
പഴനി: പഴനി കണക്കംപട്ടിയില്‍ അച്ഛനെയും മകളെയും മരിച്ച നിലയില്‍ കണ്ടെത്തി. തൊഴിലാളിയായ പഴനിയപ്പന്‍, മകള്‍ ധനലക്ഷ്മി എന്നിവരുടെ മൃതദേഹമാണ് വീടിനുള്ളില്‍ നിന്നും കണ്ടെത്തിയത്. മകളെ കൊന്ന ശേഷം പഴനിയപ്പന്‍ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
കെട്ടിടനിര്‍മാണ തൊഴിലാളിയായ പഴനിയപ്പന് ഭാര്യയും മൂന്ന് മക്കളുമാണുള്ളത്. കഴിഞ്ഞ ദിവസം പഴനിയപ്പന്റെ ഭാര്യയും രണ്ട് മക്കളും തിരിച്ചന്തൂര്‍ ക്ഷേത്രത്തില്‍ പോയിരുന്നു. ഈ സമയം വീട്ടില്‍ പഴനിയപ്പനും ധനലക്ഷ്മിയും മാത്രമാണ് ഉണ്ടായിരുന്നത്. പഴനിയപ്പനെ ഫോണില്‍ വിളിച്ച് കിട്ടാതിരുന്ന ഭാര്യ ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു.
ബന്ധുക്കളെത്തിയപ്പോള്‍ വീട് പൂട്ടിയ നിലയിലായിരുന്നു. ഉടന്‍ തന്നെ ബന്ധുക്കള്‍ ആയ്ക്കുടി പൊലീസില്‍ അറിയിച്ചു. പൊലീസിന്റെ പരിശോധനയിലാണ് പഴനിയപ്പനെയും ധനലക്ഷ്മിയെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.
ധനലക്ഷ്മിയുടെ കഴുത്തില്‍ കയര്‍ മുറുക്കി കൊല്ലുകയും അതേ കയറില്‍ തന്നെ പഴനിയപ്പനും തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ധനലക്ഷ്മിയുടെ മൃതശരീരത്തില്‍ മരണാനന്തര ചടങ്ങിലേത് പോലെ സാരിയുടുപ്പിച്ച് നെറ്റിയില്‍ ചന്ദനം തൊട്ട് കിടത്തിയിരുന്നതായി പൊലീസ് പറഞ്ഞു. സംഭവത്തില്‍ തമിഴ്‌നാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Content Highlight; In Palani, Father Kills Daughter Before Dying Himself