

തിരുവനന്തപുരം: വോട്ടെടുപ്പ് കഴിയുന്നത് മാധ്യമങ്ങളെ കാണുന്നതില്‍ നിന്നും ആർ ശ്രീലേഖയെ വിലക്കി ബിജെപി. നടി ആക്രമിക്കപ്പെട്ട കേസില്‍ നിന്നും കുറ്റവിമുക്തനാക്കപ്പെട്ട ദിലീപിനെ അനുകൂലിക്കുന്ന നിലപാട് മാധ്യമങ്ങളോട് പറഞ്ഞ് വിവാദമുണ്ടാക്കരുതെന്നാണ് പാർട്ടി നേതൃത്വത്തിന്‍റെ നിർദേശം. മുന്‍ ഡിജിപിയായ ആർ ശ്രീലേഖ തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോർപ്പറേഷനിലെ ശാസ്തമംഗലം ഡിവിഷനില്‍ നിന്നുള്ള ബിജെപി സ്ഥാനാർത്ഥിയാണ്.
സ്ഥാനാർത്ഥിയാണെങ്കിലും പോളിംഗ് ദിവസമായ ഇന്ന് മാധ്യമങ്ങളെ കാണില്ലെന്ന് ശ്രീലേഖയും അറിയിച്ചു. ഭക്തിമാർഗത്തിൽ ആയതിനാലാണ് മാധ്യമങ്ങളെ കാണാത്തതെന്നാണ് അവരുടെ വിശദീകരണം. നടി ആക്രമിക്കപ്പെട്ട കേസിലെ എട്ടാം പ്രതിയായിരുന്ന ദിലീപിനെ അനുകൂലിച്ച് സംസാരിച്ചതിന്‍റെ പേരില്‍ വലിയ വിമർശനവും നിയമനടപടിയും നേരിട്ട വ്യക്തി കൂടിയാണ് ആർ ശ്രീലേഖ. ദിലീപ് നിരപരാധിയാണെന്ന ബോധ്യം തനിക്ക് ഉണ്ടെന്നായിരുന്നു കേസിന്‍റെ വിചാരണ നടക്കുമ്പോഴുള്ള മുന്‍ ജയില്‍ മേധാവിയുടെ വാദം. ഇതോടെ ആർ ശ്രീലേഖക്കെതിരെ കോടതിയലക്ഷ്യ ഹർജിയുമായി അതിജീവിത രംഗത്ത് വരികയും ചെയ്തിരുന്നു.
സർവ്വീസില്‍ നിന്നും പിരിഞ്ഞതിന് പിന്നാലെയായിരുന്നു സ്വന്തം യൂട്യൂബ് ചാനലിലൂടെയും മറ്റ് മാധ്യമങ്ങളിലൂടേയും ദിലീപിന് വേണ്ടി ആർ ശ്രീലേഖ രംഗത്ത് വന്നത്. ആലുവ ജയിലിലെത്തി റിമാന്‍ഡില്‍ കഴിയുന്ന ദിലീപിനെ സന്ദർശിച്ചപ്പോള്‍ കണ്ടത് കരളലിയിക്കുന്ന കാഴ്ചകളായിരുന്നുവെന്നായിരുന്നു ആർ ശ്രീലേഖ പറഞ്ഞത്. ദിലീപ് എഴുന്നേല്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു. സ്ക്രീനിൽ കണ്ട ദിലീപ് തന്നെയാണോ ഇതെന്നു സംശയം തോന്നിക്കുന്ന തരത്തിലുള്ള രൂപമായിരുന്നു. അതൃത്തോളം വികൃതമായിരുന്നു താരത്തിന്‍റെ രൂപം. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തിന് ആവശ്യമായ സൗകര്യം ഒരുക്കിയതെന്നും അവർ തുറന്ന് പറഞ്ഞു.
സെല്ലില്‍ നിന്നും ദിലീപിനെ വിളിച്ച് ജയില്‍ സൂപ്രണ്ടിന്‍റെ മുറിയില്‍കൊണ്ടിരിത്തി. എന്നാൽ ദിലീപിനു സംസാരിക്കാനോ ഭക്ഷണം കഴിക്കാനോ സാധിക്കുന്ന അവസ്ഥയിലായിരുന്നില്ല. ഈ സാഹചര്യത്തില്‍ കുടിക്കാൻ ഒരു കരിക്കു കൊടുത്തു. ദയയുടെ പുറത്താണ് അതു ചെയ്തത്. ആരെയും ഇത്രയധികം ദ്രോഹിക്കാൻ പാടി. ദിലീപിൻ്റെ അപ്പോഴത്തെ സ്ഥിതി കണക്കിലെടുത്ത് പ്രത്യേകമായി രണ്ട് പായയും ഒരു ബ്ലാങ്കറ്റും കൊടുത്തു. ചെവിയുടെ ബാലൻസിൻ്റെ പ്രശ്നം ഉണ്ടായിരുന്നതു കൊണ്ട് ഡോക്ടറെ വിളിച്ചു വരുത്തി ഇക്കാര്യം പരിശോധിച്ചു.
വിചാരണ തടവുകാരനായതിനാല്‍ വീട്ടില്‍ നിന്ന് ഭക്ഷണം എത്തിക്കുന്നതില്‍ തടസ്സമുണ്ടായിരുന്നില്ല. ദിലീപിന് മാത്രമല്ല ഏതൊരു സാധാരണക്കാരനായ തടവുകാരനം ഈ പരിഗണന ലഭിക്കും. അതുകൊണ്ടാണ് ദിലീപിന് അത്രയും കാര്യങ്ങള്‍ ചെയ്തുകൊടുത്തത്. യഥാർത്ഥത്തില്‍ ഈ സഹായങ്ങള്‍ ചെയ്യുന്നതിന് മുമ്പ് തന്നെ ദിലീപിന് ഞാന്‍ അനധികൃതമായി സഹായം നല്‍കിയെന്ന ആരോപണം ഉയർന്നിരുന്നുവെന്നും ആർ ശ്രീലേഖ ആ അഭിമുഖത്തില്‍ പറയുന്നുണ്ട്.
അതേസമയം, തിരഞ്ഞെടുപ്പ് ദിനത്തില്‍ എന്‍ഡിഎയ്ക്ക് മുന്‍തൂക്കം എന്ന പ്രീപോള്‍ സര്‍വേ ഫലം സാമൂഹ്യ മാധ്യമത്തിലൂടെ പങ്കുവെച്ചുകൊണ്ട് തെരഞ്ഞെടുപ്പ് ചട്ടവിരുദ്ധ നടപടിയും ശ്രീലേഖ നടത്തി. നീക്കം വിവാദമായതോടെ പോസ്റ്റ് ശ്രീലേഖ പിന്‍വലിച്ചു.