

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പര ആരംഭിക്കാനിരിക്കെ എല്ലാ ശ്രദ്ധയും മലയാളി താരം സഞ്ജു സാംസണിലേക്കാണ്. ഇന്ന് കട്ടക്കില്‍ നടക്കുന്ന പരമ്പരയിലെ ആദ്യ ടി20 മത്സരത്തില്‍ സഞ്ജു ഇറങ്ങുമോയെന്നാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കളത്തിലിറങ്ങി ബാറ്റുചെയ്താല്‍ മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്ററെ കാത്തിരിക്കുന്ന ചരിത്രനേട്ടങ്ങളുണ്ട്.
അന്താരാഷ്ട്ര ടി20യില്‍ 1000 റണ്‍സെന്ന സ്വപ്‌നതുല്യമായ നേട്ടമാണ് സഞ്ജുവിനെ കട്ടക്കില്‍ കാത്തിരിക്കുന്ന റെക്കോര്‍ഡുകളിലൊന്ന്. 1000 ടി20 റണ്‍സ് തികയ്ക്കാന്‍ സഞ്ജുവിന് വെറും അഞ്ച് റണ്‍സ് മാത്രം മതി.
51 ടി20 മത്സരങ്ങളിലെ 43 ഇന്നിങ്‌സുകളില്‍ നിന്നായി 995 റണ്‍സാണ് കരിയറില്‍ ഇതുവരെ സഞ്ജുവിന്റെ നേട്ടം. മൂന്ന് സെഞ്ച്വറികളും മൂന്ന് അര്‍ധ സെഞ്ച്വറികളുമാണ് സഞ്ജുവിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. കട്ടക്കിലെ മത്സരത്തില്‍ ഇറങ്ങിയാല്‍ 1000 ടി20 റണ്‍സ് ക്ലബ്ബിലേക്ക് സഞ്ജുവിന് എത്താനാവുമോയെന്ന് കാത്തിരുന്ന് കാണാം.
മറ്റൊരു റെക്കോര്‍ഡും കട്ടക്കില്‍ സഞ്ജുവിനെ കാത്തിരിക്കുന്നുണ്ട്. നാല് റണ്‍സ് മാത്രം നേടിയാല്‍ ക്രിക്കറ്റില്‍ 8000 റണ്‍സ് നേടുന്ന ആറാമത്തെ ഇന്ത്യന്‍ താരമാകാന്‍ സഞ്ജുവിന് സാധിക്കും. വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, സൂര്യകുമാര്‍ യാദവ്, കെ എല്‍ രാഹുല്‍ എന്നിവരാണ് എലൈറ്റ് പട്ടികയിലുള്ള മറ്റ് ഇന്ത്യന്‍ താരങ്ങള്‍.
Content Highlights: IND vs SA: Sanju Samson on the verge of achieving major T20 record