സച്ചിദാനന്ദൻ ആഗ്രഹിച്ച 'കേരള സഖ്യം' സഫലമാകുമോ?

സഖ്യത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന സമരത്തെ അതർഹിക്കുന്ന ഗൗരവത്തിലെടുത്ത് ജനങ്ങളുടെയിടയിലേക്ക് ഇറങ്ങാൻ കേരളത്തിലെ കോൺഗ്രസ് പ്രവർത്തകരും തയ്യാറാവുന്നത് കാണുന്നില്ല

വി.കെ.ബാബു
1 min read|14 Aug 2025, 09:19 am
dot image

ഓഗസ്റ്റ് എട്ടാം തിയതി കേരളത്തിന്റെ പ്രിയപ്പെട്ട കവിയും കേരള സാഹിത്യ അക്കാദമി അധ്യക്ഷനുമായ സച്ചിദാനന്ദൻ ഫേസ്ബുക്കിൽ ഇട്ട കുറിപ്പിൽ ഇങ്ങനെ എഴുതി 'ഇന്ത്യാ സഖ്യത്തെക്കുറിച്ച് യെച്ചൂരിക്ക് ശേഷവും ചിലര്‍ സംസാരിക്കുന്നു എന്നത് സന്തോഷം. പക്ഷേ എന്താണ് ചിലര്‍ ചില ഇടങ്ങളിലും നേരങ്ങളിലും അത് സൗകര്യപൂര്‍വ്വം മറക്കുന്നത്? കേരളത്തിലും മറ്റും അത് ആവശ്യമില്ലെന്ന് ഇപ്പോൾ കരുതുന്നവരുണ്ടാകാം. പക്ഷേ അവര്‍ക്ക്‌ ഏറിയാല്‍ പത്തു വര്‍ഷം കൊണ്ട് തിരുത്തേണ്ടി വരും- ഞാന്‍ ഉണ്ടായില്ലെങ്കിലും ഇത് ഓര്‍ക്കുക. കേരളത്തിലും ഫാസിസ്റ്റുകള്‍ വളരുക തന്നെയാണ്. മതവും ജാതിയും ക്ഷേത്രങ്ങളും ആചാരങ്ങളും എല്ലാം ഹിന്ദുവത്കരണത്തിന് ഉപയോഗിച്ചു കൊണ്ട്‌”.

സച്ചിദാനന്ദന്റെ ആഗ്രഹം ഒരിക്കലും നടപ്പാകാൻ പോകുന്നില്ല എന്നായിരിക്കും ദൈനംദിന കക്ഷിരാഷ്ട്രീയം ശ്രദ്ധിക്കുന്ന ഒരു ശരാശരി മലയാളിയുടെ ആദ്യ പ്രതികരണം. അതിന് കടമ്പകളേറെയുണ്ട് എന്നായിരിക്കും കേരളരാഷ്ട്രീയം വിശകലനം ചെയ്യുന്ന പണ്ഡിതരുടെ വിലയിരുത്തൽ. അത് കേവലം ഒരു കവിയുടെ കാൽപ്പനിക സ്വപ്നമായും വിലയിരുത്തപ്പെടാം. പക്ഷേ ദേശീയ സാഹചര്യത്തിനനുസരിച്ച് കേരള രാഷ്ട്രീയവും ധ്രുവീകരിക്കപ്പെടുന്ന ഒരു സന്ദർഭം വന്നാൽ അത് അസാധ്യം എന്നതിൽ നിന്നും സാധ്യം എന്ന അവസ്ഥയിലേക്ക് മാറില്ലേ എന്ന ചോദ്യം ഫാഷിസ്റ്റ് വിരുദ്ധ പക്ഷത്തുനിന്ന് ഉയർത്താവുന്നതാണ് എന്ന് തോന്നുന്നു. അത്തരമൊരു ഭാവി സാധ്യത സച്ചിദാനന്ദൻ കുറിപ്പിൽ ദീർഘദർശനം ചെയ്യുന്നുണ്ട്.

