
പത്തനംതിട്ട: ശബരിമലയിലെ തിരുവാഭരണ രജിസ്റ്റര്‍ ഉള്‍പ്പെടെയുള്ള രേഖകൾ പരിശോധിക്കാന്‍ ഹൈക്കോടതി ഇടക്കാല ബെഞ്ചിന്റെ ഉത്തരവ്. വിരമിച്ച ഹൈക്കോടതി ജഡ്ജിയെ അന്വേഷണത്തിന് നിയോഗിച്ചു. ജസ്റ്റിസ് കെ ടി ശങ്കറിനാണ് അന്വേഷണ ചുമതല. അന്വേഷണം പൂര്‍ത്തിയാക്കി ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. അന്വേഷണം രഹസ്യ സ്വഭാവത്തിലെന്നാണ് സൂചന.
അതേസമയം ദ്വാരപാലക ശില്‍പ്പത്തിന്‍റെ സ്വർണപാളി അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയത് ദേവസ്വം മാന്വൽ ലംഘിച്ചാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. എല്ലാ അറ്റകുറ്റപ്പണിയും ശബരിമലയില്‍ തന്നെ നടത്തണമെന്ന നിര്‍ദേശം ദേവസ്വം ബോര്‍ഡ് ലംഘിച്ചെന്നാണ് ഹൈക്കോടതി പറഞ്ഞു. സ്വര്‍ണപ്പാളി സ്‌പോണ്‍സര്‍ക്ക് കൈമാറിയത് മാന്വലിന്റെ ലംഘനമാണെന്നും ദ്വാരപാലക ശില്‍പങ്ങളും പീഠങ്ങളും തിരിച്ചെത്തിക്കുമ്പോള്‍ ശരിയായ ഭാരം രേഖപ്പെടുത്തിയില്ലെന്നും കോടതി പറഞ്ഞു. മനപൂര്‍വമാണെങ്കിലും അല്ലെങ്കിലും ഭരണതലത്തില്‍ വീഴ്ച്ചയുണ്ടായി. ഇത് അംഗീകരിക്കാനാവാത്ത വീഴ്ച്ചയാണ്. സ്പോണ്‍സര്‍ 2019ല്‍ ശില്‍പങ്ങള്‍ അറ്റകുറ്റപ്പണിക്കെത്തിക്കാന്‍ 40 ദിവസം വൈകി. ഇക്കാര്യത്തില്‍ ചീഫ് വിജിലന്‍സ് ഓഫീസര്‍ അന്വേഷണം നടത്തണം. ദ്വാരപാലക പീഠം സ്പോണ്‍സറുടെ കൈവശമെന്നത് ഞെട്ടിക്കുന്നുവെന്നും ഹൈക്കോടതി ചൂണ്ടിക്കാണിച്ചു.
സെപ്റ്റംബർ എട്ടിനാണ് ദ്വാരപാലക ശില്‍പങ്ങളിലെ സ്വർണം പൂശിയ പാളികൾ അറ്റകുറ്റപണികൾക്കായി ചെന്നൈയിലേക്ക് കൊണ്ടുപോയത്. കോടതിയുടെ അനുമതി ഇല്ലാതെ അറ്റകുറ്റപ്പണികൾക്കായി സ്വർണപ്പാളികൾ മാറ്റിയത് വിവാദത്തിനിടയാക്കിയിരുന്നു. സ്വര്‍ണപ്പാളിയുടെ തൂക്കംകുറവ് സംബന്ധിച്ചും ഹെെക്കോടതി ചോദ്യം ഉന്നയിച്ചിരുന്നു.
തുടർന്ന് ലോഹത്തിന്റെ ഭാര നഷ്ടം ചീഫ് വിജിലന്‍സ് ആന്‍ഡ് സെക്യൂരിറ്റി ഓഫീസര്‍ വിശദമായി പരിശോധിച്ച് മൂന്നാഴ്ച്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശിക്കുകയും ചെയ്തിരുന്നു. അന്വേഷണവുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സഹകരിക്കണം. സത്യം വെളിച്ചം കാണട്ടെയെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
Content Highlight; High Court to inspect documents including the Thiruvabharanam register at Sabarimala