
ഏഷ്യാ കപ്പില്‍ കിരീടം നേടിയെങ്കിലും ഇന്ത്യൻ ടീമിന്‍റെ ബാറ്റിങ് ലൈനപ്പില്‍ മാറ്റം നിര്‍ദേശിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. പാകിസ്താനെ വീഴ്ത്തി കിരീടം നേടിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച തരൂർ ബാറ്റിങ് ലൈനപ്പിനെ രൂക്ഷമായി വിമർശിച്ചു. മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണെ ഓപ്പണിങ്ങിൽ നിന്ന് മാറ്റിയതടക്കമുള്ള ചില ചോദ്യങ്ങള്‍ ചോദിക്കാതിരിക്കാനാവില്ലെന്ന് ശശി തരൂര്‍ എക്സ് പോസ്റ്റില്‍ കുറിച്ചു.
'നമ്മുടെ വിജയത്തിൽ നിന്ന് ഒരു തരത്തിലും ശ്രദ്ധ തിരിക്കാതെ ചില ചോദ്യങ്ങൾ ചോദിക്കുന്നത് ന്യായമാണെന്ന് കരുതുന്നു. വലിയ വിജയമായ അഭിഷേക് ശര്‍മ-സഞ്ജു സാംസണ്‍ ഓപ്പണിംഗ് കൂട്ടുകെട്ടിനെ തകർത്തത് ശരിയായിരുന്നോ? ഓപ്പണിങ് ഇറങ്ങി മൂന്ന് തവണ സെഞ്ച്വറി നേടിയ സഞ്ജുവിനെ അത്ര പരിചിതമല്ലാത്ത മധ്യനിരയിലേക്ക് ഇറക്കേണ്ടതിന്‍റെ ആവശ്യമുണ്ടായിരുന്നോ? സഞ്ജുവിന് പകരം ഏഷ്യാ കപ്പില്‍ ഓപ്പണറായി ഇറങ്ങിയ ശുഭ്മന്‍ ഗില്ലിന്‍റെ പ്രകടനം ഈ മാറ്റത്തെ നീതികരിക്കുന്നതാണോ? സഞ്ജുവിനെ വീണ്ടും ഓപ്പണറാക്കുകയും ശുഭ്മാന്‍ ഗില്ലിനെ മൂന്നാം നമ്പറില്‍ കളിപ്പിക്കുകയും ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവ് അഞ്ചാം നമ്പറിലോ മറ്റോ ഇറങ്ങുകയും അല്ലേ വേണ്ടിയിരുന്നത്?' ശശി തരൂര്‍ ചോദിച്ചു. ഏഷ്യാ കപ്പിനായി ഇന്ത്യ തെരഞ്ഞെടുത്ത ടീമിനെ അഭിനന്ദിക്കാനും ശശി തരൂര്‍ മറന്നില്ല.
That said, it is fair to ask a few questions, without in any way detracting from our victory. Was it right to break up the hugely successful opening partnership of @abhisheksharm06 and @IamSanjuSamson, and relegate a three-time centurion to a middle slot where he was…
— Shashi Tharoor (@ShashiTharoor) September 29, 2025
അതേസമയം ദുബായിൽ നടന്ന കലാശപ്പോരിൽ അഞ്ച് വിക്കറ്റിനാണ് ഇന്ത്യ പാകിസ്താനെ വീഴ്ത്തിയത്. ഇന്ത്യയുടെ ഒൻപതാം ഏഷ്യാ കപ്പ് കിരീടമാണിത്. പാകിസ്താനെ 147 റൺസിന് എറിഞ്ഞൊതുക്കിയ ഇന്ത്യ രണ്ട് പന്തുകൾ ബാക്കിനിൽക്കെ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി വിജയലക്ഷ്യം മറികടന്നു. പുറത്താകാതെ 53 പന്തിൽ 69 റൺസെടുത്ത തിലക് വർമയാണ് ഇന്ത്യയുടെ വിജയശിൽപി.
Content Highlights: Shashi Tharoor unhappy with India breaking Sanju-Abhishek opening pair to accommodate Gill