

വിഘ്‌നേഷ് ശിവൻ സംവിധാനം ചെയ്ത് പ്രദീപ് രംഗനാഥൻ നായകനായ 'ലവ് ഇൻഷുറൻസ് കമ്പനി' (LIK) എന്ന ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ സിനിമാപ്രേമികൾ. 100 കോടിക്ക് മുകളിൽ കളക്ഷൻ നേടി വൻ ഹിറ്റായ ഡ്യൂഡിന് ശേഷം വരുന്ന സിനിമ ആയതിനാൽ തന്നെ വലിയ പ്രതീക്ഷയിലാണ് ആരാധകർ. ഇപ്പോഴിതാ സിനിമയുടെ റീലീസ് നീട്ടിയെന്ന റിപ്പോർട്ടുകളാണ് എത്തുന്നത്.
നേരത്തെ, ചിത്രം സെപ്റ്റംബർ 18-ന് തിയറ്ററുകളിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും, പിന്നീട് റിലീസ് മാറ്റിവെച്ചേക്കുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. പിന്നീട് ഒക്ടോബറിൽ റിലീസ് ചെയ്യാനിരുന്ന ചിത്രം നടന്റെ തന്നെ ഡ്യൂഡുമായി ക്ലാഷ് ഒഴിവാക്കാനായി ഡിസംബറിലേക്ക് മാറ്റി. ഇപ്പോഴിതാ സിനിമ ഡിസംബർ 18 ന് റിലീസ് ചെയ്യാനാണ് പദ്ധതിയിട്ടിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. അണിയറപ്രവർത്തകർ ഇനിയും സിനിമയുടെ റിലീസ് ഡാറ്റ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
2019-ൽ പ്രഖ്യാപിച്ച ചിത്രത്തിൽ ആദ്യം ശിവകാർത്തികേയൻ നായകനായി ലൈക്ക പ്രൊഡക്ഷൻസ് നിർമ്മിക്കുമെന്നായിരുന്നു തീരുമാനിച്ചിരുന്നത്, ബജറ്റ് പ്രശ്‌നങ്ങൾ കാരണം ഇത് മാറ്റിവച്ചു. തുടർന്ന് 2023-ൽ പ്രദീപിനൊപ്പം ചിത്രം വീണ്ടും പുനരാരംഭിച്ചിരുന്നു. പ്രദീപ് രംഗനാഥനെ കൂടാതെ ക്രിതി ഷെട്ടി, എസ്ജെ സൂര്യ, മിഷ്‌കിൻ, യോഗി ബാബു തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. നാം തമിഴർ കക്ഷി നേതാവ് സീമാൻ പ്രദീപ് രംഗനാഥൻ്റെ അച്ഛനായി അഭിനയിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ.
Hey @pradeeponelife
— Celluloid Conversations (@CelluloidConve2) December 8, 2025
Know that you are smart. Dec 18 is not a good release date but Dec 25 is. No competition in telugu as well.
Release on holiday with 15 days free run and seal your 3rd 100 crs movie. https://t.co/y88P8tjTDQ
ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. അനിരുദ്ധിന്റെ സംഗീതത്തിൽ പുറത്തിറങ്ങിയ 'ദീമാ' എന്ന ഗാനം ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിക്കഴിഞ്ഞു. ചിത്രത്തിൻ്റെ ടൈറ്റിൽ സംബന്ധിച്ച് നേരത്തെ ചില വിവാദങ്ങളുണ്ടായിരുന്നു. സിനിമയുടെ പേര് 'ലവ് ഇൻഷുറൻസ് കോർപ്പറേഷൻ' എന്നായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ, സംഗീത സംവിധായകൻ എസ്.എസ്. കുമരൻ ഈ പേര് തൻ്റേതാണെന്ന് അവകാശപ്പെട്ടതിനെ തുടർന്ന്, 'LIC' എന്നതിനെ 'LIK' എന്ന് മാറ്റുകയായിരുന്നു.
എന്തായാലും സിനിമയുടെ ഓരോ അപ്‌ഡേറ്റുകളും ആകാംഷയോടെയാണ് ആരാധകർ ഉറ്റുനോക്കുന്നത്. നേരത്തെ പുറത്തുവന്ന, ലവ് ടുഡേ, ഡ്രാഗൺ, ഡ്യൂഡ് തുടങ്ങിയ സിനിമകൾ 100 കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു. അടുത്ത ചിത്രവും 100 കോടി നേടുമോ എന്നറിയാനാണ് ആരാധകർ കാത്തിരിക്കുന്നത്.
Content Highlights: release of Pradeep Ranganathan's film 'LIK' has been postponed again