പത്ത് വർഷത്തിനുള്ളിൽ എന്നാണ് അദ്ദേഹം പറയുന്നത്. കേരളത്തിൽ സംഘപരിവാര ശക്തികൾ കൂടുതൽ പിടിമുറുക്കുകയും അത് വലിയ ആസുരശക്തിയായി പരിവർത്തിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യമാണ് അദ്ദേഹം അത് പ്രാവർത്തികമാവാനുള്ള സന്ദർഭമായി ചൂണ്ടിക്കാട്ടുന്നത്. അത്തരമൊരു രാഷ്ട്രീയ സാഹചര്യം ഭാവിയിൽ കേരളത്തിൽ വരില്ല എന്നു തീർത്തു പറയാൻ കഴിയില്ല. അതിന് കേരളത്തിലെ സിപിഐഎമ്മും ഇന്ത്യൻ നാഷണൽ കോൺഗ്രസും ഏറെ പരിവർത്തിക്കപ്പെടേണ്ടതുണ്ട് എന്നതൊരു വാസ്തവമാണ്. പക്ഷേ, മതേരത്വത്തിനും ജനാധിപത്യത്തിനും ബഹുസ്വരതക്കും പ്രാധാന്യം കൊടുക്കുന്ന ഭൂരിപക്ഷം സാധാരണ മലയാളികൾ ഉള്ളിൽ അത് ആഗ്രഹിക്കുന്നുണ്ട്. ഈ സത്യം തന്നെയാണ് കവി കണ്ടെടുത്തത് പറഞ്ഞിട്ടുള്ളതും.

കേരളത്തിൽ ഇന്ത്യാസഖ്യം യാഥാർത്ഥ്യമാകണമെങ്കിൽ കോൺഗ്രസും സിപിഐഎമ്മും സംഘപരിവാറിനെതിരെ മുന്നണിയായി വരണമല്ലോ. കേരളത്തിലെ സംഘപരിവാർ എപ്പോഴും ആഗ്രഹിക്കുന്നതായി അവർ പറയാറുള്ള ഒരു കാര്യം ഈ സന്ദർഭത്തിൽ പറയേണ്ടതുണ്ടെന്ന് തോന്നുന്നു. കോൺഗ്രസും സിപിഐഎമ്മും കേരളത്തിൽ യോജിച്ച് തെരഞ്ഞെടുപ്പിൽ മത്സരിക്കണം എന്നതാണത്.

സാധാരണയായി തെരഞ്ഞെടുപ്പിൽ എതിർഭാഗത്ത് നിൽക്കുന്ന രാഷ്ട്രീയ പാർട്ടികൾ തമ്മിൽ യോജിക്കരുതെന്ന ആഗ്രഹമാണ് രാഷ്ട്രീയ പാർട്ടികൾക്ക് ഉണ്ടാവുക. എതിരാളികളുടെ ഇടയിൽ പരമാവധി ശത്രുത ഉണ്ടാക്കി അവരുടെ വോട്ടുകൾ ഏകീകരിക്കുന്നത് തടയാനാണ് ശ്രമിക്കുക. എന്നാൽ മറ്റ് സംസ്ഥാനങ്ങളിൽ ചെയ്യുന്നതുപോലെ ഒരേ മുന്നണിയായി നിന്ന് കേരളത്തിലും മത്സരിക്കൂ എന്നാണ് കോൺഗ്രസിനോടും സിപിഐഎമ്മിനോടും കേരളത്തിലെ ബിജെപി നേതാക്കൾ ആവശ്യപ്പെടാറുള്ളത്. ഇന്ത്യ മുന്നണി രൂപപ്പെടുന്നതിന് മുൻപ് തന്നെ ആരംഭിച്ചതും മുന്നണി രൂപപ്പെട്ടതിനുശേഷം ശക്തിപ്പെട്ടതുമാണ് ഈ ആവശ്യം. അത് എന്തുകൊണ്ടായിരിക്കും? പരസ്പര ശത്രുത ഉത്പാദിപ്പിച്ചുകൊണ്ടാണ് കോൺഗ്രസും സിപിഐഎമ്മും അവരുടെ അടിത്തറ കെട്ടിയുറപ്പിച്ചിരിക്കുന്നത് എന്നും അതിനാൽ തന്നെ അവർ ഐക്യപ്പെടുമ്പോൾ രണ്ടു കക്ഷികളുടേയും അനുയായികളിൽ നിന്നും വോട്ടുകൾ തങ്ങൾക്കനുകൂലമായി മാറി വരുമെന്നും അവർ കരുതുന്നു. കോൺഗ്രസിന്റേയും സിപിഐഎമ്മിന്റെയും അണികളോട് നിങ്ങളുടെ ശത്രുത എവിടെപ്പോയി എന്നും നിങ്ങളെ അതത് പാർട്ടി നേതൃത്വങ്ങൾ വഞ്ചിക്കുകയായിരുന്നില്ലേ എന്നും ചോദിച്ചാൽ ആശയക്കുഴപ്പമുണ്ടാക്കാം എന്ന് ബിജെപി കരുതുന്നു. ബിജെപിക്ക് എതിരായി യോജിക്കേണ്ടുന്ന രണ്ട് രാഷ്ട്രീയ പ്രസ്ഥാനങ്ങളാണ് എന്ന തരത്തിലുള്ള രാഷ്ട്രീയ വിദ്യാഭ്യാസം ഇരുപാർട്ടികളും അനുയായികൾക്ക് വേണ്ടുംവണ്ണം കൊടുത്തിട്ടില്ല എന്നതാവാം ബിജെപിയുടെ പ്രതീക്ഷയ്ക്ക് അടിസ്ഥാനം.

