

രാവിലെ ഉറക്കമെഴുന്നേറ്റ് കഴിഞ്ഞാൽ ഒരു റിഫ്രഷ്‌മെന്റാണ് പലർക്കും ഒരു കപ്പ് ചായ എന്നത്. നല്ല ചൂടോടെ കടുപ്പത്തിൽ മധുരമുള്ളൊരു ചായ കുടിക്കാനാണ് നിങ്ങൾക്ക് ഇഷ്ടമെങ്കിൽ ഒരു കുഞ്ഞൻ ടിപ്പ് പറഞ്ഞു തരാം. മധുരമുള്ള ചായ ഉണ്ടാക്കാൻ പഞ്ചസാരയാണോ നിങ്ങൾ ഉപയോഗിക്കുന്നത്. പഞ്ചസാര കഴിയുക്കുന്നത് ആരോഗ്യത്തിന് അത്രനല്ലതല്ലെന്നത് എല്ലാവർക്കും അറിയാമെങ്കിലും ചായയിൽ മധുരമില്ലാതെ കുടിക്കാൻ മടിയായിരിക്കും അല്ലേ? എങ്കിൽ പഞ്ചസാരയ്ക്ക് പകരം നിങ്ങൾക്ക് വളരെയധികം പരിചയമുള്ള മറ്റൊരു വസ്തു ഉപയോഗിക്കാം. ശർക്കര!

തണുപ്പ്കാലത്ത് ശരീരത്തിന് ആവശ്യമായ ചൂടി നിലനിർത്താൻ നല്ലൊരു ഭാഗം ഊർജ്ജം ആവശ്യമാണ്. പഞ്ചസാര അമിതമായി ശരീരത്തിലെത്തിയാൽ അത് കൂടുതൽ ക്ഷീണത്തിലേക്കാകും കൊണ്ടെത്തിക്കുക. അതിനാൽ ആകെ ക്ഷീണിച്ച് അവശരാകാതെ ഊർജ്ജസ്വലമായിരിക്കാൻ നല്ലൊരു മാർഗമാണ് പഞ്ചസാരയ്ക്ക് പകരം ശർക്കര ഉപയോഗിക്കുക എന്നത്.
പോഷകസമ്പന്നമായ ശർക്കരയിൽ ശരീരത്തിന് ആവശ്യമായ ഇരുമ്പ്, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയവയെല്ലാം അടങ്ങിയിട്ടുണ്ട്. പോഷക സാന്നിധ്യം മൂലം പ്രതിരോധ ശക്തി കൂട്ടാൻ സഹായിക്കുന്ന ശർക്കര കലോറി കുറച്ച് ശരീരഭാരം നിയന്ത്രിക്കാനും ദഹനം എളുപ്പമാക്കാനുമൊക്കെ സഹായിക്കും. അനീമിക്ക് (വിളർച്ച) ആയിട്ടുള്ളവരും ശർക്കര ചായ ദിവസേന കുടിക്കാൻ തുടങ്ങിയാൽ മാറ്റം കാണാം.
സെലിനിയത്തിന്റെയും സിങ്കിന്റെയും സാന്നിധ്യം മൂലം സമ്മർദം കുറയ്ക്കാനും ശർക്കര മികച്ചതാണ്. ആർത്തവ ക്രമക്കേടുകൾ പരിഹരിക്കാനും മലബന്ധം ഒഴിവാക്കാനും ചർമത്തിന് തിളക്കം നൽകാനും ശർക്കര സഹായിക്കും.
Content Highlights: replace sugar with jaggery in tea and experience the difference