

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ടതോടെ ദിലീപിന് നീതി കിട്ടിയെന്ന യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിന്റെ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഡബ്ബിങ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മി. അതിജീവിതയ്‌ക്കൊപ്പം പോവുകയെന്നത് സര്‍ക്കാരിന്റെ കടമയാണെന്നും യുഡിഎഫ് അധികാരത്തിലെത്തിയാല്‍ വേട്ടക്കാര്‍ക്കൊപ്പമായിരിക്കും നില്‍ക്കുകയെന്നും ഉറപ്പിച്ചുപറയുകയാണ് അടൂര്‍ പ്രകാശ് ചെയ്യുന്നതെന്നും ഭാഗ്യലക്ഷ്മി ഫേസ്ബുക്ക് ലൈവിലൂടെ വിമര്‍ശിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് ദിനം ഇത്തരമൊരു പരാമര്‍ശം നടത്തിയതില്‍ നന്ദിയുണ്ടെന്നും വേട്ടക്കാര്‍ രക്ഷപ്പെടുന്നുണ്ടെങ്കില്‍ അത് താങ്കളെപ്പോലുള്ളവരുടെ സ്വാധീനം മൂലമാണെന്നും ഭാഗ്യലക്ഷ്മി കടന്നാക്രമിച്ചു.
'സാറെ ഇത് തന്നെയാണ് സാറെ സര്‍ക്കാര്‍ ചെയ്യേണ്ടത്. അതിജീവിതയ്‌ക്കൊപ്പം പോവുകയെന്നത് സര്‍ക്കാരിന്റെ കടമയാണ്. സര്‍ക്കാര്‍ അങ്ങനെതന്നെയാണ് പ്രവര്‍ത്തിക്കേണ്ടത്. ഞങ്ങളുടെ പാര്‍ട്ടി ഭരണത്തില്‍ വന്നാല്‍ ഞങ്ങള്‍ ഒരിക്കലും അതിജീവിതമാരോടൊപ്പം നില്‍ക്കില്ലായെന്നും വേട്ടക്കാരോടൊപ്പമാണ് നില്‍ക്കുകയെന്നും യുഡിഎഫ് കണ്‍വീനറായ താങ്കള്‍ ഉറപ്പിച്ചുപറയുകയാണ്. താങ്കളുടെ പാര്‍ട്ടിക്കാരനായ അന്തരിച്ച പി ടി തോമസ് കൊടുത്ത ധൈര്യത്തിലാണ് അന്ന് അര്‍ധരാത്രി, ഈ ദാരുണമായ സംഭവത്തിന് ശേഷം അവള്‍ പകച്ചുനിന്നപ്പോള്‍ ഞാനുണ്ട് നിന്റെ കൂടെയെന്ന് പറഞ്ഞ് കേസ് കൊടുപ്പിച്ചത്. ആ പാര്‍ട്ടിയിലുള്ള അതേ താങ്കളാണ് സര്‍ക്കാരിന് വേറെ പണിയില്ലാത്തതുകൊണ്ടാണ് അപ്പീല്‍ പോകുന്നതെന്ന് പറയുന്നത്. ഏറ്റവും അടുത്ത സുഹൃത്താണ് പണവും സ്വാധീനവും ഉപയോഗിച്ച് താല്‍ക്കാലികമായി രക്ഷപ്പെട്ട ദിലീപെന്നും നിങ്ങള്‍ പറയുന്നുണ്ട്', ഭാഗ്യലക്ഷ്മി പറഞ്ഞു.
'താങ്കള്‍ക്ക് അതീജിവിതയെ അറിയില്ല. എന്താണ് അതിജീവിതമാര്‍ അനുഭവിക്കുന്നതെന്ന് അറിയില്ല സര്‍. അത് അറിയണമെങ്കില്‍ പെണ്‍മക്കളോട് സ്‌നേഹമുണ്ടാകണം. പെണ്‍മക്കളുള്ള ഒരു രക്ഷിതാവും താങ്കളുടെ പ്രസ്താവനയെ പിന്തുണക്കില്ല സര്‍. പിന്തുണയ്ക്കുന്നവരെല്ലാം വേട്ടക്കാരന്റെ പ്രശസ്തിക്കും പണത്തിനും വേണ്ടിയുള്ളവരായിരിക്കം. വേട്ടക്കാര്‍ രക്ഷപ്പെടുന്നുണ്ടെങ്കില്‍ അത് താങ്കളെപ്പോലുള്ളവരുടെ സ്വാധീനം മൂലമാണ്. താങ്കളൊക്കെ പലകളികളും കളിച്ചിരിക്കാമെന്ന് പ്രസ്താവനയിലൂടെ ജനങ്ങളെ അറിയിച്ചു. താങ്കളുടെ പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ അതിജീവിതമാര്‍ക്ക് നീതി ലഭിക്കില്ലെന്ന് പറയുന്നുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പ് ദിവസത്തെ പ്രസ്താവനയില്‍ നന്ദിയുണ്ട്', ഭാഗ്യലക്ഷ്മി പറഞ്ഞു.
താങ്കളുടെ പാര്‍ട്ടിയിലുള്ള ചില പുരുഷന്മാരെക്കുറിച്ച് നിരവധി കഥകള്‍ കേള്‍ക്കുന്നുണ്ടല്ലോ. അവിടെയുള്ള സ്ത്രീകളുണ്ടല്ലോ. ഉമാ തോമസ്, കെ കെ രമ, ഷാനി മോള്‍ ഉസ്മാന്‍…നിങ്ങളുടെ മുന്നണിയുടെ കണ്‍വീനറുടെ പ്രസ്താവനയെക്കുറിച്ച് എല്ലാവരും അറിഞ്ഞിരിക്കണം. നാളെ നിങ്ങള്‍ക്കെന്തെങ്കിലും പ്രശ്‌നം വന്നാല്‍ ഇവരാരും നിങ്ങളൊടൊപ്പം നില്‍ക്കാന്‍ പോകുന്നില്ലെന്ന് അറിയിക്കുകയാണ്. ഇതൊക്കെയാണ് ഇവരുടെ മനസ്സിലിരിപ്പെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
Content Highlights: Dubbing artist bhagya lakshmi Reaction over adoor Prakash comment supporting dileep