

പൊതുയിടത്തിൽ എങ്ങനെ പെരുമാറണമെന്ന് അറിയില്ലെങ്കിൽ എന്താ ചെയ്ക? സമൂഹമാധ്യമങ്ങളിൽ വൈറലാവുന്ന ഒരു വീഡിയോ കണ്ട് അമ്പരന്നിരിക്കുകയാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ. സമൂഹമാധ്യമങ്ങളിൽ സ്ഥിരമായി വീഡിയോകൾ പോസ്റ്റ് ചെയ്ത് വൈറലാവാറുള്ള ദമ്പതിമാരാണ് ഇവിടുത്തെ താരങ്ങള്‍. യാത്രക്കിടയിൽ സ്വന്തം കുട്ടിയെ വരെ നടുറോഡിലിരുത്തി പാചകം ചെയ്യുകയാണ് ഇവർ. ഭാര്യ പാചകം ചെയ്യുമ്പോൾ റോഡരികിൽ അതും നോക്കി ഭർത്താവും ഒപ്പം നിൽക്കുന്നുണ്ട്.
ഗ്യാസ് സിലിണ്ടറും ചെറിയ സ്റ്റൗവുമൊക്കെ കൊണ്ടാണ് ഇവരുടെ യാത്ര. യാത്രക്കിടയിൽ നാഷണൽ ഹൈവേയുടെ സർവീസ് റോഡിലാണ് പാചകം. റോഡിലൂടെ മറ്റ് വാഹനങ്ങളൊന്നും കടന്നുപോകുന്നതായി ദൃശ്യങ്ങളിൽ കാണുന്നില്ല. സ്വസ്ഥമായി ഇരുന്ന് പാചകം ചെയ്യുകയാണ് സ്ത്രീ. വീട്ടിൽ നിന്നും ഭക്ഷണം കൊണ്ടുവന്ന് കഴിച്ചൂടെ നടുറോഡിലിരുന്ന് പാചകം ചെയ്യുന്നതെന്തിനാണെന്ന് പലരും ചോദിക്കുന്നുവെന്ന് ഭർത്താവ് ഭാര്യയോട് പറയുന്നതും വീഡിയോയിൽ കേൾക്കാം. ശരിയല്ലെന്ന് തനിക്കറിയാമെന്നും എന്നാൽ ഗതാഗത കുരുക്കൊന്നും ഉണ്ടാക്കുന്നില്ലല്ലോ എന്നാണ് ഇതിന് യുവതി നൽകുന്ന മറുപടി.
ഭക്ഷണം പാകം ചെയ്യുന്നത് റെസ്റ്റ് ഏരിയയിലാണ് മറുവശത്തല്ലേ പ്രധാന റോഡെന്നും യുവതി ഭർത്താവിനോട് ചോദിക്കുന്നുണ്ട്. മുമ്പ് പല തവണ ഈ ദമ്പതിമാർ ഇത്തരത്തിൽ യാത്രക്കിടയിൽ പാചകം ചെയ്യുകയും അത് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. വീഡിയോയുടെ തുടക്കത്തിൽ മകനൊപ്പം റോഡിൽ റെസ്റ്റ് ചെയ്യുന്ന യുവാവിനെയാണ് കാണിക്കുന്നത്.
പൊതുയിടം സ്വന്തം അടുക്കളയാക്കുന്നത് അംഗീകരിക്കാൻ കഴിയില്ല. ഇതൊക്കെ അടിസ്ഥാനപരമായി ഉണ്ടാകേണ്ട ഉത്തരവാദിത്ത ബോധമാണെന്നാണ് പലരും വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്യുന്നത്. ഇവർക്കെതിരെ പിഴ ചുമത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
വീഡിയോയിൽ കാണുന്ന ദമ്പതികൾ സമാനമായ പല ക്ലിപ്പുകളും അവരുടെ സോഷ്യൽമീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. കാറിൽ പലയിടങ്ങളിലും യാത്ര ചെയ്യുന്ന ഇവർ ട്രിപ്പിനിടയിൽ റോഡരികിലാണ് പാചകം ചെയ്യാറുള്ളത്.
Content Highlights: Woman found cooking food on National Highway