'സുകുമാരന്‍ നായരെ കണ്ടതില്‍ രാഷ്ട്രീയമില്ല': പതിവ് സന്ദര്‍ശനം മാത്രമെന്ന് കൊടിക്കുന്നില്‍ സുരേഷ്

ജി സുകുമാരൻ നായരെ മുതിർന്ന കോൺഗ്രസ് നേതാവ് പി ജെ കുര്യനും കഴിഞ്ഞ ദിവസം സന്ദർശിച്ചിരുന്നു

'സുകുമാരന്‍ നായരെ കണ്ടതില്‍ രാഷ്ട്രീയമില്ല': പതിവ് സന്ദര്‍ശനം മാത്രമെന്ന് കൊടിക്കുന്നില്‍ സുരേഷ്
dot image

കൊല്ലം: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരെ പെരുന്നയില്‍ പോയി കണ്ടതില്‍ രാഷ്ട്രീയമില്ലെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി. പതിവ് സന്ദര്‍ശനം മാത്രമായിരുന്നു അതെന്നും ചങ്ങനാശേരി ഉള്‍പ്പെടുന്ന സ്ഥലത്തെ എംപി എന്ന നിലയിലായിരുന്നു സന്ദര്‍ശനമെന്നും കൊടിക്കുന്നില്‍ സുരേഷ് വ്യക്തമാക്കി. നാട്ടിലെ വികസന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് സുകുമാരന്‍ നായരെ കണ്ടതെന്നും മറ്റ് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട സാഹചര്യമുണ്ടാകുമ്പോള്‍ ചര്‍ച്ച ചെയ്യുമെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.

'എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയെ പെരുന്ന എന്‍എസ്എസ് ആസ്ഥാനത്ത് കാണുകയുണ്ടായി. ചങ്ങനാശേരി ഉള്‍പ്പെടുന്ന ഭാഗത്തിന്റെ എംപി എന്ന നിലയില്‍ ആ ഭാഗത്തേക്ക് പോകുമ്പോഴെല്ലാം അദ്ദേഹത്തെ കാണുകയും സംസാരിക്കുകയും ചെയ്യുന്നത് പതിവാണ്. അതില്‍ രാഷ്ട്രീയ പ്രാധാന്യമില്ല. പതിവുസന്ദര്‍ശനത്തിന്റെ ഭാഗമായി കണ്ടു എന്നേയുളളു':എന്നാണ് കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞത്. വോട്ടുകള്‍ സംബന്ധിച്ച് കോണ്‍ഗ്രസിന് നിലപാടില്ലെന്ന് ജി സുകുമാരന്‍ നായര്‍ വിമര്‍ശിച്ചിരുന്നു. അതിനുപിന്നാലെയാണ് കൊടിക്കുന്നില്‍ സുരേഷിന്റെ സന്ദര്‍ശനമെന്നതും ശ്രദ്ധേയമാണ്.

ജി സുകുമാരൻ നായരെ മുതിർന്ന കോൺഗ്രസ് നേതാവ് പി ജെ കുര്യനും കഴിഞ്ഞ ദിവസം സന്ദർശിച്ചിരുന്നു. വൈകീട്ട് മൂന്നരയോടെ പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്തെത്തിയാണ് പി ജെ കുര്യൻ സുകുമാരൻ നായരെ കണ്ടത്. കൂടിക്കാഴ്ച അരമണിക്കൂറോളം നീണ്ടുനിന്നു. കോണ്‍ഗ്രസുമായി ഇടഞ്ഞ് നിൽക്കുന്ന സുകുമാരൻ നായരെ അനുനയിപ്പിക്കാനുള്ള നീക്കമാണിതെന്നാണ് കരുതുന്നത്. സുകുമാരൻ നായരുമായി വളരെ അടുത്ത ബന്ധം പുലർത്തുന്ന ആളാണ് പി ജെ കുര്യൻ. എന്‍എസ്എസിനെ അനുനയിപ്പിക്കണമെന്ന് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളടക്കം ആവശ്യപ്പെട്ടിരുന്നുവെന്ന സൂചനകളും ഇതിനിടെ പുറത്തുവന്നിരുന്നു.

Also Read:


ശബരിമല വിഷയത്തിൽ എൻഎസ്എസ് എൽഡിഎഫിനൊപ്പമാണെന്ന ജി സുകുമാരൻ നായരുടെ പ്രസ്താവനയാണ് വിവാദങ്ങൾക്കിടയാക്കിയത്. അയ്യപ്പ സംഗമം ബഹിഷ്‌കരിച്ച കോൺഗ്രസിനെ വിമർശിച്ച സുകുമാരൻ നായർ, കോൺഗ്രസിന് ഹിന്ദു വോട്ട് വേണ്ടെന്നും ശബരിമലയിൽ ആചാരം സംരക്ഷിക്കാൻ കേന്ദ്രം ഒന്നും ചെയ്യുന്നില്ലെന്നും ആരോപിച്ചിരുന്നു. രാഷ്ട്രീയ പാർട്ടികളോടുള്ള സമദൂര നിലപാടിൽനിന്നും എൻഎസ്എസ് വ്യതിചലിക്കുകയും ഇടതുപക്ഷത്തോട് അടുക്കുകയാണെന്നുമടക്കം പിന്നാലെ വിമർശനം ഉയർന്നിരുന്നു.

Content Highlights: 'no politics, it was a regular visit': kodikkunnil suresh about meeting g sukumaran nair

dot image
To advertise here,contact us
dot image