ഐസറിൽ നിന്ന് ഹാർവഡിലേക്ക്; സ്വപ്‌ന നേട്ടവുമായി ഹനാൻ ഫാത്തിമ

ഭാവിയിൽ ഗവേഷണവും അധ്യാപനവും ഒപ്പംകൊണ്ടുപോകാനാണു താൽപര്യമെന്ന് ഹനാൻ പറയുന്നു

dot image

തൃശൂര്‍: ലോകത്തിലെ ഏറ്റവും മിടുക്കരായ വിദ്യാർഥികളുടെ സ്വപ്നഭൂമിയായ യുഎസിലെ ഹാർവഡ് സർവകലാശാലയിലേക്ക് ഹനാൻ ഫാത്തിമ വ്യാഴാഴ്ച പറന്നിറങ്ങും. മോളിക്യൂലർ ആൻഡ് സെല്ലുലർ ബയോളജി ഡിപ്പാർട്‌മെന്റിൽ ന്യൂറോ സയൻസിൽ സ്‌കോളർഷിപ്പോടെ പിഎച്ച്ഡി ഗവേഷണം.

ഒഡീഷയിലെ ബെർഹാംപുരിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യൂക്കേഷൻ ആൻഡ് റിസർച്ചിൽനിന്ന് (ഐസർ) ബയളോജിക്കൽ സയൻസിൽനിന്ന് ബിഎസ്- എംഎസ് ഡ്യുവൽ ഡിഗ്രിയുമായാണ് തൃശൂർ കൊടുങ്ങല്ലൂർ സ്വദേശിനി ഹനാന്റെ ഹാർവഡ് യാത്ര.

ഐസറിലെ പഠനത്തിന്റെ അഞ്ചാം വർഷം എംഎസ്‌സി റിസർച് ഡിസർട്ടേഷനു യുഎസിലെ വെർജീനിയയിലെ ജനീലിയ റിസർച്ച് ക്യാംപസിൽ സ്‌കോളർഷിപ്പോടെ പോയതാണ് തന്നിൽ ഹാർവഡ് എന്ന സ്വപ്നത്തിനു വിത്തിട്ടതെന്നു ഹനാൻ പറയുന്നു. അവിടെവച്ചാണ് ഹാർവഡിലേക്ക് അപേക്ഷിച്ചത്. ഗവേഷണ പശ്ചാത്തലം ഉൾപ്പെടെ കാണിച്ചാണ് അപേക്ഷ നൽകേണ്ടത്. തുടർന്ന് ഇന്റർവ്യൂ കഴിഞ്ഞ് ഒരാഴ്ചയ്ക്കുശേഷം ഓഫർ ലഭിച്ചു.

ബിരുദാനന്തര ബിരുദ തലത്തിൽ 8.8 സിജിപിഎ നേടിയ ഹനാൻ ഐസറിൽ കൾചറൽ സെക്രട്ടറി, സ്റ്റുഡന്റ് മാഗസിൻ എഡിറ്റർ തുടങ്ങിയ നിലകളിലും തിളങ്ങി. അങ്ങനെ അക്കാദമിക, പാഠ്യേതര മികവുകൾക്കുള്ള ഫൗണ്ടർ ഡയറക്ടറുടെ സ്വർണ മെഡലും നേടി. ഭാവിയിൽ ഗവേഷണവും അധ്യാപനവും ഒപ്പംകൊണ്ടുപോകാനാണു താൽപര്യമെന്ന് ഹനാൻ പറയുന്നു. കേരള ഹൈക്കോടതിയിലെ സീനിയർ ഗവൺമെന്റ് പ്ലീഡർ കൊടുങ്ങല്ലൂർ ശാന്തിപുരം കറുകപ്പാടത്ത് കെ എ നൗഷാദിന്റെയും അധ്യാപിക തസ്‌നിം നൗഷാദിന്റെയും മകളാണ്.

Content Highlights:Thrissur student Hanan Fathima joining to Harvard University for higher studies

dot image
To advertise here,contact us
dot image