മൃ​ഗങ്ങളുടെ സംരക്ഷണം; ഡിജിറ്റൽ ദത്തെടുക്കൽ സംവിധാനവുമായി ദുബായ് മുനിസിപ്പാലിറ്റി

മൃഗങ്ങളെ ദത്തെടുക്കാൻ താൽപര്യമുള്ളവർക്ക് പുതിയ മൃഗസംരക്ഷണ കേന്ദ്രം സന്ദർശിക്കുന്നതിന് മുമ്പ് ഓൺലൈൻ പ്ലാറ്റ്‌ഫോം വഴി മൃ​ഗങ്ങളെ കാണാനും അവയുടെ ആരോഗ്യനില, സ്വഭാവം തുടങ്ങിയ വിവരങ്ങൾ പരിശോധിക്കാനും കഴിയും

മൃ​ഗങ്ങളുടെ സംരക്ഷണം; ഡിജിറ്റൽ ദത്തെടുക്കൽ സംവിധാനവുമായി ദുബായ് മുനിസിപ്പാലിറ്റി
dot image

ഡിജിറ്റല്‍ സംവിധാനങ്ങളോടുകൂടിയ പുതിയ മൃഗസംരക്ഷണ കേന്ദ്രം ഉദ്ഘാടനം ചെയ്ത് ദുബായ് മുനിസിപ്പാലിറ്റി. തെരുവിലും വഴിതെറ്റിപ്പോയതുമായ വളർത്തുമൃഗങ്ങളുടെ സംരക്ഷണത്തിനും ദത്തെടുക്കൽ പ്രോത്സാഹിപ്പിക്കാനുമായി ഡിജിറ്റൽ പ്ലാറ്റ്‌ഫോമോടുകൂടിയ സമഗ്ര മൃ​ഗസംരക്ഷണ കേന്ദ്രം തുറന്ന് ദുബായ് മുനിസിപ്പാലിറ്റി. വാർസണിലെ ബേർഡ്സ് ആൻഡ് പെറ്റ്സ് മാർക്കറ്റിലാണ് പുതിയ കേന്ദ്രം പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.

