
ഭക്ഷണ ശീലങ്ങളും ആരോഗ്യവുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു. നമ്മുടെ ആരോഗ്യം സംരക്ഷിക്കുന്നതോടൊപ്പം ചില ഭക്ഷണങ്ങളുടെ ഉപയോഗം അവയവങ്ങളുടെ ആരോഗ്യം തകരാറിലാക്കുകയും ചെയ്യും. നിത്യജീവിതത്തില്‍ ഉപയോഗിക്കുന്ന, വൃക്കകളുടെ ആരോഗ്യം തകരാറിലാക്കുന്ന ചില ഭക്ഷണങ്ങളെക്കുറിച്ച് അറിയാം.
ഉപ്പിലിട്ട ലഘു ഭക്ഷണങ്ങള്‍
ചിപിസ്,ഉപ്പിലിട്ട നട്ട്‌സ്, ക്രാക്കറുകള്‍ തുടങ്ങിയ ലഘുഭക്ഷണങ്ങള്‍ അമിതമായി കഴിക്കുന്നത് നിങ്ങളുടെ വൃക്കകളുടെ ആരോഗ്യം തകരാറിലാക്കും. ഇവയിലടങ്ങിയിരിക്കുന്ന സോഡിയം രക്തസമ്മര്‍ദ്ദം വര്‍ധിപ്പിക്കുന്നതിനും വൃക്കകളുടെ പ്രവര്‍ത്തനത്തില്‍ അധിക സമ്മര്‍ദ്ദത്തിനും കാരണമാകുന്നു. ഉപ്പിലിട്ട ലഘുഭക്ഷണങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ ഒന്ന് ശ്രദ്ധിക്കുന്നത് നന്നായിരിക്കും.
പഞ്ചസാര ചേര്‍ന്ന പാനിയങ്ങള്‍
സോഡകള്‍ മധുരമുള്ള ജ്യൂസുകള്‍, എനര്‍ജി ഡ്രിങ്കുകള്‍ എന്നിവയുള്‍പ്പടെയുള്ള പഞ്ചസാര അടങ്ങിയ പാനിയങ്ങള്‍ അമിതവണ്ണവും ടൈപ്പ് 2 പ്രമേഹവുമായി ബന്ധപ്പെട്ടിരിക്കുന്നു. വൃക്ക തകരാറിലാക്കാനുള്ള പ്രധാന അപകട ഘടകങ്ങളാണിവ. കൂടിയ അളവില്‍ പഞ്ചസാര കഴിക്കുന്നത് അധിക ഗ്ലൂക്കോസ് ഫില്‍ട്ടര്‍ ചെയ്യാന്‍ വൃക്കകളെ പ്രേരിപ്പിക്കുന്നു. ഇത് വൃക്കകളെ തകരാറിലാക്കും. സാധാരണ വെള്ളം, ഹെര്‍ബല്‍ ടീ അല്ലെങ്കില്‍ പഴങ്ങളുടെ ജ്യൂസ് പഞ്ചസാര ചേര്‍ക്കാതെയുളളവ ഇവയൊക്കെ പകരമായി ഉപയോഗിക്കാവുന്നതാണ്.
ഫോസ്ഫറസ് അടങ്ങിയ ഭക്ഷണങ്ങള്‍
കോള, സംസ്‌കരിച്ച ചീസ്, ഇന്‍സ്റ്റന്റ് ന്യൂഡില്‍സ് തുടങ്ങിയ ഫോസ്ഫറസ് അടങ്ങിയ ഭക്ഷണങ്ങള്‍ ധാതുക്കളുടെ സന്തുലിതാവാസ്ഥയെ തകരാറിലാക്കും. വൃക്കകള്‍ക്ക് അമിത ജോലിഭാരം ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്. പായ്ക്കറ്റില്‍ ലഭിക്കുന്ന ഭക്ഷണങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതും ഭക്ഷണത്തില്‍ അടങ്ങിയിരിക്കുന്ന പോഷകാഹാരങ്ങളുടെ ലേബലുകള്‍ ശ്രദ്ധാപൂര്‍വ്വം വായിക്കുന്നതും ആരോഗ്യകരമായ ഫോസ്ഫറസ് അളവ് നിലനിര്‍ത്താനും വൃക്കകളുടെ ആരോഗ്യത്തെ സംരക്ഷിക്കാനും സഹായിക്കും.
