റിഷബിന്റെ പ്രസംഗം പണിയായി, 'കാന്താര 2' ബഹിഷ്കരിക്കുമെന്ന് തെലുങ്ക് പ്രേക്ഷകർ; റിലീസ് വഴിമുട്ടുമോ?

തെലുങ്കിൽ വന്നിട്ട് തങ്ങളുടെ ഭാഷയിൽ സംസാരിക്കാത്തത് ഭാഷയെ അപമാനിക്കുന്നതിന് തുല്യമാണെന്നാണ് പലരും സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്

റിഷബിന്റെ പ്രസംഗം പണിയായി, 'കാന്താര 2' ബഹിഷ്കരിക്കുമെന്ന് തെലുങ്ക് പ്രേക്ഷകർ; റിലീസ് വഴിമുട്ടുമോ?
dot image

തുടക്കം മുതൽ വിവാദങ്ങൾ വിടാതെ പിന്തുടർന്ന് സിനിമയാണ് കാന്താര ചാപ്റ്റർ 1 . സിനിമയുടെ ഷൂട്ടിനിടെ നടന്ന തുടർച്ചയായുള്ള അപകടങ്ങളും മരണങ്ങളും സിനിമയ്ക്ക് വില്ലനായി എത്തിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിനെ തേടി മറ്റൊരു വിവാദം കൂടി എത്തിയിരിക്കുകയാണ്. ചിത്രം തെലുങ്കിൽ പ്രദർശിപ്പിക്കില്ലെന്ന നിലപാടിലാണ് സിനിമാപ്രേമികൾ.

സോഷ്യൽ മീഡിയയിലാകെ ഇപ്പോൾ ചിത്രം ബോയ്‌കോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള ഹാഷ്ടാഗുകളും പോസ്റ്റുകളും ഉയരുകയാണ്. ചിത്രം ആന്ധ്രയിലും തെലങ്കാനയിലും പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്നാണ് ഇക്കൂട്ടരുടെ വാദം. കഴിഞ്ഞ ദിവസം നടന്ന റിഷബ് ഷെട്ടിയുടെ പ്രസംഗം ആണ് ഇതിന് കാരണം. കഴിഞ്ഞ ദിവസം ഹൈദരാബാദിൽ നടന്ന സിനിമയുടെ പ്രീ റിലീസ് ഇവന്റിൽ ഉടനീളം നടൻ റിഷബ് ഷെട്ടി കന്നഡയിൽ ആയിരുന്നു സംസാരിച്ചത്. ഇതാണ് ഇപ്പോഴുള്ള ബഹിഷ്‌കരണാഹ്വാനത്തിന് കാരണം. ആന്ധ്രയിൽ പ്രൊമോഷനായി വരുമ്പോൾ തെലുങ്കിലോ അല്ലെങ്കിൽ ഇംഗ്ലീഷിലോ സംസാരിക്കണം എന്നാണ് ഇക്കൂട്ടരുടെ ആവശ്യം. തെലുങ്കിൽ വന്നിട്ട് തങ്ങളുടെ ഭാഷയിൽ സംസാരിക്കാത്തത് ഭാഷയെ അപമാനിക്കുന്നതിന് തുല്യമാണെന്നാണ് പലരും സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്.

എന്നാൽ ഈ വിഷയത്തിൽ റിഷബോ സിനിമയുടെ നിർമാതാക്കളോ ഇതുവരെ പ്രതികരിച്ചിട്ടില്ല. ചിത്രം ഒക്ടോബർ രണ്ടിന് റിലീസിന് ഒരുങ്ങുകയാണ്. മലയാളികളുടെ പ്രിയതാരം ജയറാമും സിനിമയിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. റിഷഭ് ഷെട്ടി സംവിധാനം ചെയ്തു നായകനായി എത്തുന്ന സിനിമ വലിയ ബജറ്റിൽ ഒരുങ്ങുന്നതിനാൽ പ്രതീക്ഷകൾ വാനോളമാണ്. ചിത്രം ഐമാക്സ് സ്‌ക്രീനുകളിലും പുറത്തിറങ്ങുമെന്നാണ് നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്. ഇതോടെ വലിയ കളക്ഷൻ സിനിമയ്ക്ക് നേടാനാകും എന്ന് തന്നെയാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ. ചിത്രം ഒക്ടോബർ രണ്ടിന് തിയേറ്ററുകളിൽ എത്തും. കന്നഡ, മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് സിനിമ പുറത്തിറങ്ങുന്നത്.

2022 ൽ റിഷഭ് ഷെട്ടിയുടെ സംവിധാനത്തിൽ റിലീസ് ചെയ്ത് വൻ വിജയം നേടിയ കന്നഡ ചിത്രമാണ് കാന്താര. കന്നഡയിൽ ഇറങ്ങിയ ചിത്രം പിന്നീട് മികച്ച അഭിപ്രായം നേടിയതിനെ തുടർന്ന് വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റി എത്തുകയായിരുന്നു. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരവും റിഷഭിനെ തേടിയെത്തിയിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ് സിനിമ കേരളത്തിൽ എത്തിക്കുന്നത്.

കെജിഎഫ്, കാന്താര, സലാര്‍ തുടങ്ങിയ ബ്ലോക്ക്ബസ്റ്ററുകള്‍ നിര്‍മിച്ച ഇന്ത്യയിലെ മുന്‍നിര പാന്‍-ഇന്ത്യ പ്രൊഡക്ഷന്‍ ഹൗസായ ഹോംബാലെ ഫിലിംസാണ് കാന്താര ചാപ്റ്റര്‍ 1-ന്റെയും നിര്‍മാതാക്കള്‍. ഏറെ പ്രതീക്ഷയോടെയാണ് കാന്താര: ചാപ്റ്റര്‍ 1-നായി പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ‘കാന്താര: എ ലെജന്‍ഡ് ചാപ്റ്റര്‍ വണ്‍’ എന്നാണ് പ്രീക്വലിന് നല്‍കിയിരിക്കുന്ന പേര്. 150 കോടി ബഡ്ജറ്റിലാണ് കാന്താര ചാപ്റ്റർ 1 ഒരുങ്ങുന്നത്. പി ആർ ഒ. മഞ്ജു ഗോപിനാഥ്,ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്സ്ക്യൂറ, മാർക്കറ്റിംഗ് ആൻഡ് അഡ്വർടൈസിംഗ് ബ്രിങ് ഫോർത്ത്.

Content Highlights: Kantara 2 faces boycott in Telugu states

dot image
To advertise here,contact us
dot image