

നടിയെ ആക്രമിച്ച കേസിൽ വിധി വരാനിരിക്കെ കേസിൻ്റെ നാൾവഴികളിൽ ഏറ്റവും തിളക്കമുള്ള പേരുകളിലൊന്ന് അന്തരിച്ച മുൻ എംഎൽഎ പി ടി തോമസിൻ്റേതാണ്. നടിയെ ആക്രമിച്ച് സംഭവം നടക്കുമ്പോൾ തൃക്കാക്കര എംഎൽഎയായിരുന്നു പി ടി തോമസ്. നടി ആക്രമിക്കപ്പെട്ടതിന് മണിക്കൂറുകൾക്കം സംഭവങ്ങൾ അതിജീവിതയിൽ നിന്ന് നേരിട്ട് മനസ്സിലാക്കുകയും പൊലീസിന് പരാതി നൽകാനുള്ള പിന്തുണ നൽകുകയും ചെയ്തത് പി ടി തോമസായിരുന്നു. ആക്രമണത്തിനിരയായ നടിയോട് സ്വന്തം മകളോടെന്ന പോലെ പെരുമാറുകയും, വാത്സല്യത്തോടെ ചേർത്തുപിടിക്കുകയുമാണ് പി ടി ചെയ്തത്.
ഓടുന്ന വാഹനത്തിൽ വെച്ച് അതിക്രമം നേരിട്ട നടി നേരെ എത്തിയത് നടനും സംവിധായകനുമായ ലാലിന്റെ വീട്ടിലേക്കായിരുന്നു. പിന്നാലെ ആൻ്റോ ജോസഫ് വിളിച്ച് പറഞ്ഞതിനെ തുടർന്നാണ് പി ടി തോമസ് അപ്പോൾ തന്നെ ലാലിൻ്റെ വീട്ടിലേയ്ക്ക് ഓടിയെത്തിയത്. സംഭവിച്ച കാര്യങ്ങളെല്ലാം ആക്രമണത്തിന് ഇരയായ അഭിനേത്രി പി ടി തോമസിനോട് തുറന്ന് പറഞ്ഞു.
സംവിധായകൻ ലാലിൻ്റെ വീട്ടിലേയ്ക്ക് എത്തിയതിനെക്കുറിച്ച് പി ടി തോമസ് പിന്നീട് തുറന്ന് പറഞ്ഞിരുന്നു. നിർമ്മാതാവ് ആൻ്റോ ജോസഫ് വിളിച്ച് അറിയച്ചതിനെ തുടർന്ന് രാത്രി പതിനൊന്ന് മണിയോടെയാണ് നടി ആക്രമിക്കപ്പെട്ട വിവരം അറിഞ്ഞതെന്നാണ് പി ടി തോമസ് വ്യക്തമാക്കിയത്. ആൻ്റോ ജോസഫ് വിളിക്കുമ്പോൾ ഉറക്കത്തിലായിരുന്നു. സംവിധായകൻ ലാലിൻ്റെ വീട്ടിലേയ്ക്ക് പോകുകയാണെന്നും പോരുന്നുണ്ടോയെന്നും ആൻ്റോ ജോസഫ് ചോദിച്ചു. അങ്ങനെയാണ് ലാലിൻ്റെ വീട്ടിലേയ്ക്ക് പോയത്. ലാലിൻ്റെ വീട്ടിലെത്തുമ്പോൾ ആക്രമിക്കപ്പെട്ട നടിയും അവരുടെ ഡ്രൈവറും വീടിന് പുറത്തുള്ള കസേരയിൽ ഇരിക്കുന്നുണ്ടായിരുന്നു. പരിക്കേറ്റിട്ടുണ്ടെന്നും ആശുപത്രിയിൽ എത്തിക്കണമെന്നും ഈ സമയം നടിക്കൊപ്പമുണ്ടായിരുന്ന ഡ്രൈവർ പറയുന്നുണ്ടായിരുന്നു. ഞങ്ങൾ അവിടെ എത്തുന്നതിന് മുമ്പേ രണ്ട് പൊലീസുകാരും അവിടെ എത്തിയിരുന്നു. കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കിയപ്പോൾ ദൗർഭാഗ്യകരമായ കാര്യങ്ങളാണ് അഭിനേത്രി വെളിപ്പെടുത്തിയത് എന്നായിരുന്നു പി ടി തോമസിൻ്റെ വെളിപ്പെടുത്തൽ.