ഇന്ത്യയിലെ വലതുപക്ഷം എന്നത് സംഘപരിവാറാണ്. ആ വലതുപക്ഷം ഇന്ന് രാജ്യത്ത് അധികാരത്തിലുമാണ്. പക്ഷേ, കേരളത്തിൽ ഇതുവരെ ഈ വലതുപക്ഷം രാഷ്ട്രീയ അധികാരത്തിന് അടുത്തുപോലും എത്തിയിട്ടില്ല എന്നത് വാസ്തവമാണ്. കേരളീയർക്ക് അഭിമാനിക്കാവുന്ന കാര്യവുമാണത്. എന്നാൽ പതിനഞ്ച് മുതൽ ഇരുപതിനടുത്തുവരെ ശതമാനം വോട്ടുവിഹിതം സംഘപരിവാർ കഴിഞ്ഞ കുറേ വർഷങ്ങളായി നേടുന്നുണ്ട്. സച്ചിദാനന്ദൻ എഴുതിയതുപോലെ മതവും ജാതിയും ക്ഷേത്രങ്ങളും ആചാരങ്ങളും ഹൈന്ദവതയുമായി ബന്ധപ്പെട്ട എല്ലാം തന്നെ ഹിന്ദുവത്കരണത്തിന് ഉപയോഗിച്ചുകൊണ്ടാണ് ഇത് സാധ്യമാക്കിയത്. രാഷ്ട്രീയമായി അധികാരത്തിൽ എത്തിയില്ലെങ്കിലും സാംസ്കാരികമായി നിലവിലുള്ള അധീശത്വം ഉപയോഗിച്ച് അതിനിയും കൂടുതൽ വ്യാപകമാക്കുകയും ഒപ്പം ക്രിസ്ത്യൻ വർഗീയവാദികളെ കൂട്ടുപിടിച്ച് ബന്ധുമണ്ഡലം വികസിപ്പിച്ചെടുക്കുകയും ചെയ്യുക എന്ന തന്ത്രത്തിലാണ് സംഘപരിവാർ ഏർപ്പെട്ടിട്ടുള്ളത്. അതിനൊപ്പം അവർ ചേർക്കാനുപയോഗിക്കുന്ന ഒരു വോട്ടുമണ്ഡലമാണ് കേരളത്തിലെ ഏറ്റവും വലിയ രണ്ട് മതേതരപാർട്ടികൾ തമമിലുള്ള അനൈക്യത്തിന്റെയും പരസ്പര ശത്രുതയുടേയും സാഹചര്യത്തിൽ നേടിയെടുക്കാൻ കഴിയുന്ന വോട്ടർമാരുടെ നിയോജകമണ്ഡലം.

