കോൺഗ്രസ് പരിപൂർണമായും അതിജീവിതയ്‌ക്കൊപ്പം, അടൂർ പ്രകാശിന്റെ പ്രസ്താവനയെ 100 ശതമാനവും തള്ളുന്നു; ഷാനിമോൾ ഉസ്മാൻ

'കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും അഭിപ്രായം പറഞ്ഞിട്ടുണ്ട്. പ്രധാന സ്ഥാനത്തിരിക്കുന്ന നേതാക്കള്‍ പാര്‍ട്ടിയുടെ അഭിപ്രായമാണ് പറയേണ്ടത്'

കോൺഗ്രസ് പരിപൂർണമായും അതിജീവിതയ്‌ക്കൊപ്പം, അടൂർ പ്രകാശിന്റെ പ്രസ്താവനയെ 100 ശതമാനവും തള്ളുന്നു; ഷാനിമോൾ ഉസ്മാൻ
dot image

ആലപ്പുഴ: നടിയെ ആക്രമിച്ച കേസില്‍ അടൂര്‍ പ്രകാശിൻ്റെ പ്രസ്താവന തള്ളി കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന്‍. കേസില്‍ കോണ്‍ഗ്രസ് പരിപൂര്‍ണമായും അതിജീവിതയ്‌ക്കൊപ്പമാണെന്നും അടൂര്‍ പ്രകാശിന്റെ പ്രസ്താവനയെ നൂറ് ശതമാനവും തള്ളുന്നുവെന്നും ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു. 'കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും അഭിപ്രായം പറഞ്ഞിട്ടുണ്ട്. പ്രധാന സ്ഥാനത്തിരിക്കുന്ന നേതാക്കള്‍ പാര്‍ട്ടിയുടെ അഭിപ്രായമാണ് പറയേണ്ടത്. അതിനപ്പുറമുള്ള അഭിപ്രായങ്ങളെ മുഖവിലയ്ക്ക് എടുക്കേണ്ടതില്ല. വിധി പരിപൂര്‍ണമല്ലാത്തതിനാലാണ് അപ്പീല്‍ പോകാമെന്ന് പറഞ്ഞത്. അതിജീവിതയ്ക്ക് സംതൃപ്തിയുണ്ടാകുന്ന വിധിയാണ് അനിവാര്യം.' ഷാനിമോള്‍ ഉസ്മാന്‍ വ്യക്തമാക്കി.

പോളിങ് സ്‌റ്റേഷനുകളിലെ തിരക്ക് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചുവെന്നും ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു. എല്‍ഡിഎഫിന്റെ ജനവിരുദ്ധ നയങ്ങളാണ് യുഡിഎഫ് തുറന്നുകാണിച്ചത് എന്നും ഷാനിമോള്‍ ഉസ്മാന്‍ കൂട്ടിച്ചേര്‍ത്തു.

ദിലീപിന് നീതി ലഭ്യമായി എന്നാണ് കരുതുന്നതെന്നായിരുന്നു അടൂര്‍ പ്രകാശ് പറഞ്ഞത്. നടിയെന്ന നിലയില്‍ ആ കുട്ടിയോടൊപ്പമാണെന്ന് പറയുമ്പോഴും നീതി എല്ലാവര്‍ക്കും കിട്ടണമെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു. വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന സര്‍ക്കാര്‍ നിലപാടിനെയും അദ്ദേഹം പരിഹസിച്ചിരുന്നു. സര്‍ക്കാരിന് മറ്റ് ജോലിയില്ലാത്തതിനാലാണ് അപ്പീല്‍ പോകുന്നതെന്നായിരുന്നു അടൂര്‍ പ്രകാശിന്റെ പരിഹാസം.

എന്നാല്‍ ഇതിനെതിരെ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്, രമേശ് ചെന്നിത്തല, എം എം ഹസ്സന്‍ തുടങ്ങിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. അടൂര്‍ പ്രകാശിൻ്റേത് വ്യക്തിപരമായ അഭിപ്രായമാണെന്നും അതിജീവിതയ്ക്ക് ഒപ്പമാണ് തങ്ങളെന്നുമായിരുന്നു നേതാക്കളുടെ പ്രതികരണം. അടൂര്‍ പ്രകാശിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനും വീണാ ജോര്‍ജ്, വി ശിവന്‍കുട്ടി അടക്കമുള്ള മന്ത്രിമാരും മറ്റ് സിപിഐഎം, സിപിഐ നേതാക്കളും രംഗത്തെത്തിയിരുന്നു.

അതേസമയം പ്രതികരണം വിവാദമായതിന് പിന്നാലെ മലക്കം മറിഞ്ഞ് അടൂര്‍ പ്രകാശ് രംഗത്തെത്തി. അതിജീവിതയ്ക്ക് നീതി കിട്ടിയില്ലെന്ന് തന്നെയാണ് താന്‍ പറഞ്ഞതെന്നും ചില ഭാഗങ്ങള്‍ മാത്രമാണ് സംപ്രേഷണം ചെയ്തതെന്നുമായിരുന്നു അടൂര്‍ പ്രകാശ് മാധ്യമങ്ങളോട് പ്രതികരിച്ചത്. നടിയെ ആക്രമിച്ച കേസില്‍ കുറെ ആളുകള്‍ ശിക്ഷിക്കപ്പെട്ടെന്നും ദിലീപിനെ ഒഴിവാക്കിയെന്നും അതേക്കുറിച്ചുള്ള അഭിപ്രായമാണ് താന്‍ പറഞ്ഞതെന്നുമായിരുന്നു അടൂര്‍ പ്രകാശിന്റെ വിശദീകരണം. അപ്പീല്‍ പോകണോ വേണ്ടയോ എന്നത് അടൂര്‍ പ്രകാശോ യുഡിഎഫോ അല്ല തീരുമാനിക്കേണ്ടത്. അപ്പീല്‍ പോകരുതെന്ന് തടസം നിന്നിട്ടില്ലെന്നും പാര്‍ട്ടി നിലപാടിനൊപ്പമാണ് താനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight; Congress is completely on the side of survival and rejects Adoor Prakash's statement 100 percent; Shanimol Usman

dot image
To advertise here,contact us
dot image