

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റക്കാരായ പ്രതികള്‍ക്ക് ഏറ്റവും വലിയ ശിക്ഷ ലഭിക്കണമെന്ന് നടന്‍ ലാല്‍. ഗുഢാലോചന സംബന്ധിച്ച് തനിക്ക് പരിമിതമായ അറിവാണ് ഉള്ളതെന്നും അഭിപ്രായം പറയുന്നതില്‍ അര്‍ത്ഥമില്ലെന്ന് തോന്നുന്നുവെന്നും ലാല്‍ പറഞ്ഞു. വോട്ട് രേഖപ്പെടുത്താനെത്തിയപ്പോഴായിരുന്നു ലാലിന്റെ പ്രതികരണം.
'ആ കുട്ടി അന്ന് വീട്ടിലേക്ക് കയറിവന്നപ്പോള്‍ അനുഭവിച്ച വിഷമവും സങ്കടവും പ്രശ്‌നങ്ങളുമൊക്കെ കേട്ടപ്പോള്‍ പ്രതികളായവരെയെല്ലാം കൊന്നുകളയണമെന്നാണ് തോന്നിയത്. കുറ്റക്കാരായ പ്രതികള്‍ക്ക് ഏറ്റവും വലിയ ശിക്ഷ കിട്ടണണെന്നാണ് ആഗ്രഹിക്കുന്നത്. കേസ് സുപ്രീം കോടതിയിലേക്ക് പോവുകയാണെങ്കില്‍ എന്തൊക്കെ എനിക്ക് ചെയ്യാനാകുമോ അതെല്ലാം ചെയ്യും', ലാല്‍ പറഞ്ഞു.
ഗൂഢാലോചനയെക്കുറിച്ച് അഭിപ്രായം പറയുന്നതില്‍ അര്‍ത്ഥമില്ലെന്നും ലാല്‍ പറഞ്ഞു. പൂര്‍ണ്ണമായി അറിയാത്ത കാര്യത്തെക്കുറിച്ച് അഭിപ്രായം പറയരുതെന്ന് വിശ്വസിക്കുന്നു. കുട്ടി വീട്ടിലേക്ക് വന്നപ്പോള്‍ ആദ്യം ബെഹ്‌റയെ ഫോണില്‍ വിളിക്കുന്നത് താനാണ്. അതിന് ശേഷമാണ് പി ടി തോമസ് വന്നത്. പ്രതിയായ മാര്‍ട്ടിനെ ആശുപത്രിയിലെത്തിക്കണം എന്ന് പി ടി തോമസ് സര്‍ പറഞ്ഞപ്പോള്‍ അവന്റെ അഭിനയം ശരിയല്ലെന്നും സംശയം തോന്നുന്നുവെന്നും താന്‍ പറയുകയായിരുന്നു. അത് ഉദ്യോഗസ്ഥരോടും പറഞ്ഞു. അത് താന്‍ ചെയ്ത വലിയ കാര്യമാണെന്ന് വിശ്വസിക്കുന്നുണ്ടെന്നും ലാല്‍ പറഞ്ഞു.
വിധി ശരിയാണോ തെറ്റാണോ എന്ന് പറയാന്‍ താന്‍ ആളല്ല. വിധി എന്തുകൊണ്ട് ഇങ്ങനെയായി എന്നും തനിക്ക് അറിയില്ല. വിധി പകര്‍പ്പ് പുറത്തുവരാതെ കൂടുതല്‍ പറയാന്‍ കഴിയില്ല. കുറ്റക്കാരന്‍ അല്ല എന്നാണോ മതിയായ തെളിവ് ഇല്ല എന്നാണോ കോടതി പറഞ്ഞതെന്ന് അറിയില്ല. താന്‍ വല്ലാത്തൊരു സമാധാനക്കേടിലാണ്. അതുകൊണ്ട് പെണ്‍കുട്ടിയെ വിധി വന്നശേഷം വിളിച്ചിട്ടില്ലെന്നും ലാല്‍ പ്രതികരിച്ചു.
Content Highlights: culprits in the actress attack case to get the maximum punishment said Actor Lal