

മലയാള സാമൂഹിക-രാഷ്ട്രീയ മണ്ഡലത്തിലും സിനിമാ മേഖലയിലും ഏറെ കോളിളക്കങ്ങൾ സൃഷ്ടിച്ച കേസാണ് കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവം. 2017 ഫെബ്രുവരി 17-ന് അങ്കമാലി അത്താണിക്ക് സമീപം സഞ്ചരിച്ചിരുന്ന വാഹനത്തിനുളളിൽ വെച്ചാണ് നടി ആക്രമണത്തിനിരയായത്. കേസിൽ എട്ട് വർഷത്തോളമായി വിചാരണയും വാദപ്രതിവാദങ്ങളുമെല്ലാം തുടരുകയായിരുന്നു. വിധി വരാൻ ഇനി മണിക്കൂറുകൾ മാത്രം. വിചാരണ കാലഘട്ടത്തിൽ നാടകീയമായ നിരവധി നാടകീയമായ ഏടുകളിലൂടെയായിരുന്നു നടി ആക്രമിക്കപ്പെട്ട കേസ് കടന്ന് പോയത്. 28 സാക്ഷികളാണ് വിചാരണയ്ക്കിടെ മൊഴിമാറ്റിയത്. അതിൽ പ്രമുഖ സിനിമാ താരങ്ങൾ മുതൽ ദിലീപിന്റെയും കാവ്യയുടെയും ബന്ധുക്കളും ജീവനക്കാരും ആശുപത്രിയിലെ ഡോക്ടർമാർ വരെയുണ്ടായിരുന്നു.

ചലച്ചിത്ര താരങ്ങളായ ഇടവേള ബാബു, ബിന്ദു പണിക്കർ, ഭാമ, സിദ്ധിഖ്, പ്രൊഡക്ഷൻ മാനേജർ ഷൈൻ, പ്രൊഡ്യൂസർ രഞ്ജിത് എന്നിവരാണ് സിനിമാ മേഖലയിൽ നിന്നും കേസിന്റെ വിചാരണ നടക്കുന്നതിനിടെ മൊഴി മാറ്റിയവർ. ഇവരുടെയെല്ലാം ആദ്യ മൊഴികൾ ദിലീപിന് ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് സ്ഥാപിക്കാൻ സഹായിച്ചവയായിരുന്നു.

ദിലീപ് തന്നെ ഉപദ്രവിക്കുന്നുണ്ടെന്നും സിനിമയിലെ അവസരങ്ങൾ തടയുന്നുണ്ടെന്നും അതിജീവിതയായ നടി അന്നത്തെ അമ്മ സംഘടനയുടെ ജനറൽ സെക്രട്ടറി ഇടവേള ബാബുവിന് പരാതി നൽകിയിരുന്നു. 2017 ജൂണിൽ പൊലീസിന് നൽകിയ മൊഴിയിൽ ഈ പരാതിയെക്കുറിച്ച് ഇടവേള ബാബു പറഞ്ഞിരുന്നു. അന്ന് ഇക്കാര്യത്തെക്കുറിച്ച് ദിലീപിനോട് ചോദിച്ചപ്പോൾ അനാവശ്യ കാര്യങ്ങളിൽ ഇടപെടരുതെന്ന താക്കീതാണ് തനിക്ക് ലഭിച്ചതെന്നും ബാബു പൊലീസിനോട് പറഞ്ഞിരുന്നു. എന്നാൽ പിന്നീട് മൊഴി മാറ്റി. സിനിമയിൽ അവസരങ്ങൾ തടയുന്നതിനെക്കുറിച്ച് നടി തന്നോട് പറഞ്ഞിട്ടില്ലെന്നായിരുന്നു ഇടവേള ബാബു കോടതിയിൽ മൊഴി മാറ്റിയത്.


