

ഇന്ത്യൻ ടീമിൽ നിന്ന് നിരന്തരം തഴയപ്പെടുമ്പോഴും ആഭ്യന്തര ക്രിക്കറ്റിൽ തന്റെ മിന്നും ഫോം തുടരുകയാണ് മുഹമ്മദ് ഷമി. നേരത്തേ രഞ്ജിയിലും ഇപ്പോൾ മുഷ്താഖ് അലി ട്രോഫിയിലും ബംഗാളിനായി തകർപ്പൻ പ്രകടനങ്ങളാണ് താരം പുറത്തെടുക്കുന്നത്.
കഴിഞ്ഞ ദിവസം ഹരിയാനക്കെതിരെ 30 റൺസ് വഴങ്ങി നാല് വിക്കറ്റാണ് ഷമി പോക്കറ്റിലാക്കിയത്. മത്സരത്തിൽ ബംഗാൾ പരാജയപ്പെട്ടെങ്കിലും ഷമി ആരാധകരുടെ കയ്യടി നേടി.
മുഷ്താഖ് അലി ട്രോഫിയിൽ ഇതിനോടകം ഏഴ് മത്സരങ്ങളിൽ നിന്ന് 16 വിക്കറ്റുകൾ ഷമി തന്റെ പേരിലാക്കി കഴിഞ്ഞു. അതിൽ 11 വിക്കറ്റുകളും പിറന്നത് കഴിഞ്ഞ മൂന്ന് മത്സരങ്ങളിലാണ്. ഹരിയാനക്കും സർവീസസിനുമെതിരെ നാല് വിക്കറ്റുകൾ വീഴ്ത്തിയ താരം പുതുച്ചേരിക്കെതിരെ മൂന്ന് വിക്കറ്റുകൾ സ്വന്തമാക്കി.
രഞ്ജിയിൽ അസമിനും ഗുജറാത്തിനുമെതിരെ തകർപ്പൻ പ്രകടനങ്ങളാണ് ഷമി കാഴ്ച്ച വച്ചത്. ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ വൈറ്റ് വാഷ് വഴങ്ങിയതിന് പിറകേ ഷമിയെ ടീമിലെടുക്കാത്തതിൽ രൂക്ഷ വിമർശനങ്ങളാണ് സെലക്ടർമാർക്കെതിരെ ഉയർന്നത്. സൗരവ് ഗാംഗുലി അടക്കം മുൻ താരങ്ങൾ പലരും താരത്തിന് പിന്തുണയുമായെത്തി.
ടി20 പരമ്പരയിലും ഷമിയുടെ അഭാവം ചർച്ചയായി. നിരന്തരമായ അവഗണനകളിൽ അഗാർക്കറിനെതിരെ തുറന്നടിച്ച് ഷമി നേരത്തേ രംഗത്തെത്തിയിരുന്നു. തന്റെ ഫിറ്റ്‌നസുമായി ബന്ധപ്പെട്ട അപ്‌ഡേറ്റുകൾ സെലക്ടർമാർക്ക് അയച്ച് കൊടുക്കൽ തന്റെ പണിയല്ല. എൻ.സി.എയിൽ അറ്റന്റ് ചെയ്യുന്നുണ്ട്.. നന്നായി പരിശീലനം നടത്തുന്നുണ്ട്… ആഭ്യന്തര ക്രിക്കറ്റ് കളിക്കുന്നുണ്ട്. ഇതൊക്കെ താൻ ചെയ്യുന്നുണ്ട്. ബാക്കി പണി സെലക്ടര്‍മാര്‍ എടുക്കട്ടെ എന്നും താരം തുറന്നടിച്ചു.