
2025ലെ ആരോഗ്യസംരക്ഷണ സൂചികയിൽ മികവുമായി ബഹ്റൈൻ. സിഇഒ വേൾഡ് മാഗസിൻ പുറത്തിറക്കിയ സൂചിക പ്രകാരം അറബ് രാജ്യങ്ങളിൽ അഞ്ചാം സ്ഥാനത്താണ് ബഹ്റൈൻ. ആഗോളതലത്തിൽ 54-ാം സ്ഥാനമാണ് ബഹ്റൈനുള്ളത്. 38.48 പോയിന്റാണ് ബഹ്‌റൈൻ ആരോഗ്യസംരക്ഷണ സൂചികയിൽ കരസ്ഥമാക്കിയത്.
അറബ് രാജ്യങ്ങളുടെ പട്ടികയിൽ യുഎഇയാണ് ഒന്നാം സ്ഥാനത്തുള്ളത്. ആഗോള തലത്തിൽ 17-ാം സ്ഥാനത്താണ് യുഎഇ. അറബ് രാജ്യങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള സൗദി അറേബ്യ ആഗോള തലത്തിൽ 37-ാം സ്ഥാനത്തുമുണ്ട്. അറബ് രാജ്യങ്ങളിൽ മൂന്നാമതുള്ള തുനീഷ്യ ആഗോള തലത്തിൽ 49-ാം സ്ഥാനത്തുണ്ട്.
മരുന്നുകളുടെ ലഭ്യത, അതിന്‍റെ വില, മെഡിക്കൽ അടിസ്ഥാന സൗകര്യങ്ങളും ജീവനക്കാരുടെ എണ്ണവും മേഖലയെ പിന്തുണക്കുന്നതിൽ സർക്കാറിന്റെ സന്നദ്ധത എന്നീ മൂന്ന് പ്രധാന മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ സൂചിക തയാറാക്കിയിരിക്കുന്നത്. സൂചകങ്ങളിൽ പല പ്രാദേശികരാജ്യങ്ങളെ അപേക്ഷിച്ച് ബഹ്‌റൈൻ ശക്തമായ പ്രകടനമാണ് കാഴ്ചവെച്ചത്.
മെഡിക്കൽ മേഖലയിലെ ബഹ്‌റൈന്റെ നിലവിലുള്ള നിക്ഷേപങ്ങളെ ഈ റാങ്കിങ് പ്രതിഫലിക്കുന്നതായി റിപ്പോർട്ട് പറയുന്നു. ഇത് രാജ്യത്തിന്റെ പ്രശസ്തി വർധിപ്പിക്കാനും കൂടുതൽ ആരോഗ്യപദ്ധതികളെയും നിക്ഷേപങ്ങളെയും രാജ്യത്തേക്ക് ആകർഷിക്കാനും സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പ്രതിപാദിക്കുന്നു.
Content Highlights: Bahrain excels in CEO World magazine's healthcare ranking