അതിജീവിതയായ നടിയും ദിലീപും തമ്മിലുളള പ്രശ്‌നങ്ങളെക്കുറിച്ച് അറിയാമെന്നാണ് ബിന്ദു പണിക്കാർ ആദ്യം പൊലീസിന് നൽകിയ മൊഴി. ആക്രമിക്കപ്പെട്ട നടിയിൽ നിന്നും നടി കാവ്യാ മാധവനിൽ നിന്നുമാണ് ഇക്കാര്യങ്ങൾ അറിഞ്ഞത് എന്നായിരുന്നു ബിന്ദു പണിക്കർ പറഞ്ഞത്. എന്നാൽ 2020-ൽ വിചാരണയ്ക്കിടെ മൊഴിമാറ്റി. ദിലീപും കാവ്യാ മാധവനും തമ്മിലുളള ബന്ധം മഞ്ജു വാര്യരോട് അതിജീവിത പറഞ്ഞിരുന്നുവെന്നും അതിൽ ദിലീപിന് അവരോട് ദേഷ്യമുണ്ടായിരുന്നുവെന്നും പരസ്യമായി ഭീഷണിപ്പെടുത്തിയിരുന്നെന്നും ഭാമ മൊഴി നൽകിയിരുന്നു. എന്നാൽ വിചാരണയ്ക്കിടെ കോടതിയിൽ മൊഴി മാറ്റി. സിദ്ധിഖും ഇതേ കാര്യമാണ് മൊഴി നൽകിയിരുന്നത്. കോടതിയിൽ തനിക്ക് ഒന്നും അറിയില്ലെന്ന് സിദ്ധിഖും മൊഴിമാറ്റി പറഞ്ഞു.
ദിലീപിന്റെയും കാവ്യയുടെയും കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും പ്രോസിക്യൂഷൻ സാക്ഷികളായി ഉൾപ്പെടുത്തിയിരുന്നു. ദിലീപിന്റെ സഹോദരൻ അനൂപ്, അളിയൻ സൂരജ്, സുഹൃത്തും സംവിധായകനുമായ നാദിർഷ, ഭാര്യ കാവ്യാ മാധവൻ, കാവ്യയുടെ അമ്മ ശ്യാമള, കാവ്യയുടെ അച്ഛൻ മാധവൻ, കാവ്യയുടെ സഹോദരൻ മിഥുൻ, സഹോദരന്റെ ഭാര്യ റിയ എന്നിവരാണ് മൊഴി മാറ്റിയ കുടുംബാംഗങ്ങൾ.
പ്രൊഡക്ഷൻ മാനേജർ ഷൈൻ, പ്രൊഡ്യൂസർ രഞ്ജിത്, കാവ്യയുടെ ലക്ഷ്യ എന്ന സ്ഥാപനത്തിലെ ജീവനക്കാരൻ സാഗർ വിൻസെന്റ്, ദിലീപിന്റെ വീട്ടിലെ സെക്യൂരിറ്റിയായിരുന്ന ദാസൻ, ഡ്രൈവർ അപ്പുണ്ണി, കാവ്യയുടെ ഡ്രൈവർ സുനീർ, തൃശൂരിലെ ബിജെപി നേതാവ് ഉല്ലാസ് ബാബു, ബൈജു, ഐജി ദിനേശൻ, ഹോട്ടൽ ജീവനക്കാരി ഷേർളി അജിത്, സബിത, റൂബി വിഷ്ണു, അൻവർ മെമ്മോറിയൽ ആശുപത്രിയിലെ ഡോക്ടർ ഹൈദർ അലി, ഹൈദർ അലിയുടെ സഹോദരൻ സലിം എന്നിവരാണ് കേസിൽ മൊഴി മാറ്റിയ മറ്റുളളവർ.
