'അടൂര്‍ പ്രകാശിൻ്റേത് പാര്‍ട്ടി നിലപാടല്ല, നമ്മളെല്ലാം അതിജീവിതയ്‌ക്കൊപ്പം'; ചാണ്ടി ഉമ്മന്‍

'ഗൂഢാലോചനയില്ലെന്ന് ആദ്യം പറഞ്ഞത് മുഖ്യമന്ത്രി തന്നെയാണ്. എല്ലാ പാര്‍ട്ടിക്കാരും ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണം.'

'അടൂര്‍ പ്രകാശിൻ്റേത് പാര്‍ട്ടി നിലപാടല്ല, നമ്മളെല്ലാം അതിജീവിതയ്‌ക്കൊപ്പം'; ചാണ്ടി ഉമ്മന്‍
dot image

കോട്ടയം: നടിയെ ആക്രമിച്ച കേസില്‍ അടൂര്‍ പ്രകാശിൻ്റെ പ്രസ്താവന ശരിയല്ലെന്ന് പാര്‍ട്ടി അധ്യക്ഷന്‍ പറഞ്ഞിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ചാണ്ടി ഉമ്മന്‍ എംഎല്‍എ. അടൂര്‍ പ്രകാശിന്റേത് പാര്‍ട്ടിയുടെ നിലപാടല്ലെന്നും നമ്മളെല്ലാം അതിജീവിതയ്‌ക്കൊപ്പമാണെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. 'ജഡ്ജി ഒരു തീരുമാനമെടുത്തു. കോടതിയാണ് അടുത്ത മാര്‍ഗം. മേല്‍ കോടതിയിലേക്ക് പോകുന്ന കാര്യം തീരുമാനിക്കേണ്ടത് സര്‍ക്കാരാണ്. അടൂര്‍ പ്രകാശിന്റെ പരാമര്‍ശം പാര്‍ട്ടി നേതൃത്വം പരിശോധിക്കട്ടെ. ഗൂഢാലോചനയില്ലെന്ന് ആദ്യം പറഞ്ഞത് മുഖ്യമന്ത്രി തന്നെയാണ്. എല്ലാ പാര്‍ട്ടിക്കാരും ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണം.' ചാണ്ടി ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു.

ദിലീപിന് നീതി ലഭ്യമായി എന്നാണ് കരുതുന്നതെന്നായിരുന്നു അടൂര്‍ പ്രകാശ് പറഞ്ഞത്. നടിയെന്ന നിലയില്‍ ആ കുട്ടിയോടൊപ്പമാണെന്ന് പറയുമ്പോഴും നീതി എല്ലാവര്‍ക്കും കിട്ടണമെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു. വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന സര്‍ക്കാര്‍ നിലപാടിനെയും അദ്ദേഹം പരിഹസിച്ചിരുന്നു. സര്‍ക്കാരിന് മറ്റ് ജോലിയില്ലാത്തതിനാലാണ് അപ്പീല്‍ പോകുന്നതെന്നായിരുന്നു അടൂര്‍ പ്രകാശിന്റെ പരിഹാസം.

എന്നാല്‍ ഇതിനെതിരെ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്, രമേശ് ചെന്നിത്തല, എം എം ഹസ്സന്‍ തുടങ്ങിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. അടൂര്‍ പ്രകാശിന്റേത് വ്യക്തിപരമായ അഭിപ്രായമാണെന്നും അതിജീവിതയ്ക്ക് ഒപ്പമാണ് തങ്ങളെന്നുമായിരുന്നു നേതാക്കളുടെ പ്രതികരണം. അടൂര്‍ പ്രകാശിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനും വീണാ ജോര്‍ജ്, വി ശിവന്‍കുട്ടി അടക്കമുള്ള മന്ത്രിമാരും മറ്റ് സിപിഐഎം, സിപിഐ നേതാക്കളും രംഗത്തെത്തിയിരുന്നു.

അതേസമയം പ്രതികരണം വിവാദമായതിന് പിന്നാലെ മലക്കം മറിഞ്ഞ് അടൂര്‍ പ്രകാശ് രംഗത്തെത്തി. അതിജീവിതയ്ക്ക് നീതി കിട്ടിയില്ലെന്ന് തന്നെയാണ് താന്‍ പറഞ്ഞതെന്നും ചില ഭാഗങ്ങള്‍ മാത്രമാണ് സംപ്രേഷണം ചെയ്തതെന്നുമായിരുന്നു അടൂര്‍ പ്രകാശ് മാധ്യമങ്ങളോട് പ്രതികരിച്ചത്. നടിയെ ആക്രമിച്ച കേസില്‍ കുറെ ആളുകള്‍ ശിക്ഷിക്കപ്പെട്ടെന്നും ദിലീപിനെ ഒഴിവാക്കിയെന്നും അതേക്കുറിച്ചുള്ള അഭിപ്രായമാണ് താന്‍ പറഞ്ഞതെന്നുമായിരുന്നു അടൂര്‍ പ്രകാശിന്റെ വിശദീകരണം. അപ്പീല്‍ പോകണോ വേണ്ടയോ എന്നത് അടൂര്‍ പ്രകാശോ യുഡിഎഫോ അല്ല തീരുമാനിക്കേണ്ടത്. അപ്പീല്‍ പോകരുതെന്ന് തടസം നിന്നിട്ടില്ലെന്നും പാര്‍ട്ടി നിലപാടിനൊപ്പമാണ് താനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight; 'Adoor Prakash’s stance is not the party’s; we all stand with the survivor,' says Chandy Oommen

dot image
To advertise here,contact us
dot image