ദിലീപ് പുല്ലുപോലെ ഊരിപ്പോരും എന്ന് പരസ്യമായി പറഞ്ഞവരുണ്ട്: ബി ഉണ്ണികൃഷ്ണനെ രൂക്ഷമായി വിമർശിച്ചും ഭാഗ്യലക്ഷ്മി

അപേക്ഷ നല്‍കിയാല്‍ ദിലീപിനെ തിരിച്ചെടുക്കുന്ന കാര്യം പരിഗണിക്കുമെന്നായിരുന്നു വിധി വന്നതിന് പിന്നാലെയുള്ള ബി ഉണ്ണികൃഷ്ണന്റെ പ്രതികരണം.

ദിലീപ് പുല്ലുപോലെ ഊരിപ്പോരും എന്ന് പരസ്യമായി പറഞ്ഞവരുണ്ട്:  ബി ഉണ്ണികൃഷ്ണനെ രൂക്ഷമായി വിമർശിച്ചും ഭാഗ്യലക്ഷ്മി
dot image

കൊച്ചി: ഫെഫ്കയില്‍ നിന്നും രാജിവെച്ചെതിന് പിന്നാലെ ബി ഉണ്ണികൃഷ്ണനെതിരെ രൂക്ഷവിമർശനവുമായി ഭാഗ്യലക്ഷ്മി. അതിജീവിതയെ വിളിക്കാനോ നേരില്‍ കാണാനോ തയ്യാറാകാത്ത വ്യക്തിയാണ് ബി ഉണ്ണികൃഷ്ണനെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. ഗൂഢാലോചന തെളിയിക്കപ്പെടാതിരന്നതിനെ തുടർന്ന് കേസില്‍ നിന്നും കുറ്റവിമുക്തനായ ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചാണ് രാജി. അപേക്ഷ നല്‍കിയാല്‍ ദിലീപിനെ തിരിച്ചെടുക്കുന്ന കാര്യം പരിഗണിക്കുമെന്നായിരുന്നു വിധി വന്നതിന് പിന്നാലെയുള്ള ബി ഉണ്ണികൃഷ്ണന്റെ പ്രതികരണം.

'2017ൽ നടി ആക്രമിക്കപ്പെട്ട സമയത്ത് ഞാൻ ഫെഫ്കയുടെ ഈ സെക്രട്ടറിയോട് പറഞ്ഞതാണ് അദ്ദേഹത്തെ വെച്ച് ഇപ്പോള്‍ സിനിമ ചെയ്യേണ്ടതില്ലെന്ന്. കേസ് പൂർണമായും തീരട്ടെ, അതല്ലെങ്കിൽ താങ്കൾ രാജിവെച്ച് മാറി നിന്നുകൊണ്ട് സിനിമ ചെയ്യൂ എന്ന് ആവശ്യപ്പെട്ട് ഞാൻ അന്ന് കത്തു കൊടുത്തതായിരുന്നു. പക്ഷേ പല ബുദ്ധിമുട്ടുകളും, അഡ്വാൻസ് കൊടുത്തു എന്നതൊക്കെയുള്ള പല ന്യായീകരണങ്ങളും പറഞ്ഞുകൊണ്ട് അദ്ദേഹം അന്ന് ആ പടം ചെയ്തു.' ഭാഗ്യലക്ഷ്മി റിപ്പോർട്ടർ ടിവിയോട് പറഞ്ഞു.

അതിജീവിതയോടൊപ്പം ഫെഫ്ക എന്നായിരുന്നു ആ സംഭവം നടന്ന ഉടനെ ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞത്. ആ പറഞ്ഞത് സത്യസന്ധമായ വാക്കാണെങ്കിൽ, ആത്മാർത്ഥമായിട്ട് പറഞ്ഞ വാക്കാണെങ്കിൽ ഒരിക്കൽ പോലും അവളെ ഒന്ന് പോയി കാണാനോ അവളെ വിളിക്കാനോ അവളെ ആശ്വസിപ്പിക്കാനോ ഈ നേതാവ് തയ്യാറായിട്ടില്ല. അതുകൊണ്ടു തന്നെയാണ് നിങ്ങള്‍ ഈ സിനിമ ചെയ്യരുതെന്ന് ഞാന്‍ പറഞ്ഞത്. പക്ഷെ അദ്ദേഹം സിനിമ ചെയ്തു. അന്ന് ഞാന്‍ രാജിക്കത്ത് കൊടുത്തിരുന്നുവെങ്കിലും അവർ സ്വീകരിച്ചിരുന്നില്ല.