ദില്ലി നിർഭയ സംഭവത്തേക്കാൾ ഞെട്ടിക്കുന്നതാണ് നടിക്ക് നേരെയുണ്ടായ ആക്രമണമെന്നാണ് സംഭവം കേട്ടപ്പോൾ തോന്നിയതെന്നും സഹോദരിക്കോ മകൾക്കോ ആണ് ഇത്തരമൊരു അനുഭവം ഉണ്ടായത് എന്ന മട്ടിൽ പകച്ച് നിന്ന് പോയെന്നും പി സി തോമസ് പറഞ്ഞിരുന്നു. നടിയുടെ ഡ്രൈവറുടെ പെരുമാറ്റത്തിൽ സംശയമുള്ളതായും പി ടി ലാലിനോട് അന്ന് പറഞ്ഞിരുന്നു.
ആക്രമിക്കപ്പെട്ട നടിയിൽ നിന്ന് സംഭവിച്ച വിവരങ്ങൾ ആദ്യമായി കേട്ടറിഞ്ഞ ആളെന്ന നിലയിൽ അവസാനം വരെ നടിക്ക് നീതികിട്ടാനുള്ള പോരാട്ടത്തിൽ പി ടി തോമസ് ഉറച്ച് നിന്നിരുന്നു. സംഭവം നടിയിൽ നിന്ന് മനസ്സിലാക്കിയ ഉടൻ തന്നെ ഉന്നത ഉദ്യോഗസ്ഥരെ ബന്ധപ്പെട്ട് സംഭവത്തിൻ്റെ ഗൗരവവും പി ടി തോമസ് അറിയിച്ചു. ഐജി, സിറ്റി പൊലീസ് കമ്മീഷണർ എന്നിവരെ പി സി തോമസ് ബന്ധപ്പെട്ടു. പി സി തോമസിൻ്റെ ഇടപെടലാണ് നടിക്ക് ആത്മവിശ്വാസം പകർന്നതും നിയമവഴിയേ മുന്നോട്ടു പോകാൻ കരുത്ത് പകർന്നതും.

നടിയെ ആക്രമിച്ച കേസിലെ 42-ാം സാക്ഷിയായിരുന്നു പി ടി തോമസ്. കൊച്ചിയിലെ പ്രത്യേക കോടതിയിൽ അദ്ദേഹം വിസ്താരത്തിനും ഹാജരായിരുന്നു. നടി ആക്രമിക്കപ്പെട്ട ദിവസം സംവിധായകൻ ലാലിൻ്റെ വീട്ടിലെത്തി അതിജീവിതയെ കണ്ടതും അവർ വിവരങ്ങൾ വെളിപ്പെടുത്തിയതുമെല്ലാം ഒരു സമ്മർദ്ദത്തിനും വഴിപ്പെടാതെ കോടതയിലും പറയാൻ പി ടി തോമസ് തയ്യാറായി. നടിയെ ആക്രമിച്ച കേസിൽ മൊഴി നൽകുന്ന ഘട്ടത്തിൽ പി ടി തോമസിന് മേൽ ചില സമ്മർദ്ദങ്ങൾ ഉണ്ടായിരുന്നെന്ന് അടുത്തിടെ ഉമാ തോമസ് എംഎൽഎ വെളിപ്പെടുത്തിയിരുന്നു. കേസിൽ ഇടപെടുന്ന സമയത്ത് പി ടി തോമസ് ഉപയോഗിച്ചിരുന്ന കാറിൻറെ നാലു ചക്രങ്ങളുടെയും ബോൾട്ട് അഴിച്ചു മാറ്റിയ സംഭവത്തിൽ ഇന്നും ദുരൂഹതകൾ ബാക്കിയാണെന്നും ഉമാ തോമസ് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ആരെയെങ്കിലും കുറ്റക്കാരനാക്കാൻ ശ്രമിച്ചിരുന്നില്ലെന്നും സത്യം പുറത്തു കൊണ്ടുവരിക മാത്രമായിരുന്നു പി ടിയുടെ ലക്ഷ്യമെന്നും ഉമാ തോമസ് ഓർമ്മിച്ചു. കാറിൻ്റെ ചക്രങ്ങളുടെ ബോൾട്ട് അഴിച്ചുമാറ്റിയത് വധശ്രമമായിരുന്നോ എന്ന് ഇപ്പോഴും സംശയമുണ്ടെന്നും ഉമാ തോമസ് അഭിപ്രായപ്പെട്ടു.