കവി സച്ചിദാനന്ദന്റെ ഫേസ്ബുക്ക് പോസ്റ്റ് വന്നതിനുശേഷമുള്ള ദിനങ്ങളിൽ നാം കണ്ടത് ഇന്ത്യാ മുന്നണിയുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്രമക്കേടുകൾക്കെതിരെയുള്ള സമരങ്ങളാണ്. ഡൽഹി കേന്ദ്രീകരിച്ച് നടന്ന പ്രക്ഷോഭങ്ങൾ സ്വാഭാവികമായും പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ആണ് നടന്നത്. ഇതെഴുതുമ്പോഴും നടക്കുന്നത്. എന്നാൽ ഫേസ്ബുക്കിലെ ചില സിപിഐഎം അനുകൂല പ്രൊഫൈലുകൾ ഈ സന്ദർഭം ഉപയോഗപ്പെടുത്തിയത് രാഹുൽ ഗാന്ധിയെ ഇകഴ്ത്താനും സമരത്തിന്റെ പ്രാധാന്യത്തെ ഇടിച്ചുതാഴ്താനുമാണ്.അവർ രാഹുൽ ഇപ്പോഴും പപ്പുമോൻ തന്നെയെന്നും ഒരു സ്കൂൾ ലീഡറാക്കാൻ പോലും പറ്റാത്തവനെന്നും കോമാളിയെന്നും കേടായ വാച്ചെന്നും മറ്റും പറഞ്ഞ് തങ്ങളുടെ ഇത്തിരിവട്ടത്തിൽ കറങ്ങുന്നതാണ് കാണുന്നത്.

അതുപോലെ രാഹുലിന്റെ നേതൃത്വത്തിൽ ഇടതുപാർട്ടികളടക്കം അടങ്ങിയ സഖ്യത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന സമരത്തെ അതർഹിക്കുന്ന ഗൗരവത്തിലെടുത്ത് ജനങ്ങളുടെയിടയിലേക്ക് ഇറങ്ങാൻ കേരളത്തിലെ കോൺഗ്രസ് പ്രവർത്തകരും തയ്യാറാവുന്നത് കാണുന്നില്ല. കേരളത്തിലെ ചില മണ്ഡലങ്ങളിൽ മുൻ തെരഞ്ഞെടുപ്പുകളിൽ സിപിഐഎമ്മും കള്ളവോട്ടുകൾ ചെയ്തിട്ടുണ്ടെന്നും ഇതുപോലെയേ ഇപ്പോൾ വെളിവാക്കപ്പെട്ട വോട്ടുകൊള്ള ഉള്ളൂവെന്നും ലളിതവത്കരിക്കാൻ ചില കോൺഗ്രസ് നേതാക്കളും തയ്യാറാവുന്നത് നാം കണ്ടു. ഈ രണ്ടു വിഭാഗവും ഹിന്ദുത്വ ഫാഷിസത്തിന്റെ അപകടം ശരിക്കും മനസിലാക്കാത്തവരും കേവല വിരോധത്തിൽ അഭിരമിക്കുന്നവരുമാണ്. ഇവർ കവി ആഗ്രഹിച്ചതുപോലുള്ള സംഘപരിവാറിനെതിരെയുള്ള പൊതുപോരാട്ടം കേരളത്തിൽ ഉണ്ടാകുന്നതിനെ ഏതിർക്കുന്നവരാണ്. എന്നാൽ ഇക്കൂട്ടർ ഇരുഭാഗത്തും ഭൂരിപക്ഷമായി തീർന്നിട്ടില്ല എന്നതാണ് മതേതര ജനാധിപത്യവാദികളെ സംബന്ധിച്ചിടത്തോളം പ്രതീക്ഷ നൽകുന്ന വസ്തുത.