2021 ഡിസംബറിൽ സംവിധായകൻ ബാലചന്ദ്രകുമാർ കേസുമായി ബന്ധപ്പെട്ട് നിർണായകമായ ഒരു ഓഡിയോ സന്ദേശം പുറത്തുവിട്ടു. ദിലീപും സംഘവും നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ ദിലീപിന്റെ വീട്ടിലിരുന്ന് കാണുന്നത് താൻ നേരിട്ട് കണ്ടുവെന്ന് ബാലചന്ദ്രകുമാർ അന്വേഷണ ഉദ്യോഗസ്ഥർക്ക് മൊഴി നൽകുകയും ചെയ്തു. ഇത്രയധികം പേർ മൊഴി മാറ്റി കേസ് പ്രതിസന്ധിയിലായ ഘട്ടത്തിൽ ഇതേ സിനിമാ മേഖലയിലെ മറ്റൊരാളുടെ മൊഴി അങ്ങനെ കേസിലെ നിർണായക വഴിത്തിരിവായി മാറി. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴിലാണ് കേസിലെ ഗൂഢാലോചനാ വാദത്തിൽ പ്രോസിക്യൂഷന് ശക്തിയായത്.
2017 ഫെബ്രുവരി 17നാണ് അങ്കമാലി അത്താണിക്ക് സമീപം വെച്ചാണ് അതിജീവിത സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞ് നിർത്തി ഒരുസംഘം അതിക്രമിച്ച് കയറിയത്. പിന്നീട് ഇവർ അതിജീവിതയെ ഓടിക്കൊണ്ടിരുന്ന വാഹനത്തിൽ വെച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കുകയും അപകീർത്തികരമായ വീഡിയോയും ചിത്രങ്ങളും പകർത്തുകയും ചെയ്തു. പിന്നാലെ അക്രമിസംഘം കടന്നു കളഞ്ഞു. സംഭവത്തിന് ശേഷം അതിജീവിത സംവിധായകനും നടനുമായ ലാലിൻ്റെ വസതിയിലാണ് അഭയം തേടിയത്. വിവരം അറിഞ്ഞ് സ്ഥലം എംഎൽഎ ആയിരുന്ന പി ടി തോമസ് ലാലിൻ്റെ വസതിയിലെത്തി അതിജീവിതയോട് വിവരങ്ങൾ ചോദിച്ചറിഞ്ഞു. പിന്നാലെ അതിജീവിത പൊലീസിൽ പരാതി നൽകുകയായിരുന്നു. 2017 ഫെബ്രുവരി 18ന് അതിജീവിത സഞ്ചരിച്ചിരുന്ന വാഹനത്തിൻ്റെ ഡ്രൈവറായ കൊരട്ടി പൂവത്തുശേരി മാർട്ടിൻ ആൻ്റണിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാർട്ടിൻ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് സിനിമാ രംഗത്ത് പ്രവർത്തിക്കുന്ന പൾസർ സുനി എന്ന സുനിൽ കുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് അതിജീവിതയെ ആക്രമിച്ചതെന്ന് വ്യക്തമായത്. ഇതിന് പിന്നാലെ പ്രതികൾ സഞ്ചരിച്ച രണ്ട് വാഹനങ്ങളും പൊലീസ് കണ്ടെത്തി.
2017 ജൂലൈ 10ന് ചോദ്യം ചെയ്യലിന് വിളിച്ച് വരുത്തിയ ദിലീപിനെ പൊലീസ് അറസ്റ്റ് ചെയ്തു. പിറ്റേന്ന് അങ്കമാലി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ദിലീപിനെ റിമാൻഡ് ചെയ്ത് ആലുവ സബ് ജയിലിലടച്ചു. ഇതിന് പിന്നാലെ അഭിനേതാക്കളുടെ സംഘടനയായ അമ്മ ദിലീപിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറസുനിൽ എൻ എസ്/ പൾസർ സുനി, മാർട്ടിൻ ആന്‍റണി, ബി. മണികണ്ഠൻ, വി പി വിജീഷ്, സലിം എച്ച്/ വടിവാൾ സലിം, പ്രദീപ്, ചാർലി തോമസ്, പി ഗോപാലകൃഷ്ണൻ/ ദിലീപ്, സനിൽ കുമാർ/ മേസ്തിരി സനിൽ, ശരത് ജി നായർ എന്നിവരാണ് കേസിലെ ഒന്ന് മുതൽ 10വരെയുള്ള പ്രതികൾ.
Content Highlights: First with the survivor; then with the hunter in court! Actress attack case