അതിജീവിതയെ മകളെ പോലെ കണ്ടാണ് പി ടി തോമസ് വിഷയത്തിൽ ഇടപെട്ടതെന്നും ഉമാ തോമസ് വ്യക്തമാക്കി. രാത്രി വീട്ടിൽ കിടന്ന് ഉറങ്ങുകയായിരുന്ന പി ടി ഫോൺ വന്നതിനെ തുടർന്നാണ് ലാലിൻ്റെ വീട്ടിലേയ്ക്ക് പോയത്. തിരികെ വീട്ടിലെത്തിയ പി ടി വല്ലാതെ അസ്വസ്ഥനായിരുന്നുവെന്നും ഉമാ തോമസ് ഓർമ്മിച്ചു. സ്വന്തം മകൾക്ക് ഒരു അപകടം സംഭവിച്ചത് പോലെ പി ടി അന്നത്തെ രാത്രി ഉറങ്ങിയില്ല. മറ്റൊരാൾക്ക് ഇതുപോലെ സംഭവിക്കാൻ പാടില്ല, അതുകൊണ്ട് നീതിക്ക് വേണ്ടി പോരാടണം എന്നായിരുന്നു ആ ഘട്ടം മുതൽ പി ടി തോമസിൻ്റെ നിലപാടെന്നും ഉമാ തോമസ് അനുസ്മരിച്ചു. കേസിൽ ഇടപെട്ട നിമിഷം മുതൽ കോടതിയിൽ വിചാരണയ്ക്ക് ഹാജരാകുന്നത് വരെ അതിജീവിതയ്ക്ക് നീതി കിട്ടുന്നതിനായി പോരാടുമെന്ന ദൃഢനിശ്ചയം പി ടി തോമസ് ഉയർത്തിപ്പിടിച്ചിരുന്നു.
നടി ആക്രമിക്കപ്പെട്ട കേസിന്റെ നാൾവഴി
2017 ഫെബ്രുവരി 17നാണ് അങ്കമാലി അത്താണിക്ക് സമീപം വെച്ചാണ് അതിജീവിത സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞ് നിർത്തി ഒരുസംഘം അതിക്രമിച്ച് കയറിയത്. പിന്നീട് ഇവർ അതിജീവിതയെ ഓടിക്കൊണ്ടിരുന്ന വാഹനത്തിൽ വെച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കുകയും അപകീർത്തികരമായ വീഡിയോയും ചിത്രങ്ങളും പകർത്തുകയും ചെയ്തു. പിന്നാലെ അക്രമിസംഘം കടന്നു കളഞ്ഞു. സംഭവത്തിന് ശേഷം അതിജീവിത സംവിധായകനും നടനുമായ ലാലിൻ്റെ വസതിയിലാണ് അഭയം തേടിയത്. വിവരം അറിഞ്ഞ് സ്ഥലം എംഎൽഎ ആയിരുന്ന പി ടി തോമസ് ലാലിൻ്റെ വസതിയിലെത്തി അതിജീവിതയോട് വിവരങ്ങൾ ചോദിച്ചറിഞ്ഞു. പിന്നാലെ അതിജീവിത പൊലീസിൽ പരാതി നൽകുകയായിരുന്നു. 2017 ഫെബ്രുവരി 18ന് അതിജീവിത സഞ്ചരിച്ചിരുന്ന വാഹനത്തിൻ്റെ ഡ്രൈവറായ കൊരട്ടി പൂവത്തുശേരി മാർട്ടിൻ ആൻ്റണിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാർട്ടിൻ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് സിനിമാ രംഗത്ത് പ്രവർത്തിക്കുന്ന പൾസർ സുനി എന്ന സുനിൽ കുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് അതിജീവിതയെ ആക്രമിച്ചതെന്ന് വ്യക്തമായത്. ഇതിന് പിന്നാലെ പ്രതികൾ സഞ്ചരിച്ച രണ്ട് വാഹനങ്ങളും പൊലീസ് കണ്ടെത്തി.
2017 ജൂലൈ 10ന് ചോദ്യം ചെയ്യലിന് വിളിച്ച് വരുത്തിയ ദിലീപിനെ പൊലീസ് അറസ്റ്റ് ചെയ്തു. പിറ്റേന്ന് അങ്കമാലി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ദിലീപിനെ റിമാൻഡ് ചെയ്ത് ആലുവ സബ് ജയിലിലടച്ചു. ഇതിന് പിന്നാലെ അഭിനേതാക്കളുടെ സംഘടനയായ അമ്മ ദിലീപിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. പിന്നീട് 85 ദിവസത്തെ ജയിൽവാസത്തിന് ശേഷം 2017 ഒക്ടോബർ മൂന്നിന് കർശന ഉപാധികളോടെ ദിലീപിന് ജാമ്യം ലഭിച്ചു. സുനിൽ എൻ എസ്/ പൾസർ സുനി, മാർട്ടിൻ ആന്‍റണി, ബി. മണികണ്ഠൻ, വി പി വിജീഷ്, സലിം എച്ച്/ വടിവാൾ സലിം, പ്രദീപ്, ചാർലി തോമസ്, പി ഗോപാലകൃഷ്ണൻ/ ദിലീപ്, സനിൽ കുമാർ/ മേസ്തിരി സനിൽ, ശരത് ജി നായർ എന്നിവരാണ് കേസിലെ ഒന്ന് മുതൽ 10വരെയുള്ള പ്രതികൾ.
Content Highlights: Dileep Actress Case: how PT Thomas stood with survivor and how it trapped dileep