
ഐസിസി ടി20 ബാറ്റിങ് റാങ്കിങ്ങിൽ വന്‍ നേട്ടമുണ്ടാക്കി ദക്ഷിണാഫ്രിക്കന്‍ യുവതാരം ഡിവാള്‍ഡ് ബ്രേവിസ്. ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടി20യില്‍ സെഞ്ച്വറി നേടിയ താരം 80 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 21-ാം സ്ഥാനത്തെത്തി. മുമ്പ് 101-ാം സ്ഥാനത്തായിയിരുന്നു ബ്രെവിസ്.
മറാര ക്രിക്കറ്റ് ഗ്രൗണ്ടില്‍ 56 പന്തില്‍ പുറത്താവാതെ 125 റണ്‍സാണ് ബ്രേവിസ് അടിച്ചെടുത്തത്. 41 പന്തില്‍ 22കാരന്‍ സെഞ്ച്വറി പൂര്‍ത്തിയാക്കി. ഇന്നിങ്സിൽ എട്ട് സിക്സും 12 ഫോറുകളും ഉള്‍പ്പെടും.
ബ്രെവിസിന്റെ മികവിൽ ദക്ഷിണാഫ്രിക്ക 53 റണ്‍സിന്റെ മിന്നും ജയം നേടി. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ദക്ഷിണാഫ്രിക്ക ബ്രേവിസിന്റെ കരുത്തില്‍ അടിച്ചെടുത്തത് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സ്. ഓസ്‌ട്രേലിയ 165 റൺസിൽ ഓൾ ഔട്ടായി.
അതേ സമയം, ടി20 റാങ്കിങ്ങിൽ ഇന്ത്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മയാണ് ഒന്നാം സ്ഥാനത്ത്, ഇന്ത്യന്‍ താരം തിലക് വര്‍മ ഒരു സ്ഥാനം മെച്ചപ്പെടുത്തി രണ്ടാം സ്ഥാനത്തെത്തി. ഇംഗ്ലണ്ടിന്റെ ഫില്‍ സാള്‍ട്ടാണ് മൂന്നാമത്. ഓസീസ് താരം ട്രാവിസ് ഹെഡ് നാലാം സ്ഥാനത്തേക്ക് വീണു. ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലറാണ് അഞ്ചാമത്.
Content Highlights-Century against Australia; Brevis moves up 80 places in T20 rankings