മൃഗങ്ങളെ ദത്തെടുക്കാൻ താൽപര്യമുള്ളവർക്ക് ഇവിടം സന്ദർശിക്കുന്നതിന് മുമ്പ് ഓൺലൈൻ പ്ലാറ്റ്‌ഫോം വഴി മൃ​ഗങ്ങളെ കാണാനും അവയുടെ ആരോഗ്യനില, സ്വഭാവം തുടങ്ങിയ വിവരങ്ങൾ പരിശോധിക്കാനും കഴിയും. ഇതിലൂടെ വളർത്തുമൃഗം തിരഞ്ഞെടുക്കുന്നതിൽ കൂടുതൽ അറിവോടെയുള്ള തീരുമാനം എടുക്കാൻ സാധിക്കും എന്നും അധികൃതർ പറഞ്ഞു. തെരുവിലും വഴിതെറ്റിപ്പോയതുമായ മൃ​ഗങ്ങൾക്ക് സംരക്ഷണം, വെറ്ററിനറി ചികിത്സയും ശസ്ത്രക്രിയാ സൗകര്യവും പുനരധിവാസവും ഗ്രൂമിംഗ് സേവനങ്ങളും പുതിയ സംരക്ഷണ കേന്ദ്രങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്ന പ്രധാന സൗകര്യങ്ങളാണ്. വളർത്തുമൃഗത്തെ വീട്ടിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് അതിനൊപ്പം സമയം ചെലവഴിക്കാൻ കഴിയുന്ന ഇന്ററാക്ടീവ് അഡോപ്ഷൻ റൂമുകൾ, തിരിച്ചറിയൽ വിവരങ്ങൾ പരിശോധിച്ച് നഷ്ടപ്പെട്ട വളർത്തുമൃഗങ്ങളെ ഉടമകളുമായി വീണ്ടും ഒന്നിപ്പിക്കുന്ന പ്രത്യേക കേന്ദ്രം എന്നിങ്ങനെയുള്ള പ്രത്യേക സംവിധാനങ്ങളും ഇതിൽ ഉൾപ്പെട്ടുന്നുണ്ട്. മൃഗക്ഷേമം മെച്ചപ്പെടുത്താനും ഉത്തരവാദിത്തമുള്ള വളർത്തുമൃഗ പരിപാലനം പ്രോത്സാഹിപ്പിക്കാനുമുള്ള ദുബായ് മുനിസിപ്പാലിറ്റിയുടെ വിപുലമായ പദ്ധതിയുടെ ഭാഗമാണ് പുതിയ സംവിധാനം. പരിക്കേറ്റതോ രോഗബാധിതമായതോ ആയ തെരുവ് മൃഗങ്ങളുടെ ചികിത്സയും പുനരധിവാസവും ശക്തിപ്പെടുത്തുന്നതിനായി വെറ്റ്സ് ഫർ പെറ്റ്സ് വെറ്ററിനറി ക്ലിനിക് (Vets Fur Pets Veterinary Clinic) ഫീനിക്സ് വെറ്ററിനറി ക്ലിനിക് (Phoenix Veterinary Clinic) എന്നിവയുമായി മുനിസിപ്പാലിറ്റി കരാറിലും ഏർപ്പെട്ടിട്ടുണ്ട്. അന്താരാഷ്ട്ര നിലവാരത്തിലുള്ള ട്രാപ്പ്-ന്യൂറ്റർ-റിട്ടേൺ (Trap-Neuter-Return (TNR)) പദ്ധതി ദുബായ് മുനിസിപ്പാലിറ്റി തുടർന്നും നടപ്പാക്കും എന്നും അധികൃതർ വ്യക്തമാക്കി. ഈ പദ്ധതിയുടെ ഭാഗമായി തെരുവ് പൂച്ചകളെ സുരക്ഷിതമായി പിടികൂടി വന്ധ്യംകരിക്കുകയും ആവശ്യമായ വാക്സിനേഷൻ നൽകുകയും ചെയ്ത ശേഷം, പൊതുജനങ്ങൾക്കും മൃഗങ്ങൾക്കും സുരക്ഷിതമാണെങ്കിൽ അവയെ പഴയ സ്ഥലത്തേക്ക് തന്നെ തിരിച്ചുവിടുകയും ചെയ്യുകയും അവയ്ക്ക് ചികിത്സയും പരിചരണവും തുടരും എന്നും അധികൃതർ പറഞ്ഞു.

മനുഷ്യരുടെയും മൃഗങ്ങളുടെയും പരിസ്ഥിതിയുടെയും ആരോഗ്യം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്ന വൺ ഹെൽത്ത് (One Health) ആശയം ശക്തിപ്പെടുത്തുന്നതിന് പുതിയ സംരക്ഷണ കേന്ദ്രങ്ങൾ സഹായമാകുമെന്നും ദുബായ് മുനിസിപ്പാലിറ്റിയിലെ പരിസ്ഥിതി, ആരോഗ്യം, സുരക്ഷാ ഏജൻസിയുടെ ആക്ടിങ് സി.ഇ.ഒ ഡോ. നസീം മുഹമ്മദ് റഫീ പറഞ്ഞു. ഈ വർഷം ആദ്യം തന്നെ തെരുവ് മൃഗങ്ങളുടെ ക്ഷേമത്തിനും പരിസ്ഥിതി സംരക്ഷണത്തിനുമായി ദുബായ് മുനിസിപ്പാലിറ്റി മേഖലയിലെ ആദ്യ എഐ അധിഷ്ഠിത ഇഹ്സാൻ (Ihsan) സ്മാർട്ട് ഫീഡിംഗ് സ്റ്റേഷനുകൾ ദുബായിലെ വിവിധ ഭാഗങ്ങളിൽ 12 ഇടങ്ങളിൽ സ്ഥാപിച്ചിരുന്നു.

Content Highlight: Dubai Municipality has launched a digital adoption platform to promote animal welfare and make the pet adoption process easier and more accessible

dot image
To advertise here,contact us
dot image