ദിലീപ് ഒരു കുറ്റാരോപിതനായി തന്നെ നിയമത്തെ നേരിട്ടുകൊണ്ടിരിക്കുന്നതുകൊണ്ടും ഞാന്‍ പോയി കഴിഞ്ഞാല്‍ ബുദ്ധിമുട്ടാണെന്ന് സഹപ്രവർത്തകരായ ഡബ്ബിംഗ് ആർട്ടിസ്റ്റുകളും പറഞ്ഞതിനാല്‍ മാത്രമാണ് ഞാൻ ഇത്രയും വർഷക്കാലം കടിച്ചുപിടിച്ച് നിന്നത്. പക്ഷെ ഇന്നലെ വിധി വന്ന്

മിനിറ്റുകൾക്കകം പറയുകയാണ്, അപേക്ഷ കിട്ടിയാൽ അംഗത്വം നൽകുമെന്ന്. എന്താണിത്, ഇവിടെ ഇനി ഹൈക്കോടതിയുണ്ട്, ഇവിടെ സുപ്രീം കോടതിയുണ്ട്. ഒരു കീഴ്ക്കോടതിയുടെ വിധി മാത്രമേ വന്നിട്ടുള്ളൂ. പല കാര്യങ്ങളും നമുക്ക് ഇനിയും തെളിയിക്കാനുണ്ടെന്നും ഭാഗ്യലക്ഷ്മി പറയുന്നു.

21 പേർ കൂറുമാറിയ ഒരു കേസാണിത്. ആ 21 പേർ എങ്ങനെയാണ് കൂറുമാറിയത്. അയാളുടെ സമ്പത്തിനു മുന്നിൽ, അയാളുടെ സ്വാധീനത്തിനു മുന്നിൽ കൂറുമാറിയവരാണ് അവർ. അവന്‍ പുല്ലുപോലെ ഊരിപ്പോരുമെന്ന് ഈ പറയുന്ന പല നിർമ്മാതാക്കളും പല സംവിധായകരും സ്റ്റുഡിയോകളിൽ ഇരുന്ന് പബ്ലിക് ആയിട്ട് പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. അതായത് ഇവർക്കൊക്കെ നന്നായിട്ട് അറിയാം അയാള്‍ രക്ഷപ്പെടുമെന്ന്.

വിചാരണക്കോടതി വെറുതെവിട്ടതിനെതിരെ നമ്മള്‍ അപ്പീല്‍ പോകുന്നുണ്ട്. ആ കോടതി ദിലീപിനെ ശിക്ഷിച്ചാല്‍ വീണ്ടും അയാളെ പുറത്താക്കുമോ? എട്ട് വർഷം ഇവരെല്ലാവരും കാത്തിരുന്നില്ലേ? ആ കോടതിയുടെ വിധി വരുന്നതുവരെ കൂടി ഇവർക്ക് കാത്തുനിൽക്കാനുള്ള ക്ഷമയില്ലായ്മ വരുന്നത് എന്തുകൊണ്ടാണ്? ആ വ്യക്തിയുടെ സ്വാധീനം, ആ വ്യക്തിയുടെ പണം എന്നിവയെല്ലാം ഇവിടെ പ്രവർത്തിക്കുന്നു. അതിജീവിതക്ക് പണവുമില്ല സ്വാധീനവുമില്ല. അവൾ അതിജീവിത മാത്രമാണ്, കേവലം അതിജീവിതയാണെന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേർത്തു.

Content Highlights: Bhagyalakshmi Slams B Unnikrishnan For Move To Reinstate Dileep In FEFKA Organization

dot image
To advertise here,contact us
dot image