ചുവന്ന മാംസം
ചുവന്ന മാംസത്തില്‍ ഉയര്‍ന്ന അളവില്‍ പ്രോട്ടീനും പ്യൂരിനുകളും അടങ്ങിയിട്ടുണ്ട്. ഇത് വൃക്കകളുടെ ജോലിഭാരം വര്‍ധിപ്പിക്കും. ഇവയുടെ അമിതമായ ഉപയോഗം വൃക്കകളെ സമ്മര്‍ദ്ദത്തിലാക്കും. പ്രത്യേകിച്ച് വൃക്കസംബന്ധമായ പ്രശ്‌നങ്ങള്‍ ഉളളവരില്‍. ദീര്‍ഘകാല അപകട സാധ്യതകള്‍ കുറയ്ക്കുന്നതിനായി മത്സ്യം, കോഴി ഇവയൊക്കെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്.
സംസ്‌കരിച്ച മാംസം
ബേക്കണ്‍, സോസേജുകള്‍, തണുപ്പിച്ച് സൂക്ഷിച്ചിരിക്കുന്ന മാംസങ്ങള്‍ എന്നിവയില്‍ ഉപ്പും പ്രിസര്‍വേറ്റീവുകളും കൂടുതലാണ്. ഇത് രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുകയും വൃക്കകളെ സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്യും. പതിവായി ഇത്തരത്തിലുള്ള ഭക്ഷണം കഴിക്കുന്നത് വൃക്കകളെ പെട്ടെന്ന് തകരാറിലാക്കുകയും ചെയ്യും.
ടിന്നിലടച്ചതും അച്ചാറിട്ടതുമായ ഭക്ഷണങ്ങള്‍
ടിന്നിലടച്ച സൂപ്പുകള്‍, ബീന്‍സ്, അച്ചാറുകള്‍ എന്നിവയില്‍ പലപ്പോഴും ഉയര്‍ന്ന അളവിലുള്ള ഉപ്പും പ്രിസര്‍വേറ്റീവുകളും അടങ്ങിയിട്ടുണ്ട്. ഇത് അമിതമായി കഴിച്ചാല്‍ വൃക്കകളെ ദോഷകരമായി ബാധിക്കും. പതിവായി കഴിക്കുന്നത് രക്താതിമര്‍ദ്ദത്തിനും, വൃക്കകളുടെ ജോലിഭാരം വര്‍ദ്ധിപ്പിക്കുന്നതിനും കാരണമാകും. കുറഞ്ഞ അളവില്‍ ഉപ്പ് അടങ്ങിയയതും വീട്ടില്‍ നിര്‍മ്മിച്ചതുമായ ഭക്ഷണങ്ങള്‍ കഴിക്കുന്നത് രുചി നിലനിര്‍ത്തുന്നതിനൊപ്പം അപകടസാധ്യതകള്‍ കുറയ്ക്കുകയും ചെയ്യുന്നു.
കൃത്രിമ മധുരപലഹാരങ്ങളും സംസ്‌കരിച്ച ഭക്ഷണങ്ങളും
ഡയറ്റ് സോഡകള്‍, പായ്ക്ക് ചെയ്ത ലഘുഭക്ഷണങ്ങള്‍, ഇന്‍സ്റ്റന്റ് നൂഡില്‍സ് എന്നിവയില്‍ കാലക്രമേണ വൃക്കകളുടെ പ്രവര്‍ത്തനത്തെ തകരാറിലാക്കുന്ന കൃത്രിമ അഡിറ്റീവുകള്‍ അടങ്ങിയിരിക്കാം. അമിതമായി കഴിക്കുന്നത് വൃക്കകളുടെ ആരോഗ്യത്തെയും ഉപാപചയ പ്രവര്‍ത്തനങ്ങളെയും പ്രതികൂലമായി ബാധിക്കും. പ്രകൃതിദത്ത ഭക്ഷണങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ഉയര്‍ന്ന അളവില്‍ സംസ്‌കരിച്ച ഉല്‍പ്പന്നങ്ങള്‍ കുറയ്ക്കുകയും ചെയ്യുന്നത് നിങ്ങളുടെ വൃക്കകളെ സംരക്ഷിക്കാനും മൊത്തത്തിലുള്ള ആരോഗ്യം പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു.
Content Highlights :If you eat too much of these 7 foods, it won't take long for your kidneys to fail