ്‌പോര്‍ട്ടേഴ്‌സ്, ടൂര്‍ ഓപ്പറേഷന്‍ അസോസിയേഷന്‍ എന്നിവരുടെ നേതൃത്വത്തില്‍ ആഗസ്റ്റ് നാലിന് പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. നീറ്റ് ക്രമക്കേടില്‍ കോക്രോച്ച് ജനതാപാര്‍ട്ടിയും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് നടത്തിയ പ്രതിഷേധത്തിനൊടുവില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രഥാന്‍ രാജിവെച്ചതിന് പിന്നാലെയാണ് ട്രാന്‍സ്‌പോര്‍ട്ട് യൂണിയനുകള്‍ മാര്‍ച്ച് പ്രഖ്യാപിച്ചത്.
ഇ20 പെട്രോളിന് പിന്നാലെ വാഹനങ്ങളുടെ എഞ്ചിന്‍ പ്രവര്‍ത്തനം, ഇന്ധന ക്ഷമത, പരിപാലനച്ചെലവ് എന്നിവ വളരെ കൂടുതലാണെന്നും 2015ന് മുമ്പ് നിര്‍മ്മിച്ച പല വാഹനങ്ങളും ഇ20 പെട്രോളിന് അനുയോജ്യമായ ഡിസൈന്‍ അല്ലെന്നും സംഘടനാ ഭാരവാഹികള്‍ ആരോപിച്ചു. വാഹന ഉടമകള്‍, ഉപഭോക്താക്കള്‍, വാഹന നിര്‍മ്മാതാക്കള്‍, സാങ്കേതിക വിദഗ്ധര്‍ എന്നിവരെ ഉള്‍പ്പെടുത്തിക്കൊണ്ട് ഇ20 പെട്രോള്‍ സംബന്ധിച്ച നയങ്ങളുടെ സ്വതന്ത്രവും ശാസ്ത്രീയവുമായ അവലോകനം നടത്തണമെന്നും ആവശ്യപ്പെട്ടു. ഇക്കാര്യവും മുന്‍നിര്‍ത്തിയാവും പാര്‍ലമെന്റ് മാര്‍ച്ച്.
സിജെപി സമരവിജയത്തിന് പിന്നാലെ സോഷ്യല്‍മീഡിയയില്‍ ഇ20 ജനതാ പാര്‍ട്ടി എന്ന പേരില്‍ കൂട്ടായ്മയും രൂപപ്പെട്ടു. 'നൂറ് ശതമാനം ശുദ്ധമായ പെട്രോള്‍ വാങ്ങാനുള്ള ഓരോ പൗരന്റേയും അവകാശത്തിനായി ഇ20 ജനതാപാര്‍ട്ടി പോരാടും. ഉപഭോക്താക്കള്‍ അവരുടെ ഇന്ധന ടാങ്കുകളിലേക്ക് എന്ത് പോകണമെന്ന് തീരുമാനിക്കട്ടെ', എന്നാണ് അക്കൗണ്ടിന്റെ ബയോയില്‍ പറയുന്നത്.
Content Highlights: Transport unions are preparing to march to Parliament in protest against the blending of ethanol with petrol, raising concerns over its impact on vehicles and the transport sector.