ഇന്ത്യൻ നാഷണൽ കോൺഗ്രസിനോട് സംഘപരിവാറിനെതിയുള്ള സമരത്തിൽ ഐക്യപ്പെടേണ്ടതുണ്ട് എന്ന കാരണത്താൽ ആ പാർട്ടിയോടുള്ള അടിസ്ഥാന വിമർശനത്തിൽ ഇടതുപക്ഷം വിട്ടുവീഴ്ച ചെയ്യേണ്ടതില്ല. എന്നാൽ ഈ വിമർശനം ഒരിക്കലും ഇന്ത്യയെ ഗ്രസിച്ചിരിക്കുന്ന ഹിന്ദുത്വഫാഷിസ്റ്റ് പ്രവണതകളോട് പോരാടുന്നതിനുള്ള പൊതുവേദി ഉയർന്നു വരാതിരിക്കാൻ കാരണമാവുകയും അരുത്. ഐക്യവും സമരവുമാണ് ഇക്കാര്യത്തിൽ വേണ്ടത്. ഐക്യം വേണമെന്നതുകൊണ്ട് സമരത്തിന് സ്ഥിരമായ അവധി പ്രഖ്യാപിക്കേണ്ട ആവശ്യമില്ല.

അതുപോലെ ആശയസമരം തുടരണം എന്നുള്ളതുകൊണ്ട് സംഘപരിവാർ ഫാഷിസത്തിനെതിരെ കോൺഗ്രസുമായി ഒരിക്കലും ഐക്യപ്പെട്ടുകൂടാ എന്നത് തികഞ്ഞ വിഭാഗീയ ആശയവുമാണ്. ഇക്കാര്യങ്ങൾ കേരള രാഷ്ട്രീയപരിസരത്തും ബാധകം തന്നെയാണ്. തത്കാലം അധികാരത്തിൽ എത്താനുള്ള പിന്തുണ ബിജെപി സഖ്യം ആർജിച്ചിട്ടില്ല എന്നതുകൊണ്ട് കേരള രാഷ്ട്രീയ പരിസരത്ത് ഇത് ബാധകമല്ല എന്നുള്ള സമീപനം ആരെടുത്താലും അത് സംഘപരിവാറിനെ മാത്രമേ സഹായിക്കുകയുള്ളൂ. ഇടതുപക്ഷത്തോടുള്ള കോൺഗ്രസ് സമീപനത്തിലും മാറ്റം ആവശ്യമുണ്ട്. ആദ്യ കമ്യൂണിസ്റ്റ് സർക്കാരിനെ മറിച്ചിടാൻ നടത്തിയ ജനാധിപത്യവിരുദ്ധമായ വിമോചനസമരത്തിന്റെ ആശയവും തന്ത്രങ്ങളും ഈ സംഘപരിവാർ കാലത്ത് കോൺഗ്രസ് ഉപേക്ഷിച്ചേ മതിയാവൂ. ഇത്തരമൊരു രീതിയിൽ കാലഘട്ടം ആവശ്യപ്പെടുന്ന രീതിയിലുള്ള പുതുക്കലുകളിലേക്ക് കോൺഗ്രസും സിപിഐഎമ്മും കടന്നാൽ സച്ചിദാനന്ദൻ ആഗ്രഹിച്ചതുപോലുള്ള സഖ്യം കേരളത്തിലും വരും. അത്തരമൊരു സഖ്യം ഹിന്ദുത്വ ഫാഷിസത്തെ മാത്രമല്ല, ജനങ്ങൾക്കിടയിൽ വിഭാഗീയതയുണ്ടാക്കുന്ന മറ്റു മതരാഷ്ട്ര -മതമൗലിക ശക്തികളേയും രാഷ്ട്രീയരംഗത്തുനിന്ന് നിഷ്ക്രമിക്കുന്നതിന് നിർബന്ധിതമാക്കും. കേരളത്തിന്റെ മതേതര സമൂഹത്തിന് ഉന്മേഷവും ആത്മവിശ്വാസവും പ്രതീക്ഷയും നൽകുന്നതാവും അത്.

Content Highlights: satchidanandans post on india alliance and kerala cpim and congress

dot image
To advertise here,contact us
dot image