

തണുപ്പുകാലത്ത് ചൂട് ചായ അല്ലെങ്കിൽ കോഫി ഇത് മസ്റ്റാണ് പലർക്കും. ചായക്കോ കോഫിക്കോ ഒപ്പം കഴിക്കാനും സ്‌പെഷ്യലായി എന്തെങ്കിലും കാണും. നല്ല മഴ ഒരു കട്ടൻ ഒരു വട എന്നൊക്കെ സ്റ്റാറ്റസ് ഇടുന്നവർ ശ്രദ്ധിക്കാതെ പോകുന്ന ഒരു കാര്യമുണ്ട്. നല്ല രുചിയുള്ള ഭക്ഷണസാധനങ്ങളും ഒപ്പം കാപ്പിയോ ചായയോ കുടിക്കുമ്പോൾ അത് ആരോഗ്യത്തിന് നല്ലതാണോ ചീത്തയാണോ എന്ന് കൂടി പരിശോധിക്കേണ്ടത് ആവശ്യമാണ്.
ചില ഭക്ഷണ സാധനങ്ങൾക്കൊപ്പം ചായയോ കാപ്പിയോ കുടിക്കാൻ പാടില്ലെന്നാണ് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഈ ശീലം മതിയായ പോഷകങ്ങളെ ശരീരത്തിലേക്ക് ആഗീരണം ചെയ്യുന്നതിന് തടസമുണ്ടാക്കുമത്രേ. ഇതിൽ പ്രധാനപ്പെട്ടത് ഇരുമ്പാണ്. ഇരുമ്പിന്റെ ആഗീരണം മതിയായ രീതിയിൽ നടക്കില്ലെങ്കിൽ അത് അസിഡിറ്റി അല്ലെങ്കിൽ വയറിലുണ്ടാകുന്ന മറ്റ് ബുദ്ധിമുട്ടുകൾക്ക് കാരണമാകും. അതിനാ്ൽ ഏതെല്ലാം ഭക്ഷണമാണ് ഇത്തരത്തിൽ ഒഴിവാക്കേണ്ടതെന്ന് അറിഞ്ഞിരിക്കണം.
കോഫിയിലെ അസിഡിറ്റി ചായയിലെ ടാനിൻ എന്നിവ വയറിനുള്ളിൽ വീർപ്പുമുട്ടൽ, ദഹനം എന്നിവയെ ബാധിക്കും. അതിനാൽ ഇനി പറയുന്ന അഞ്ച് ഭക്ഷണങ്ങൾ കാപ്പി, ചായ എന്നിവയ്‌ക്കൊപ്പം കഴിക്കുന്നത് ശൈത്യകാലത്ത് ഒഴിവാക്കാം.

കടലമാവിൽ ഉണ്ടാക്കുന്ന എണ്ണക്കടികൾ പ്രത്യേകിച്ച് പക്കാവട, മിക്‌സച്ചർ മുതലായവ കാപ്പിക്കും ചായയ്ക്കുമൊപ്പം ഈ തണുപ്പ് കാലത്ത് കഴിക്കാതിരിക്കുന്നതാണ് നല്ലത്. കടലമാവ് ദഹന സംബന്ധമായ പ്രശ്‌നം ഉണ്ടാക്കുമെന്നതിനൊപ്പം പോഷകകൾ ആഗീരണം ചെയ്യുന്നതിന് തടസമുണ്ടാക്കും.
തണുത്ത ആഹാരങ്ങളാണ് മറ്റൊന്ന്. പല വീടുകളിലും പറാത്തയ്‌ക്കൊപ്പം തൈര്, അച്ചാറ്, നല്ല ചൂട് ചായ എന്നിവയാകും ഉണ്ടാവുക. ഇതും ദഹനത്തെ ബാധിക്കും മാത്രമല്ല ഓക്കാനവും ഉണ്ടാവും. ചായയോ കാപ്പിയോ കുടിച്ച് അരമണിക്കൂറെങ്കിലും കഴിയാതെ തണുത്ത ഭക്ഷണം കഴിക്കാതിരിക്കുന്നതാണ് നല്ലത്.
മഞ്ഞൾ ഉൾപ്പെട്ട ഭക്ഷണത്തിൽ നിറയെ ആന്റി ഓക്‌സിഡൻസ് ഉണ്ടാകും. ഇവ എല്ലാ ദിവസവും കഴിക്കുന്ന ശീലമുള്ളവരുണ്ട്. എന്നാൽ ചൂടുള്ള ചായയ്ക്കും കാപ്പിക്കുമൊപ്പം മഞ്ഞൾ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് വായു മൂലമുള്ള പ്രശ്‌നമുണ്ടാകാനും മലബന്ധം ഉണ്ടാകാനും ഇടയാക്കും.
ചായയിൽ നാരങ്ങ പിഴിഞ്ഞൊഴിക്കുന്നതാണ് ഒഴിവാക്കേണ്ട മറ്റൊരു രീതി. സിട്രിക്ക് ആസിഡ് നിറഞ്ഞ നാരങ്ങനീര് ചായയിലേക്ക് ഒഴിക്കുമ്പോൾ അത് വയറ് വീക്കത്തിനും അസ്വസ്ഥതയ്ക്കും കാരണമാകും. ഇക്കാരണത്താലാണ് രാവിലെകളിൽ ലമൺ ടീ കുടിക്കരുതെന്ന് പറയുന്നത്. ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങൾ ചായക്കൊപ്പം കഴിക്കുന്നതും നല്ലതല്ല. ഓക്‌സലേറ്റും ടാനിനും അടങ്ങിയ ചായ്‌ക്കൊപ്പം ഇരുമ്പ് അടങ്ങിയ ഭക്ഷണം കഴിക്കുമ്പോൾ, ഈ ഇരുമ്പിനെ ആഗീരണം ചെയ്യാൻ ശരീരത്തിന് കഴിയില്ല. നട്ട്‌സ്, ഗ്രെയിൻസ്, ഇലപച്ചക്കറികൾ എന്നിവ ചായയ്‌ക്കൊപ്പം കഴിക്കരുത്. നിങ്ങൾ ചായയ്ക്കും കാപ്പിക്കുമൊപ്പം കഴിക്കുന്ന ഭക്ഷണങ്ങൾ മുഴുവൻ ദഹന വ്യവസ്ഥയെയും ബാധിക്കാം പ്രത്യേകിച്ച് ശൈത്യകാലത്ത്. മേൽപ്പറഞ്ഞ ഭക്ഷണങ്ങൾ ഒഴിവാക്കി ഡയറ്റ് കൃത്യമാക്കിയാൽ തണുപ്പ്കാലത്ത് ചൂടൻ കാപ്പിയു ചായയും നന്നായി ആസ്വദിക്കാം.
Content Highlights: Avoid consume these foods with tea or coffee in winter