ജീവന് ഭീഷണിയുണ്ടെന്ന ഹര്‍ജി അഭിഭാഷകന്‍ രാഹുല്‍ ഗാന്ധിയുടെ സമ്മതമില്ലാതെ നല്‍കിയത്: സുപ്രിയ ശ്രിനാതെ

അഭിഭാഷകന്‍ മിലിന്ദ് ഡി പവാറാണ് രാഹുല്‍ ഗാന്ധിയുടെ പേരില്‍ പൂനെ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഇത് പിന്‍വലിക്കുമെന്ന് വ്യക്തമാക്കിയുളള അഭിഭാഷകന്റെ വാര്‍ത്താക്കുറിപ്പും സുപ്രിയ ശ്രിനാതെ പങ്കുവെച്ചിട്ടുണ്ട്.

dot image

ന്യൂഡല്‍ഹി: വി ഡി സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശവുമായി ബന്ധപ്പെട്ട മാനനഷ്ടക്കേസില്‍ പരാതിക്കാരനില്‍ നിന്ന് ജീവന് ഭീഷണിയുണ്ടെന്ന ഹര്‍ജി അഭിഭാഷകന്‍ രാഹുല്‍ ഗാന്ധിയുടെ സമ്മതമില്ലാതെ നല്‍കിയതാണെന്ന് കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രിനാതെ. രാഹുല്‍ ഗാന്ധിയോട് കൂടിയാലോചന നടത്തുകയോ അദ്ദേഹത്തിന്റെ സമ്മതം വാങ്ങുകയോ ചെയ്യാതെയാണ് അഭിഭാഷകന്‍ കോടതിയില്‍ ഹര്‍ജി നല്‍കിയതെന്നും നാളെത്തന്നെ രേഖാമൂലമുളള പ്രസ്താവന പിന്‍വലിക്കുമെന്നും സുപ്രിയ പറഞ്ഞു. എക്‌സിലൂടെയാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

'രാഹുല്‍ ഗാന്ധിയുടെ സമ്മതമില്ലാതെ അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയില്‍ രേഖാമൂലമുളള പ്രസ്താവന (പര്‍സിസ്) ഫയല്‍ ചെയ്തിരുന്നു. രാഹുല്‍ ഗാന്ധി ഇതിനോട് ശക്തമായി വിയോജിക്കുന്നു. അഭിഭാഷകന്‍ നാളെ കോടതിയില്‍ നിന്ന് ഈ പ്രസ്താവന പിന്‍വലിക്കും'- സുപ്രിയ എക്‌സില്‍ കുറിച്ചു. അഭിഭാഷകന്‍ മിലിന്ദ് ഡി പവാറാണ് രാഹുല്‍ ഗാന്ധിയുടെ പേരില്‍ പൂനെ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഇത് പിന്‍വലിക്കുമെന്ന് വ്യക്തമാക്കിയുളള അഭിഭാഷകന്റെ വാര്‍ത്താക്കുറിപ്പും സുപ്രിയ ശ്രിനാതെ പങ്കുവെച്ചിട്ടുണ്ട്.

സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശവുമായി ബന്ധപ്പെട്ട മാനനഷ്ടക്കേസില്‍ പരാതിക്കാരനില്‍ നിന്ന് ജീവന് ഭീഷണിയുണ്ടെന്നും പരാതിക്കാരന്‍ മഹാത്മാഗാന്ധിയുടെ ഘാതകനായ നാഥുറാം വിനായക് ഗോഡ്‌സെയുടെ ബന്ധുവാണെന്നും അവര്‍ക്ക് അക്രമത്തിന്റെയും ഭരണഘടന വിരുദ്ധ പ്രവണതയുടെയും ചരിത്രമുണ്ടെന്നുമാണ് അഭിഭാഷകൻ ഹർജിയിൽ പറഞ്ഞത്. വോട്ട് ചോരി ആരോപണങ്ങള്‍ രാഷ്ട്രീയ എതിരാളികളെ പ്രകോപിപ്പിച്ചിട്ടുണ്ടെന്നും ചരിത്രം ആവര്‍ത്തിക്കാന്‍ അനുവദിക്കരുതെന്നും മഹാത്മാഗാന്ധിയുടെ കൊലപാതകത്തെ പരാമര്‍ശിച്ച് ഹർജിയിൽ പറഞ്ഞിരുന്നു. അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ആരോപിച്ച് സത്യകി സവര്‍ക്കറാണ് രാഹുല്‍ ഗാന്ധിക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിന്റെ സിഡിയും ട്രാന്‍സ്‌ക്രിപ്റ്റും സഹിതമായിരുന്നു പരാതി കൊടുത്തത്.

Content Highlights: Rahul gandhi's advocate filed threat plea without his consent says supriya shrinate

dot image
To advertise here,contact us
dot image