
കുവൈത്ത് സിറ്റി: കുവൈത്തില്‍ വിഷമദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം 13 ആയി. മരിച്ചവരില്‍ 10 വിദേശികളുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആറ് മലയാളികള്‍ മരിച്ചതായാണ് അനൗദ്യോഗികമായ വിവരം. മരിച്ചവരില്‍ രണ്ട് പേര്‍ ആന്ധ്ര, തമിഴ്‌നാട് സ്വദേശികളും ഒരാള്‍ ഉത്തര്‍പ്രദേശ് സ്വദേശിയുമാണെന്നുളള വിവരങ്ങളും പുറത്തുവരുന്നുണ്ട്. എന്നാല്‍ ഇവരുടെ വിശദാംശങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.
21 പേരുടെ കാഴ്ച പൂര്‍ണമായോ ഭാഗികമായോ നഷ്ടമായതായും കുവൈത്ത് ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു. 51 പേര്‍ക്ക് കിഡ്നി തകരാറും ഉണ്ടായിട്ടുണ്ട്. അവരെ അടിയന്തര ഡയാലിസിസിന് വിധേയമാക്കിയിട്ടുണ്ട്. നിലവില്‍ 31 പേര്‍ വെന്റിലേറ്ററിലാണ്. ചികിത്സയില്‍ കഴിയുന്നതിലും നിരവധി മലയാളികള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇതില്‍ പലരുടെയും നില ഗുരുതരമാണ്.
ചികിത്സയിലുള്ളവരില്‍ ചിലരുടെ നില ഗുരുതരമാണെന്നും ബാക്കിയുള്ളവര്‍ സുഖം പ്രാപിച്ച് വരുന്നതായും കുവൈത്തിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. വിവരങ്ങള്‍ കൈമാറുന്നതിനായി ഹെല്‍പ്പ് ലൈന്‍ ആരംഭിച്ചിട്ടുണ്ട്. 0096565501587 എന്ന നമ്പറില്‍ വാട്‌സാപ്പിലൂടെയും നേരിട്ടും ബന്ധപ്പെടാം. മദ്യത്തില്‍ മെഥനോള്‍ കലര്‍ന്നതാണ് മരണകാരണം എന്നാണ് കണ്ടെത്തല്‍.
ഇതുവരെ 63 പേരാണ് വിഷബാധയേറ്റ് വിവിധ ആശുപത്രികളിലായി ചികിത്സ തേടിയത്. ജലീബ് ബ്ലോക്ക് ഫോറില്‍ നിന്നാണ് പ്രവാസികള്‍ മദ്യം വാങ്ങിയത്. മലയാളികള്‍ ഏറെയുളള പ്രദേശം കൂടിയാണ് ഇവിടം. സുരക്ഷാ ഏജന്‍സികളുമായും ബന്ധപ്പെട്ട അധികാരികളുമായും സഹകരിച്ച് ആശുപത്രികളും കുവൈത്ത് വിഷ നിയന്ത്രണ കേന്ദ്രവും തമ്മിലുള്ള അടിയന്തരവും നിരന്തരവുമായ ഏകോപനം നടത്തി വരികയാണെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
സംഭവത്തില്‍ വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ദാരുണമായ സംഭവം ഉണ്ടാകുന്നത്. മദ്യം കഴിച്ചതിന് പിന്നാലെ പലരും കുഴഞ്ഞു വീഴുകയായിരുന്നു. വിശദമായ പരിശോധനയില്‍ വ്യാജ മദ്യമാണ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് വ്യക്തമാകുകയായിരുന്നു.
സൗദി അറേബ്യക്ക് പുറമെ മദ്യനിരോധനം നിലവിലുള്ള ഒരേയൊരു ഗള്‍ഫ് രാജ്യമാണ് കുവൈത്ത്. പരിശോധന ശക്തമാണെങ്കിലും രാജ്യത്തിന്റെ പല ഭാഗത്തും അനധികൃത മദ്യവില്‍പ്പന വ്യാപകമാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ആഭ്യന്തര വകുപ്പ് നടത്തിയ പരിശോധനയില്‍ ലിറ്ററുകണക്കിന് വ്യാജ മദ്യവും ഇന്ത്യ, നേപ്പാള്‍ സ്വദേശികളായ 52 പേരെയും പിടികൂടിയിരുന്നു.
Content Highlights: Kuwait liquor tragedy death toll rise to 13