
കൊച്ചി: നിര്‍മാതാവ് വിജയ് ബാബുവിനെതിരെ സാന്ദ്രാ തോമസ്. വിജയ് ബാബുവിന് പട്ടിയെ വിശ്വസിക്കാമെന്നും പട്ടി വിജയ് ബാബുവിനെ വിശ്വസിക്കുന്നതിലേയുള്ളൂ പേടിയെന്നും സാന്ദ്രാ തോമസ് ഫേസ്ബുക്കില്‍ കുറിച്ചു. വിജയ് ബാബു സാന്ദ്രയെ പരിഹസിച്ചിട്ട ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയായാണ് സാന്ദ്രയുടെ പോസ്റ്റ്.
എന്നാല്‍ ഈ പോസ്റ്റിന് മറുപടിയുമായി വിജയ് ബാബു വീണ്ടും രംഗത്തെത്തിയിട്ടുണ്ട്. 'പാര്‍ട്ണര്‍ഷിപ്പ് ഒഴിവായപ്പോള്‍ നിനക്ക് പകരം ഞാന്‍ ഒരാളെ ദത്തെടുത്തു. അതേ, സാന്ദ്ര പറഞ്ഞത് ശരിയാണ്. അത് നിന്നേക്കാള്‍ വിശ്വസനീയമാണ്', വിജയ് ബാബു ഫേസ്ബുക്കില്‍ കുറിച്ചു. സാന്ദ്രയുടെ പട്ടി ഷോയ്ക്ക് കൂടുതല്‍ പറയാന്‍ സമയമില്ലെന്നും തനിക്ക് ഷൂട്ടുണ്ടെന്നും വിജയ് ബാബു പറഞ്ഞു.
2010 മുതലുള്ള സാന്ദ്രാ തോമസിന്റെ ചാറ്റുകള്‍ തന്റെ പക്കല്‍ ഉണ്ടെന്നും വ്യാജ ആരോപണങ്ങള്‍ ഉയര്‍ത്തി ലൈംലൈറ്റില്‍ വരാന്‍ ശ്രമിക്കരുതെന്നും വിജയ് ബാബു കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞിരുന്നു. നിയമം പരിശോധിക്കുന്നത് വിജയ്ബാബുവിന്റെ സര്‍ട്ടിഫിക്കറ്റ് അല്ല, മറിച്ച് അസോസിയേഷന്റെ ബെലോയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ആണ്. നിയമത്തിന്റെ കണ്ണില്‍ എങ്ങനെ എന്നുള്ളതാണ്, അത് കോടതി വിലയിരുത്തും. അത്രേ എനിക്ക് പറയാനുള്ളു സാന്ദ്ര. സാന്ദ്ര ഇനി ഓക്കാനിക്കുമ്പോള്‍ സൂക്ഷ്മത പുലര്‍ത്തിയാല്‍ സമൂഹത്തില്‍ അപഹാസ്യരാവാതിരിക്കാമെന്ന് ഓര്‍ത്താല്‍ നന്ന് എന്നായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്.
'ഒന്ന് ഓര്‍ക്കണം ടെക്നോളജി എല്ലാവര്‍ക്കും ഉള്ളതാണ് 2010 മുതലുള്ള ചാറ്റുകള്‍ എന്റെ പക്കല്‍ ഉണ്ട്. സ്വന്തമായി കഷ്ടപ്പെട്ട് വന്നവരുടെ പേരില്‍ വ്യാജ ആരോപണങ്ങള്‍ ഉയര്‍ത്തി ലൈംലൈറ്റില്‍ വരാന്‍ ശ്രമിക്കരുത്. തന്റെ അസൂയ ജനങ്ങളുടെ മുന്‍പില്‍ പ്രദര്‍ശിപ്പിക്കരുത്. എന്നെ പ്രകോപിപ്പിച്ചാല്‍ എന്റെ പക്കല്‍ ഉള്ള സകല വിവരങ്ങളും തെളിവ് സഹിതം പുറത്തു വിടും. നന്ദി സാന്ദ്ര…എനിക്ക് മൃഗങ്ങളെ ഇഷ്ടമാണ് അവറ്റകള്‍ മനുഷ്യരേക്കാള്‍ വിശ്വസിക്കാന്‍ കഴിയുന്നവരാണ്', എന്നും വിജയ് ബാബു പറഞ്ഞിരുന്നു.
ഫേസ്ബുക്കില്‍ കുറിപ്പ് എഴുതി ഇട്ട ശേഷം ഒരു കുറുക്കന്റെ ചിരിക്കുന്ന ചിത്രമായിരുന്നു വിജയ് ബാബു പങ്കുവെച്ചത്. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ ഭാരവാഹി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സാന്ദ്രാ തോമസ് നല്‍കിയ ഹര്‍ജി കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു. എറണാകുളം സബ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്. പിന്നാലെയായിരുന്നു വിജയ് ബാബുവിന്റെയും തുടര്‍ന്ന് സാന്ദ്രയുടെയും ഫേസ്ബുക്ക് പോര്.
Content Highlights: Vijay Babu and Sandra Thomas fight on Facebook