

മുംബൈ: ഡല്‍ഹിയില്‍ നടന്ന സിജെപി പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് മുംബൈയില്‍ നടന്ന പ്രതിഷേധത്തില്‍ ഏറ്റവും ശ്രദ്ധേയമായ ഒന്നായിരുന്നു മഴയത്ത് പൊലീസ് വാന്‍ തടയുന്ന ഒരു യുവതിയുടെ ചിത്രം. പ്രതിഷേധത്തിനിടെ കസ്റ്റഡിയിലെടുത്ത സമരക്കാരുമായി പോയ പൊലീസ് വാനാണ് യുവതി തടഞ്ഞത്. 27 കാരിയായ റിയ യാദവ് എന്ന മോഡലായിരുന്നു ഇത്.
പിന്നാലെ അവർ വളരെയേറെ പ്രശംസ നേടിയെങ്കിലും ഇപ്പോള്‍ തനിക്കുനേരെ ഉണ്ടാകുന്ന സൈബര്‍ ആക്രമണത്തിന്റെ പേരില്‍ പരാതി നല്‍കിയിരിക്കുകയാണ് റിയ. തനിക്കെതിരെ സോഷ്യല്‍ മീഡിയ വഴി അപകീര്‍ത്തികരമായ പരാമര്‍ശം നടത്തുന്നവര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് മഹാരാഷ്ട്ര പൊലീസിന്റെ സൈബര്‍ സെല്ലിനെ സമീപിച്ച് യുവതി ആവശ്യപ്പെട്ടു.
'ജൂലൈ 22 ലെ സംഭവത്തിനുശേഷം തുടര്‍ച്ചയായി ഭീഷണിപ്പെടുത്തല്‍, അപകീര്‍ത്തിപ്പെടുത്തല്‍, സ്ലട്ട്-ഷെയ്മിംഗ് എന്നിവ ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ ഇത് ഓണ്‍ലൈനിലാണ് സംഭവിക്കുന്നത്. പക്ഷേ ഇത് തുടര്‍ന്നാലത് ഇനിയും വളരും. എന്റെ മാതാപിതാക്കളെ ഇത് ബാധിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല', റിയ ദേശീയ മാധ്യമത്തോട് പറഞ്ഞു.

'ഞാന്‍ പൗരന്മാര്‍ക്കുവേണ്ടി നിലകൊള്ളുകയും തെറ്റിനെതിരെ സംസാരിക്കുകയും ചെയ്തു. അതുപോലെ, ഞാന്‍ എനിക്കുവേണ്ടിയും നിലകൊള്ളും. ഈ അതിക്രമത്തിന് ഉത്തരമില്ലാതെ പോകില്ല', അവര്‍ പറഞ്ഞു. റിയയുടെ പരാതി പരിശോധിച്ചുവരികയാണെന്നും കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ദത്ത നളവാഡെ പറഞ്ഞു.
കഴിഞ്ഞ ബുധനാഴ്ച ദാദറിലെ ശിവാജി പാർക്കിന് സമീപം നടന്ന വിദ്യാർത്ഥി പ്രതിഷേധത്തിനിടെയാണ് അറസ്റ്റിലായവരുമായി പോയ പൊലീസ് വാൻ യുവതി തടഞ്ഞുനിർത്തിയത്. ഹുഡിയും തൊപ്പിയും ധരിച്ച് മഴയത്ത് വാൻ തടഞ്ഞുനിൽക്കുന്ന റിയയുടെ വീഡിയോ വൈറലായിരുന്നു. വാഹനത്തെ കൈകൊണ്ട് തടഞ്ഞ് നിന്ന് റിയ 'ആസാദി' മുദ്രാവാക്യം കൂടി മുഴക്കിയതോടെ അവിടെ നിന്നവർ ആവേശത്തോടെ മുദ്രാവാക്യം ഏറ്റുവിളിക്കുകയും അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു.
Content Highlights: Mumbai model riya yadav who blocked police van full of protesters files cyberbullying complaint